പ്രതീകാത്മക ചിത്രം | Photo: Getty Images
ജീവിത പങ്കാളി മരിച്ചവരോ വിവാഹബന്ധം വേര്‍പ്പെടുത്തിയവരോ വീണ്ടും വിവാഹം ചെയ്യുന്നത് സാധാരണമാണ്. എന്നാല്‍ അതെല്ലാം തെറ്റായും പാപമായും അപമാനമായും കരുതുന്നവര്‍ ഇപ്പോഴുമുണ്ട്. പ്രത്യേകിച്ച് സ്ത്രീകള്‍ പുനര്‍വിവാഹം ചെയ്യുമ്പോഴാണ് പ്രശ്നങ്ങളുണ്ടാകുന്നത്.
എന്നാല്‍ സമൂഹത്തില്‍ നിന്നുള്ള എതിര്‍പ്പുകളെല്ലാം അവഗണിച്ച് ഒരു മകന് അമ്മയ്ക്ക് പുതിയൊരു ജീവിതം വാര്‍ത്തയാണ് മഹാരാഷ്ട്രയിലെ കോല്‍ഹാപുരില്‍ നിന്ന് വരുന്നത്. യുവരാജ് ഷെലെ എന്ന 23-കാരനാണ് തന്റെ 45-കാരിയായ അമ്മ രത്നയുടെ പുനര്‍വിവാഹം നടത്തിക്കൊടുത്തത്.
അഞ്ച് വര്‍ഷം മുമ്പാണ് രത്നയ്ക്ക് ഭര്‍ത്താവിനെ നഷ്ടപ്പെട്ടത്. റോഡപകടത്തിലായിരുന്നു ഭര്‍ത്താവിന്റെ മരണം. അന്ന് ഏകമകന് യുവരാജിന് 18 വയസ്സായിരുന്നു പ്രായം. പിന്നീട് രത്നയുടെ ജീവിതം മകന് വേണ്ടിയായിരുന്നു. എന്നാല്‍ ജീവിതത്തില്‍ തനിച്ചായ അമ്മയുടെ അരക്ഷിതാവസ്ഥയും അമ്മ നേരിടുന്ന സാമൂഹികവും വൈകാരികവുമായ പ്രശ്നങ്ങളും യുവരാജ് മനസ്സിലാക്കി. അമ്മയെ വീണ്ടും വിവാഹം കഴിപ്പിക്കുന്നതിനെ കുറിച്ച് ആലോചിച്ചു. സ്വന്തമായി ജോലി ചെയ്ത് വീട് നോക്കാന്‍ തുടങ്ങിയതോടെ അമ്മയോട് വിവാഹക്കാര്യം യുവരാജ് പറഞ്ഞു. ആദ്യം അമ്മ സമ്മതിച്ചില്ലെങ്കിലും ഒടുവില്‍ മകന്റെ നിര്‍ബന്ധത്തിന് വഴങ്ങി വിവാഹിതയായി.
വിധവകളായ സ്ത്രീകളെ വിവാഹം ചെയ്യുന്നത് ഇപ്പോഴും വലിയ പ്രശ്നമായി കാണുന്ന കോലാപൂരില്‍ നിന്ന് യുവരാജ് എതിര്‍പ്പുകള്‍ നേരിട്ടു. എന്നാല്‍ ചില ബന്ധുക്കളും സുഹൃത്തുക്കളും കൂടെ നിന്നു. പിന്നീട് വരന് വേണ്ടിയുള്ള അന്വേഷണമായി. മാരുതി ഗണ്‍വത് എന്ന വ്യക്തിയെ അമ്മയ്ക്കായി മകന് കണ്ടെത്തുകയും ചെയ്തു.
'അച്ഛന്റെ മരണം എനിക്ക് വലിയ ഷോക്കായിരുന്നു. അന്ന് എനിക്ക് 18 വയസ്സായിരുന്നു. അച്ഛന്റെ വേര്‍പാട് അമ്മയെ എത്രത്തോളം ബാധിച്ചുവെന്ന് ഞാന്‍ മനസ്സിലാക്കി. സമൂഹത്തില്‍ നിന്ന്പോലും മാറ്റിനിര്‍ത്തപ്പെട്ട് അമ്മ ജീവിച്ച അഞ്ച് വര്‍ഷങ്ങള്‍. വിധവയായതിനാല്‍ ചടങ്ങുകള്ക്ക്പോലും അമ്മയെ ബന്ധുക്കള്‍ വിളിക്കില്ല. 25 വര്‍ഷത്തോളം അച്ഛനും അമ്മയും ഒരുമിച്ച് ജീവിച്ചു. ഒരു പുരുഷനാണ് തന്റെ പങ്കാളി നഷ്ടപ്പതെങ്കില് സമൂഹം അയാളെ പുനര്‍വിവാഹത്തിന് നിര്‍ബന്ധിക്കുന്നത് കാണാം. ഇത് സ്ത്രീയാകുമ്പോള്‍ സമൂഹത്തിന്റെ സമീപനം മാറുകയാണ്. ആദ്യം അമ്മയോട് വിവാഹക്കാര്യം പറഞ്ഞപ്പോള്‍ സമ്മതിച്ചില്ല. എന്നാല്‍ ഞങ്ങളുടെ നിര്‍ബന്ധത്തിന് ഒടുവില്‍ അമ്മ വഴങ്ങി.' യുവരാജ് പറയുന്നു.
കുറച്ചു വര്‍ഷമായി ഒറ്റയ്ക്ക് താമസിക്കുന്ന വ്യക്തിയാണ് രത്നയെ വിവാഹം ചെയ്ത മാരുതി ഗണ്‍വത്. വിവാഹത്തിന് മുമ്പ് രത്നയെ കണ്ടു സംസാരിച്ചിരുന്നുവെന്നും ഒരു കുടുംബമായി ഒരുമിച്ച് ജീവിക്കാമെന്ന തീരുമാനത്തില്‍ എത്തുകയായിരുന്നെന്നും മാരുതി പറയുന്നു. മരിച്ചുപോയ ഭര്‍ത്താവിനെ മറക്കുക എന്നത് രത്നയെ സംബന്ധിച്ച് വലിയ പ്രയാസമുള്ള കാര്യമായിരുന്നെന്നും മാരുതി കൂട്ടിച്ചേര്‍ത്തു.
പുനര്‍വിവാഹത്തിന് ആദ്യം താന്‍ തയ്യാറല്ലായിരുന്നുവെന്നും ഭര്‍ത്താവിനെ മറക്കുന്നത് പ്രയാസമുള്ള കാര്യമായിരുന്നെന്നും രത്ന പറയുന്നു. ആ സ്ഥാനത്ത് മറ്റൊരാളെ സങ്കല്പിക്കാന് കഴിയുമായിരുന്നു. എന്നാല്‍ സമൂഹത്തില്‍ നിന്നുള്ള ഒറ്റപ്പെടലിനെ കുറിച്ച് ആലോചിച്ചപ്പോള്‍ തീരുമാനം മാറ്റുകയായിരുന്നെന്നും രത്ന പറയുന്നു.
Content Highlights: battling social stigma man gets widowed mother remarried
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..