ആഡം ഹൂപ്പർ | Photo: instagram/ adam hooper
ലോകം ചുറ്റിക്കറങ്ങുക എന്നത് എല്ലാവരുടേയും ആഗ്രഹങ്ങളുടെ പട്ടികയിലുണ്ടാകും. പലരും യാത്രാനുഭവങ്ങള്‍ പങ്കുവെച്ചത് നമ്മള് കൊതിയോടെ വായിക്കാറുമുണ്ട്. ഇത്തരത്തില്‍ ഓസ്ട്രേലിയക്കാരനായ ആഡം ഹൂപ്പര്‍ പെര്‍ത്തില്‍ നിന്ന് ബ്രിസ്ബെയ്നിലേക്ക് ഒരു യാത്ര നടത്താനൊരുങ്ങുകയാണ്. എന്നാല്‍ ആ യാത്രയ്ക്ക് ഒരു പ്രത്യേകതയുണ്ട്.
'ബേബി-മെയ്ക്കിങ് ടൂര്‍' എന്നാണ് ഈ യാത്രക്ക് ഹൂപ്പര്‍ നല്‍കിയിരിക്കുന്ന പേര്. 10 ദിവസത്തെ യാത്രക്കിടയില്‍ ഹൂപ്പറിനായി കാത്തിരിക്കുന്നത് ഒരു ഡസനോളം സ്ത്രീകളാണ്. കുട്ടികളില്ലാത്ത സ്ത്രീകള്‍ക്കും സ്വവര്‍ഗ ദമ്പതികള്‍ക്കും ബീജം ദാനം ചെയ്യുക എന്നതാണ് ഹൂപ്പറുടെ ഈ യാത്രയുടെ പിന്നിലെ ലക്ഷ്യം. ഓസ്ട്രേലിയയില്‍ ചൂടുള്ള ചര്‍ച്ചാവിഷയമാണ് ഇപ്പോള്‍ ഈ ടൂര്‍.
ബീജദാനത്തിന് പണം വാങ്ങുന്നത് ഓസ്ട്രേലിയയില്‍ നിയമവിരുദ്ധമാണ്. എന്നാല്‍ ഹൂപ്പറിന്റെ താമസം, യാത്ര, ഭക്ഷണം, മറ്റു ചിലവുകള്‍ എന്നിവയെല്ലാം ബീജം കാത്തിരിക്കുന്നവര്‍ വഹിക്കണം. ബീജദാതാവിന്റെ വിവരങ്ങള്‍ 18 വര്‍ഷം കഴിഞ്ഞേ കുഞ്ഞുങ്ങളേ അറിയിക്കാവൂ എന്നതും ഓസ്ട്രേലിയയിലെ നിയമമാണ്. എന്നാല്‍ ഇക്കാര്യത്തില്‍ ഹൂപ്പറിന് നിര്‍ബന്ധങ്ങളൊന്നുമില്ല. 18 വയസ് ആകുന്നതിന് മുമ്പ് കുട്ടികളോട് തന്റെ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ അമ്മമാര്‍ക്ക് അനുവാദം നല്കുന്നു. മാത്രമല്ല, ഹൂപ്പറിനെ വന്നു കാണാനും ആവശ്യമുള്ളപ്പോള്‍ വിളിക്കാനും കുട്ടികള്‍ക്ക് സാധിക്കും. ഇതെല്ലാമാണ് ഹൂപ്പറിന്റെ ബീജത്തിന് ആവശ്യക്കാര്‍ കൂടുതലുള്ളതും.
ഭാര്യയും രണ്ടു മക്കളുമുള്ള ഹൂപ്പറിന് ബീജദാനത്തിലൂടെ 20 കുട്ടികളാണ് ഇതുവരേയുള്ളത്. തന്റെ കുഞ്ഞുങ്ങളുടെ അമ്മമാര്‍ പരസ്പരം അറിയണമെന്നും കുട്ടികള്‍ തമ്മില്‍ ബന്ധം നിലനിര്‍ത്തണമെന്നാണ് ആഗ്രഹമെന്നും ഹൂപ്പര്‍ ഡെയ്ലി മെയ്ലിന് നല്കിയ അഭിമുഖത്തില്‍ പറയുന്നു.
1500-ല്‍ അധികം അംഗങ്ങളുള്ള 'സ്പേം ഡോണേഴ്സ് ഓസ്ട്രേലിയ' എന്ന ഗ്രൂപ്പു വഴിയാണ് ആവശ്യക്കാര്‍ ബീജദാതാക്കളെ കണ്ടെത്തുന്നത്. കോവിഡിന് ശേഷം ബീജം ദാനം ചെയ്യാന്‍ മുന്നോട്ടുവരുന്നവരുടെ എണ്ണം കുറഞ്ഞതായും സ്പേം ഡോണേഴ്സ് ഓസ്ട്രേലിയ നരീക്ഷിക്കുന്നു. അതേസമയം ഹൂപ്പറിനെപ്പോലെയുള്ളവരുടെ അനിയന്ത്രിതമായ ബീജദാനം കൂടുതല്‍ സ്ത്രീകളെ ഔദ്യോഗിക സംവിധാനങ്ങളുടെ പിന്തുണയില്ലാതെ ഗര്‍ഭം ധരിപ്പിക്കാന്‍ പ്രോത്സാഹിപ്പിക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുമുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..