വധു സഹോദരിക്കൊപ്പം നൃത്തം ചെയ്യുന്നു/ വരനും വധുവും | Photo: instagram/ kp.fitstyle
വിവാഹസമയത്തെ പല തരത്തിലുള്ള വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. വധുവിന്റെ നൃത്തവും ചടങ്ങിനിടെയുണ്ടാകുന്ന ചെറിയ അബദ്ധങ്ങളുമെല്ലാം ഇത്തരത്തില്‍ വാര്‍ത്തയാകാറുണ്ട്. അത്തരത്തില്‍ നമ്മുടെ ഹൃദയം നിറയ്ക്കുന്ന ഒരു വിവാഹ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്.
വിവാഹവുമായി ബന്ധപ്പെട്ട സംഗീത് ആഘോഷത്തില്‍ കാഴ്ച്ച പരിമിതിയുള്ള തന്റെ സഹോദരിയുമൊത്ത് വധു നൃത്തം ചെയ്യുന്നതാണ് ഈ വീഡിയോ. വധു കരിഷ്മ പട്ടേല്‍ തന്നെയാണ് ഇത് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ഇതിനൊപ്പം ഒരു കുറിപ്പും അവര്‍ പങ്കുവെച്ചിട്ടുണ്ട്.
'എന്റെ സഹോദരി ചാന്ദ്‌നിയുമൊത്ത് ഞാന്‍ നൃത്തം ചെയ്തു. കാഴ്ച്ചപരിമിതിയുള്ള വ്യക്തിയാണ് ചാന്ദ്‌നി. സംഗീത് ദിനത്തിലെ ആ നൃത്തം ഞാന്‍ ഒരിക്കലും മറക്കില്ല. കസിന്‍ സിസ്‌റ്റേഴ്‌സായ ദീപയും ദാമിനി പട്ടേലും ഞങ്ങളോടൊപ്പം ഡാന്‍സ് ചെയ്തു.
നൃത്തം തുടങ്ങുന്നതിന് മുമ്പ് ഞാന്‍ ചാന്ദ്‌നിയോട് സംസാരിക്കുകയായിരുന്നു. അവള്‍ കരച്ചിലിന്റെ വക്കത്തെത്തിയിരുന്നു. ഞാന്‍ വിവാഹിതയാകുന്നതിനാല്‍, എന്നെ വിട്ടുപിരിയേണ്ടി വരുന്നതിനാല്‍ അവള്‍ സങ്കടത്തിലായിരുന്നു. അതിനാല്‍ ഞാന്‍ അവള്‍ക്ക് സന്തോഷം നല്‍കാന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു. വിവാഹത്തോടെ ഞാന്‍ അവളെ വിട്ടുപിരിയില്ലെന്നും എന്നും കൂടെയുണ്ടാകുമെന്നും പറഞ്ഞ് ബോധ്യപ്പെടുത്തി. ഞങ്ങള്‍ തമ്മിലുള്ളത് പ്രത്യേക സ്‌നേഹ ബന്ധമാണ്. അവള്‍ എന്റെ ചേച്ചിയാണെങ്കിലും ഒരു അനിയത്തിയെ പോലെയാണ് കൊണ്ടുനടക്കാറുള്ളത്. അവളുടെ എല്ലാ കാര്യങ്ങളും നോക്കുന്നത് ഞാനാണ്. അവള്‍ നന്നായി പാട്ട് പാടും. വെല്‍ക്കം നൈറ്റിലും സംഗീത് ചടങ്ങിലും അവള്‍ മനോഹരമായി പാടി.' കരിഷ്മ പട്ടേല്‍ പോസ്റ്റില്‍ പറയുന്നു.
15 ലക്ഷം ആളുകളാണ് ഈ വീഡിയോ കണ്ടത്. 85000-ത്തോളം പേര്‍ ലൈക്കും ചെയ്തു. ഇരുവരേയും അഭിനന്ദിച്ച് നിരവധി പേര്‍ കമന്റും ചെയ്തിട്ടുണ്ട്. സഹോദര ബന്ധം ഇതുപോലെ ആയിരിക്കണമെന്നും ഇരുവരേയും അനുഗ്രഹിക്കുന്നുവെന്നും ആളുകള്‍ കമന്റില്‍ പറയുന്നു.
Content Highlights: bride dances with visually impaired sister wedding day pens emotional note
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..