അയിഷ | Photo: instagram.com|aishhhaaaa|
അടുത്തിടെയാണ് ഫോൺ പിടിച്ചുപറിക്കാനെത്തിയ രണ്ടുപേരെ കീഴടക്കി അവരിൽ നിന്ന് ഫോൺ തിരികെ വാങ്ങിയ പെൺകുട്ടിയുടെ വീഡിയോ വാർത്തകളിൽ നിറഞ്ഞത്. ഇതോടെ പെൺകുട്ടികൾ പ്രതികരിക്കാൻ പഠിക്കേണ്ടതിനെക്കുറിച്ച് നിരവധി കുറിപ്പുകളും വൈറലായിരുന്നു. ഇപ്പോഴിതാ തന്നെ കയറിപ്പിടിക്കാൻ ശ്രമിച്ച യുവാവിന് തിരിച്ചാക്രമിച്ച പെൺകുട്ടിയുടെ കുറിപ്പാണ് വൈറലാകുന്നത്.
ഡൽഹി സ്വദേശിയായ അയിഷ എന്ന പെൺകുട്ടിയാണ് ട്വിറ്ററിലൂടെ തന്റെ അനുഭവകഥ പങ്കുവച്ചിരിക്കുന്നത്. ഇന്ത്യാഗേറ്റിനു സമീപത്തുവച്ച് രാവിലെ ഏഴുമണിയോടെ ഒരാൾ തന്നെ കയറിപ്പിടിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നും ഉടൻതന്നെ അയാളുടെ കൈപിടിച്ച് തിരിക്കുകയും മുഖത്ത് അടിക്കുകയും മർമസ്ഥാനത്ത് ചവിട്ടുകയും ചെയ്തുവെന്ന് പെൺകുട്ടി കുറിച്ചു. തനിക്കത്രയും ശക്തിയുണ്ടായിരുന്നുവെന്ന് അന്നാണ് തിരിച്ചറിയുന്നതെന്നും പെൺകുട്ടി കുറിച്ചു.
നിറയെ ആളുകൾ ചുറ്റിനും ഉണ്ടായിരുന്ന സമയത്താണ് ഇതു സംഭവിക്കുന്നത്. ഒരുപാടുപേർക്ക് ഇത്തരത്തിൽ സംഭവിക്കുന്നുണ്ട്. തനിക്ക് അഞ്ചാംതവണയാണ് ഇങ്ങനെയുണ്ടാകുന്നത്, ശരിക്കും ക്ഷമ നശിച്ചാണ് അത്തരത്തിൽ ചെയ്തതെന്നും യുവതി കുറിച്ചു.
തനിക്ക് രണ്ടടി പിറകിലുണ്ടായിരുന്ന മാതാപിതാക്കൾ സംഭവം കണ്ടതോടെ അടുത്തേക്ക് വരികയും അച്ഛനും അയാളെ മർദിക്കുകയും ചെയ്തെന്ന് പെൺകുട്ടി പറയുന്നു.
കുറിപ്പ് വൈറലായതോടെ നിരവധി പേരാണ് പെൺകുട്ടിയെ പ്രശംസിച്ച് രംഗത്തെത്തിയത്. മാനസികനില ഇപ്പോൾ കുഴപ്പമില്ലല്ലോ എന്നും സഹായം ആവശ്യമാണോ എന്നും ചോദിച്ച് നിരവധി പേരാണ് തനിക്ക് മെസേജ് അയച്ചതെന്നും പെൺകുട്ടി പറയുന്നു. തനിക്ക് ലഭിച്ച സന്ദേശങ്ങൾ കണ്ട് മനസ്സു നിറഞ്ഞുവെന്ന് പെൺകുട്ടി കുറിച്ചു.
പെൺകുട്ടിയെ ഓർത്ത് അഭിമാനിക്കുന്നുവെന്നും പെൺകുട്ടികൾ കുട്ടിക്കാലം തൊട്ട് ആയോധനകലകൾ ശീലമാക്കേണ്ടതുണ്ടെന്നുമൊക്കെ പോകുന്നു കമന്റുകൾ. സമാന അനുഭവങ്ങൾ പങ്കുവച്ച് നിരവധി സ്ത്രീകളും ട്വീറ്റ് ചെയ്യുകയുണ്ടായി.
Content Highlights: Brave Delhi Girl Narrates How She Punched & Kicked Man Who Groped Her At India Gate
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..