അക്ഷയ് കുമാർ, കങ്കണ റണൗട്ട്, റിതേഷ് ദേശ്മുഖ് | Photo: instagram.com|akshaykumar|?hl=en| instagram.com|kanganaranaut|?hl=en| instagram.com|riteishd|?hl=en
ഈ മാസം പതിനാലിനാണ് അമ്മയ്ക്കൊപ്പം പുല്ലു പറിക്കാൻ പോയ ദളിത് പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായ വാർത്ത പുറത്തുവരുന്നത്. ഉത്തർപ്രദേശിലെ ഹത്രാസിലാണ് നാലുപേർ ചേർന്ന് പത്തൊമ്പതുകാരിയെ ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കിയത്. ഗുരുത പരിക്കുകളേറ്റ പെൺകുട്ടി മരിച്ച വാർത്ത പുറത്തുവന്നതിനു പിന്നാലെ നിരവധി പേരാണ് സംഭവത്തിൽ രോഷം പ്രകടിപ്പിച്ച് സമൂഹമാധ്യമത്തിൽ കുറിച്ചത്. പെൺകുട്ടിക്ക് നീതി ലഭ്യമാക്കണമെന്നും കുറ്റവാളികൾക്ക് ഉടൻ ശിക്ഷ ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ട് ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാർ, കങ്കണ റണാവത്ത്, റിതേഷ് ദേശ്മുഖ്, റിച്ച ഛദ്ദ തുടങ്ങിയവർ സമൂഹമാധ്യമത്തിൽ കുറിച്ചു.
ദേഷ്യവും നിരാശയും തോന്നുന്നു. അത്ര ക്രൂരതയാണ്. ഇതെന്നാണ് അവസാനിക്കുക? ബലാത്സംഗം ചെയ്യുന്നവരെ വിറപ്പിക്കുന്ന തരത്തിൽ കർശനമായ ശിക്ഷ നടപ്പിലാക്കണം. ഈ കുറ്റവാളികളെ തൂക്കിലേറ്റണം. പെൺകുട്ടികളെയും സഹോദരിമാരെയും സംരക്ഷിക്കാൻ നിങ്ങളുടെ ശബ്ദം ഉയർത്താം. നമുക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും ചെറിയ കാര്യമാണത്. - ബോളിവുഡ് താരം അക്ഷയ് കുമാർ കുറിച്ചു.
ഈ കുറ്റകൃത്യം ചെയ്തവരെ തൂക്കിലേറ്റണമെന്ന് നടൻ റിതേഷ് ദേശ്മുഖും എത്രനാൾ ഇതിങ്ങനെ തുടരാൻ അനുവദിക്കണമെന്ന് ഫർഹാൻ അക്തറും കുറിച്ചു.
നടി കങ്കണയും പ്രതിഷേധം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. ഈ കുറ്റവാളികളെ പരസ്യമായി വെടിവെക്കണമെന്നും ഓരോ വർഷവും കൂടിവരുന്ന ഈ കൂട്ടബലാത്സംഗം തടയാൻ എന്താണ് വഴിയെന്നും കങ്കണ കുറിച്ചു. രാജ്യത്തിന് ദുഃഖവും നാണക്കേടും തോന്നുന്ന ദിവസമാണ് ഇതെന്നും പെൺമക്കളെ പരാജയപ്പെടുത്തിയ നമ്മെയോർത്ത് ലജ്ജ തോന്നുന്നുവെന്നും കങ്കണ കുറിച്ചു.
അന്തസ്സോടെ ജീവിക്കാൻ എല്ലാവർക്കും അർഹതയുണ്ട്, കുറ്റവാളികളെ ശിക്ഷിക്കൂ എന്ന് നടി റിച്ഛ ഛദ്ദ കുറിച്ചു.
ഡൽഹി സഫ്ദർജങ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് യുവതിയുടെ മരണം. അമ്മയ്ക്കൊപ്പം പുല്ല് മുറിക്കാൻ വയലിൽ പോയപ്പോൾ നാലുപേർ ചേർന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു. ബലാത്സംഗം ചെറുക്കാൻ ശ്രമിച്ചതിന് കഴുത്തുഞെരിച്ചപ്പോൾ സ്വന്തം പല്ലിനിടയിൽക്കുടുങ്ങി യുവതിയുടെ നാവിൽ ഗുരുതരമായ മുറിവുണ്ടായിരുന്നു. ഇരുകാലും പൂർണമായും തളർന്നു. കൈകളുടെ ചലനശേഷി ഭാഗികമായി നഷ്ടപ്പെട്ടു. അലിഗഢ് ജെ.എൻ. മെഡിക്കൽ കോളേജ് ആശുപത്രി വെന്റിലേറ്ററിലായിരുന്ന യുവതിയെ തിങ്കളാഴ്ചയാണ് സഫ്ദർജങ്ങിലേക്കു മാറ്റിയത്.
സംഭവം നടന്ന് ദിവസങ്ങൾക്കു ശേഷമാണ് പ്രതികളെ പിടികൂടിയത്. പ്രതികളായ സന്ദീപ്, രാമു, ലവ്കുശ്, രവി എന്നിവർക്കെതിരേ കൊലക്കുറ്റം ചുമത്തുമെന്ന് ഹത്രാസ് എസ്.പി. അറിയിച്ചിട്ടുണ്ട്. യുവതിയെ 'ഉത്തർ പ്രദേശിന്റെ നിർഭയ' എന്ന് വിശേഷിപ്പിച്ചു കൊണ്ട് സംഭവത്തിനെതിരെ വ്യാപകമായ പ്രതിഷേധം സാമൂഹിക മാധ്യമങ്ങളിലും പുറത്തും നടക്കുന്നുണ്ട്.
Content Highlights: Bollywood Celebrities Demand Justice For 19-YO’s Gang-Rape In Hathras
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..