പ്രതീകാത്മകചിത്രം | Photo: Gettyimages.in
ഹൈദരാബാദ്: പെണ്‍കുട്ടികള്‍ ജനിച്ചാല്‍ അതിനെ കൊല്ലാന്‍കൂടി മടിക്കാത്തവര്ക്കിതാ ഒരു മാതൃക. ഈ ഗ്രാമത്തില്‍ എവിടെയെങ്കിലും ഒരു പെണ്‍കുട്ടി ജനിച്ചാല്‍ എല്ലാ ഗ്രാമവാസികളും ചേര്‍ന്ന് അത് ആഘോഷമാക്കും.
തെലങ്കാന സംഗാറെഡ്ഡി ജില്ലയിലെ ഹരിദാസ്പുര്‍ ആണ് ഈ സവിശേഷഗ്രാമം. ഒരിക്കല്‍ ഇവിടെ ഒരു വീട്ടില്‍ മൂന്നാമതും പെണ്കുഞ്ഞു പിറന്നപ്പോള്‍ കുടുംബത്തില്‍ മ്ലാനതയായി. ഇതറിഞ്ഞ സര്‍പഞ്ചും (ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്) വില്ലേജ് സെക്രട്ടറിയും അവിടെയെത്തി. ഗ്രാമീണപങ്കാളിത്തത്തോടെ ജനനം ആഘോഷമാക്കി. പെണ്കുഞ്ഞു ജനിച്ചാല്‍ ഐശ്വര്യമാണെന്നും മറ്റും ഗ്രാമത്തലവന്മാര് ഗ്രാമീണരെ പറഞ്ഞു മനസ്സിലാക്കി. ഇതോടെ ഹരിദാസ്പ്പുരില് എവിടെയെങ്കിലും ഒരു പെണ്കുഞ്ഞു പിറന്നാല്‍ അത് 'കന്യാവന്ദനം' എന്ന പേരില്‍ ആഘോഷമാക്കും.
ഈയിടെ ഈ ഗ്രാമത്തില്‍ 'കന്യാവന്ദനം' ആഘോഷത്തില്‍ ചില്‍ക്കുര്‍ ബാലാജി ക്ഷേത്ര മുഖ്യപൂജാരിയും തന്ത്രിമുഖ്യനുമായ സി.എസ്. രംഗരാജനും പങ്കെടുത്തു. അദ്ദേഹം തദവസരത്തില്‍ ഗ്രാമത്തിലെ എല്ലാ പെണ്‍കുട്ടികള്‍ക്കും സിന്ദൂരവും പ്രസാദവും സമ്മാനങ്ങളും നല്കി. ഈ ആഘോഷത്തില്‍ സര്‍പഞ്ച് ഷാഫിയും വില്ലേജ് സെക്രട്ടറി രോഹിത് കുല്‍ക്കര്‍ണിയും റവന്യൂവകുപ്പ് ഉദ്യോഗസ്ഥരും ഗ്രാമീണരും പങ്കെടുത്തു.
Content Highlights: birth of a baby girl is a big celebration in this village
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..