Courtesy: Instagram
ഒരാള്‍ ജീവിതത്തില്‍ നേരിടുന്ന വെല്ലുവിളികളില്‍ പ്രധാനപ്പെട്ടതാണ് മാനസികാരോഗ്യ പ്രശ്‌നങ്ങള്‍. ഒന്ന് പൊട്ടിക്കരയണമെന്ന് ആഗ്രഹിച്ചിട്ടും അതിന് സാധിക്കാത്ത നിരവധി പേര്‍ നമുക്കിടയിലുണ്ട്. ഇതിനിടയില്‍ താന്‍ നേരിട്ട മാനസികാരോഗ്യ ബുദ്ധിമുട്ടുകളെക്കുറിച്ച് മനസ്സ് തുറക്കുകയാണ് അമേരിക്കന്‍ മോഡല്‍ ബെല്ല ഹദീദ്. കണ്ണീരൊഴുക്കുന്ന നിരവധി ചിത്രങ്ങളാണ് ബെല്ല ഇതിന്റെ ഭാഗമായി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.
ഓരോ കാലത്തും താന്‍ നേരിട്ട അരക്ഷിതാവസ്ഥയെക്കുറിച്ചും ആശയക്കുഴപ്പത്തെക്കുറിച്ചുമൊക്കയാണ് 25 കാരിയായ ബെല്ല സംസാരിക്കുന്നത്.
എല്ലാവരും സമാന അവസ്ഥയിലൂടെ കടന്നുപോയിട്ടുണ്ടെങ്കിലും അതെല്ലാം എല്ലാവരും മറക്കുകയാണ്. എല്ലാവരും തങ്ങളുടെ ഉത്കണഠയും ആശങ്കകളുമൊക്കെ മറച്ചുപിടിക്കാനാണ് ശ്രമിക്കുന്നതെന്ന് ബെല്ല പറയുന്നു.
സോഷ്യല്‍ മീഡിയ അല്ല യഥാര്‍ഥ ജീവിതമെന്ന് തന്റെ 47 മില്ല്യണ്‍ വരുന്ന ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സിനെ ഓര്‍മിപ്പിക്കുകയാണ് ബെല്ല ഈ പോസ്റ്റിലൂടെ. ബെല്ലയുടെ ആരാധകര്‍ അവരെ മോഡലിങ് വേദികളിലാണ് കാണാറുള്ളത്. എപ്പോഴും ഫോട്ടോഷൂട്ടുകളില്‍ നിന്നും ഫാഷന്‍ മാഗസിനുകളിലെ ഗ്ലോസി പേജുകളില്‍ നിന്നുമുള്ള ഗ്ലാമറസ് ചിത്രങ്ങളാണ് അവര്‍ എപ്പോഴും കാണാറുള്ളത്. പക്ഷേ, ബെല്ല തന്റെ ഫോളോവേഴ്‌സിനെ ഓര്‍മിപ്പിക്കുന്നു; സോഷ്യല്‍ മീഡിയ യാഥാര്‍ഥ്യമല്ല. ആരെങ്കിലും ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെങ്കില്‍ അവര്‍ ഇക്കാര്യം ഓര്‍മിക്കണം.
കണ്ണീരൊഴുക്കിക്കൊണ്ടുള്ള നിരവധി സെല്‍ഫികളാണ് ബെല്ല പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതെന്റെ ജീവിതത്തിലെ ചില ദിവസങ്ങളായിരുന്നു എന്ന് ഈ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തുകൊണ്ട് ബെല്ല ഇന്‍സ്റ്റഗ്രാമില്‍ എഴുതി.
ചിലപ്പോള്‍ നിങ്ങള്‍ എല്ലാവരും കേള്‍ക്കും നിങ്ങള്‍ ഒറ്റയ്ക്കല്ല എന്ന്. അതുകൊണ്ട് എനിക്ക് നിങ്ങളോട് പറയാനുള്ളത് നിങ്ങള്‍ ഒറ്റയ്ക്കല്ല, ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു, ഞാന്‍ നിങ്ങളെ കാണുന്നു, ഞാന്‍ നിങ്ങളെ കേള്‍ക്കുന്നു.
ചില കെമിക്കലുകളുടെ ബാലന്‍സ് തെറ്റലാണ് മാനസിക ബുദ്ധിമുട്ടുകളായി കാണിക്കുന്നത്. ഉത്കണ്ഠയും സഹായിക്കാനാരും ഇല്ലെന്ന ചിന്തയും ആദ്യം തടസ്സമുണ്ടാക്കുമെങ്കിലും പിന്നീട് ജീവിതം പുനരാരംഭിക്കാന്‍ ഇടയാക്കുന്നു- ബെല്ല തന്റെ പോസ്റ്റില്‍ എഴുതിയിട്ടുണ്ട്.
ഞാന്‍ അനുഭവിച്ച ആ കാലം ഒരു റോളര്‍കോസ്റ്ററില്‍ പായുന്ന പോലെയായിരുന്നു. വഴിയില്‍ നിരവധി പ്രതിബന്ധങ്ങള്‍ ഉണ്ടാകാം. നിരവധി കയറ്റിറക്കങ്ങളും ഉണ്ടാകാം. എന്നാല്‍ ഇതിനെല്ലാം അവസാനം ആ റോളര്‍കോസ്റ്റര്‍ ശരിയായ പോയിന്റില്‍ എത്തിച്ചേരും- ബെല്ല കുറിച്ചു.
തന്റെ മാനസികാരോഗ്യത്തില്‍ ശ്രദ്ധിക്കുന്നതിനായി ജനുവരിയില്‍ ബെല്ല സോഷ്യല്‍ മീഡിയയില്‍ നിന്നും ഒരു ബ്രേക്ക് എടുത്തിരുന്നു. പിന്നീട് ഇന്‍സ്റ്റഗ്രാമില്‍ തിരിച്ചുവന്നതിന് ശേഷമാണ് ഈ പോസിറ്റീവ് കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
നിരവധി ആളുകളാണ് ബെല്ലയുടെ പോസ്റ്റിന് താഴെ അഭിനന്ദിച്ചുകൊണ്ടുള്ള കമന്റുകളുമായി എത്തിയിരിക്കുന്നത്.
Content Highlights: Bella Hadid shares crying selfies, opens up about breakdowns and burnouts
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..