കഴിഞ്ഞദിവസം വിവാഹിതരായ രോഹിണിക്കും അഭിലാഷിനുമൊപ്പം ആയിഷാബിയും മക്കളും|photo: mathrubhumi
കാഞ്ഞങ്ങാട്: 'എന്റെ മക്കളെ ഈ കൈകളിലേല്‍പ്പിക്കുന്നു. പൊന്നു പോലെ നോക്കണം'- ഒന്‍പതും പതിനൊന്നും വയസുള്ള കാര്‍ത്തുവിനെയും രോഹിണിയേയും കൈയ്യിലേല്‍പ്പിച്ച് ഒരച്ഛന്‍ നൊമ്പരത്തോടെ പറഞ്ഞ ഈ വാക്കുകളായിരുന്നു ഇക്കാലമത്രയും ആയിഷാബിയുടെ മനസു നിറയെ. വര്‍ഷങ്ങള്‍ക്കിപ്പുറം ഇക്കഴിഞ്ഞ ഞായറാഴ്ച 70 വയസുള്ള ഈ ഉമ്മ നെടുവീര്‍പ്പിട്ട് പറഞ്ഞു, 'രണ്ടാമത്തവളെയും കല്ല്യാണം കഴിച്ചയച്ചു. പെരുത്ത് സന്തോഷായി.'
കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ റോഡിലെ ' ആയിഷാസി'ല്‍ നിന്നു രോഹിണി കല്ല്യാണ മണ്ഡപത്തിലേക്കിറങ്ങിയപ്പോഴും വിവാഹം കഴിഞ്ഞ് വരനൊപ്പം കാറിലേക്കു കയറുമ്പോഴും ഈ ഉമ്മ പൊട്ടിക്കരയുകയായിരുന്നു.' എന്റെ പ്രിയപ്പെട്ട മോളാണ് പോകുന്നത്. എങ്ങിനെ കരയാതിരിക്കും'-ആയിഷുമ്മയുടെ വാക്കുകളില്‍ ഒപ്പമുണ്ടായിരുന്നവരുടെ കണ്ണും നിറഞ്ഞു.
കാഞ്ഞങ്ങാട്ടെ പരേതനായ ടി.എച്ച്. അഹമ്മദ് ഹാജിയുടെ ഭാര്യയാണ് ആയിഷാബി. 'ആയിഷാസി' ല്‍ വീട്ടു ജോലിക്കു നിന്നയാളുടെ സുഹൃത്ത് കരിക്കെ എള്ളുകൊച്ചിയിലെ തേര്‍ എന്ന കൃഷ്ണന്റെ മക്കളാണ് കാര്‍ത്തുവും രോഹിണിയും. ചന്ദ്രന്‍ പറഞ്ഞാണ് കൃഷ്ണന് ആയിഷാബിയെ പരിചയം. ഭാര്യ ഉപേക്ഷിച്ചു പോയി.
മിക്ക ദിവസങ്ങളും പട്ടിണി. തന്റെ മക്കളെ എങ്ങിനെ പോറ്റുമെന്ന് വേവലാതി കൊള്ളുമ്പോഴാണ് ആയിഷാബിയെ പരിചയപ്പെടുന്നത്. മറ്റൊന്നും ആലോചിച്ചില്ല മക്കളെ രണ്ടു പേരെയും കൃഷ്ണന്‍ ഈ ഉമ്മയെ ഏല്‍പ്പിച്ചു.
അവരെ എന്റെ മക്കള്‍ക്കൊപ്പമാണ് വളര്‍ത്തിയത് പത്താം തരം വരെ പഠിപ്പിച്ചു. രണ്ടു പേരെയും മെച്ചപ്പെട്ട ഇടത്തേക്കു കല്ല്യാണം കഴിച്ചുകൊടുത്തു'- ആയിഷാബി ' മാതൃഭൂമി'യോടു പറഞ്ഞു. നാലു വര്‍ഷം മുന്‍പാണ് കാര്‍ത്തുവിന്റെ കല്ല്യാണം കഴിഞ്ഞത്. ചുള്ളിക്കര സ്വദേശി സൂനീഷാണ് ഭര്‍ത്താവ്. ഇതേ നാട്ടിലെ അഭിലാഷ് ആണ് രോഹിണിയെ വിവാഹം ചെയ്തത്.
ശനിയാഴ്ച ഒപ്പനയും പാട്ടും ഡാന്‍സുമൊക്കെയായി മൈലാഞ്ചിക്കല്ല്യാണം. ഞായറാഴ്ച ഓഡിറ്റോറിയത്തില്‍ സ്വര്‍ണാഭരണങ്ങളണിഞ്ഞ് ഹൈന്ദവാചാരപ്രകാരം കല്ല്യാണം. ഇവരുടെ മക്കള്‍ സമീറും മുനീറും പ്രിയ 'സഹോദരി'യുടെ കൈപിടിച്ചു വരന് ഏല്‍പ്പിച്ചുകൊടുത്തു.
ആയിരത്തിലേറെപ്പേര്‍ ചടങ്ങില്‍ പങ്കെടുത്തു. സമീറിനും മുനീറിനും ഇവരുടെ സഹോദരി സാഹിറയ്ക്കുമൊപ്പമാണ് കാര്‍ത്തുവും രോഹിണിയും വളര്‍ന്നത്. മരുമകന്‍ ഇര്‍ഷാദ് ഹുസൈന്‍ ഉള്‍പ്പെടെ കുടുംബ വീട്ടുകാരെല്ലാം പറയുന്നത് ആയിഷാബിക്ക് മക്കള്‍ അഞ്ചു പേരെന്നാണ്. ഉമ്മയെ ഗള്‍ഫിലേക്കു കൊണ്ടുപോകുമ്പോള്‍ സമീറും മുനീറും കുഞ്ഞു 'സഹോദരി' മാരെയും കൂടെ കൂട്ടി.
പാസ്‌പോർട്ടിനു വേണ്ടി കരിക്കെ സ്‌കൂളിലെത്തി സര്‍ട്ടിഫിക്കറ്റുണ്ടാക്കിയതും ഇതിനായി മൈസൂരു കോടതിയില്‍ ഹര്‍ജി നല്‍കേണ്ടി വന്നതും സമീറും മുനീറും വിവരിക്കുന്നു.
Content Highlights: Ayeshabi,krishnan,daughters,adoption,lifestory
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..