ആതിയ ഷെട്ടിയും കെഎൽ രാഹുലും | Photo: instagram/ athiya shetty
ഇന്ത്യന്‍ ക്രിക്കറ്റ് താരം കെഎല്‍ രാഹുലുമായുള്ള വിവാഹ വാര്‍ത്ത തള്ളി കൂട്ടുകാരിയും ബോളിവുഡ് നടിയുമായ ആതിയ ഷെട്ടി. 'മൂന്നു മാസത്തിനുള്ളില്‍ നടക്കുന്ന വിവാഹത്തിന് എന്നെയും ക്ഷണിക്കുമെന്ന് കരുതുന്നു' പരിഹാസരൂപത്തില്‍ ആതിയ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു. വിവാഹക്കാര്യം സംബന്ധിച്ച് അഭ്യൂഹങ്ങള്‍ വ്യാപിക്കുന്നതിനിടയിലാണ് ആതിയയുടെ പ്രതികരണം.
കെഎല്‍ രാഹുലിന്റെ കുടുംബം ആതിയയുടെ വീട്ടുകാരെ കാണാന്‍ മുംബൈയില്‍ എത്തിയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വിവാഹശേഷം ഇരുവരും താമസിക്കാന്‍ ഉദ്ദേശിക്കുന്ന വീട്ടിലേക്കും കുടുംബത്തോടൊപ്പം പോയതായും റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇതെല്ലാം തള്ളി രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് താരം സുനില്‍ ഷെട്ടിയുടെ മകള്‍.
ശസ്ത്രക്രിയക്കായി രാഹുല്‍ ജര്‍മനിയിലെ മ്യൂണികിലേക്ക് പോയപ്പോള്‍ ആതിയയും കൂടെയുണ്ടായിരുന്നു. അവിടെ നിന്നുള്ള ചിത്രങ്ങള്‍ രാഹുല്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് വിവാഹവാര്‍ത്തകള്‍ പുറത്തുവന്നത്.
രാഹുലും ആതിയയും മൂന്നു വര്‍ഷത്തോളമായി പ്രണയത്തിലാണ്. കഴിഞ്ഞ വര്‍ഷം മുതലാണ് ഇരുവരും പൊതുവിടങ്ങളില്‍ ഒരുമിച്ച് പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയത്. ഇരുവരുടേയും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ഒരുമിച്ചുള്ള നിരവധി ചിത്രങ്ങളുമുണ്ട്. ഇടയ്ക്ക് ഒരു പരസ്യ ക്യാമ്പെയിനിലും രാഹുലും ആതിയയും പങ്കെടുത്തിരുന്നു.

ആതിയയുടെ സഹോദരന് അഹാന് ഷെട്ടി നായകനായ തഡപ് എന്ന ചിത്രത്തിന്റെ പ്രീമിയര്‍ വേളയിലാണ് രാഹുലും ആതിയയും ആദ്യമായി ക്യാമറകള്‍ക്ക് മുന്നില്‍ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടത്. ഇന്ത്യയുടെ ക്രിക്കറ്റ് മത്സരങ്ങള്‍ കാണാന്‍ ആതിയയും എത്താറുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..