ബ്രിട്ട്നി സ്പിയേഴ്സ് | Photos: instagram.com/britneyspears/
കഴിഞ്ഞ മാസമാണ് പ്രസിദ്ധ പോപ് ഗായിക ബ്രിട്നി സ്പിയേഴ്സും പങ്കാളി സാം അസ്ഖരിയും ആദ്യകുഞ്ഞിനെ വരവേൽക്കാനൊരുങ്ങുന്ന വിവരം പുറത്തുവിട്ടത്. 40-കാരിയായ ബ്രിട്നി ഗർഭിണിയാണെന്ന വിവരം ഇൻസ്റ്റാഗ്രാമിലൂടെയാണ് പങ്കുവെച്ചത്. എന്നാൽ കാത്തിരിപ്പ് വിഫലമായെന്നും ഗർഭം അലസിയെന്നുമുള്ള നിരാശപ്പെടുത്തുന്ന വാർത്തയാണ് ബ്രിട്നി ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്.
ഇൻസ്റ്റഗ്രാമിലാണ് ബ്രിട്നി ഇക്കാര്യം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഗർഭാവസ്ഥയുടെ തുടക്കത്തിൽ തന്നെ കുഞ്ഞിനെ നഷ്ടപ്പെട്ടുവെന്ന വിവരം അഗാധമായ ദുഃഖത്തോടെ അറിയിക്കുന്നു എന്നു പറഞ്ഞാണ് ബ്രിട്ട്നിയുടെ പോസ്റ്റ് ആരംഭിക്കുന്നത്. ഏതൊരു രക്ഷിതാവിനെയും തകർത്തുകളയുന്ന സമയമാണിത്. അൽപംകൂടി കാത്തിരുന്നതിനു ശേഷം പ്രഖ്യാപിച്ചാൽ മതിയായിരുന്നു എന്നും എന്നാൽ അമിത ആവേശത്താൽ നല്ലവാർത്ത പങ്കുവെക്കുകയായിരുന്നു എന്നും ബ്രിട്നി കുറിച്ചു. മനോഹരമായ കുടുംബം വിപുലീകരിക്കാനുള്ള ശ്രമം ഇനിയും തുടരും. ഈ കഠിനമായ സമയത്ത് തങ്ങൾക്ക് സ്വകാര്യത നൽകണമെന്ന് അഭ്യർഥിക്കുന്നുവെന്നും ബ്രിട്നി കുറിച്ചു.
മുൻഭർത്താവ് കെവിൻ ഫെഡെർലിനിൽ ബ്രിട്നിക്ക് 16-ഉം 15-ഉം വയസ്സുള്ള രണ്ട് ആൺകുട്ടികളുണ്ട്.
കഴിഞ്ഞ 13 കൊല്ലമായി അച്ഛൻ ജെയ്മി സ്പിയേഴ്സുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ ചൊല്ലി ബ്രിട്നി വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നു. അച്ഛനായിരുന്നു സാമ്പത്തികകാര്യങ്ങളിലടക്കം ബ്രിട്നി സ്പിയേഴ്സിന്റെ രക്ഷാകർതൃത്വചുമതല. ബ്രിട്നി മാനസികപ്രശ്നങ്ങൾ നേരിടുന്നുവെന്നു കാട്ടിയാണ് വിവാദ നിയമവ്യവസ്ഥപ്രകാരം ജെയ്മി അവരുടെ സാമ്പത്തികകാര്യങ്ങളടക്കം നിയന്ത്രിച്ചത്. എന്നാൽ, അച്ഛൻ ഈ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്നുവെന്നും അദ്ദേഹത്തിന്റെ രക്ഷാകർത്തൃത്വത്തിൽനിന്ന് തന്നെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് അവർ കോടതിയെ സമീപിച്ചു. ഏറെനാളത്തെ നിയമപോരാട്ടത്തിനൊടുവിൽ അച്ഛനെ കോടതി രക്ഷാധികാരി സ്ഥാനത്തുനിന്ന് നീക്കുകയും ചെയ്തിരുന്നു.
അച്ഛന്റെ സംരക്ഷണത്തിലായിരുന്ന സമയത്ത് താൻ ഗർഭനിരോധനമാർഗങ്ങൾ സ്വീകരിക്കാൻ നിർബന്ധിതയായെന്നും വീണ്ടും അമ്മയാകണമെന്ന തന്റെ ആഗ്രഹത്തെ അതു തടഞ്ഞെന്നും ബ്രിട്നി കോടതിയിൽ വികാരനിർഭരമായി പറഞ്ഞിരുന്നു. സാമിൽ കുഞ്ഞു ജനിക്കാനുള്ള തന്റെ ആഗ്രഹത്തെക്കുറിച്ചും അവർ വെളിപ്പെടുത്തിയിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..