ആശിഷ് വിദ്യാർഥി രജോഷി ബറുവയ്ക്കൊപ്പം, ആശിഷ് വിദ്യാർഥിയും റുപാലി ബറുവയും വിവാഹ ദിനത്തിൽ | Photo: Photo: PR/ Instagram/ Rajoshi Barua
പ്രശസ്ത താരം ആശിഷ് വിദ്യാർഥി പുനർ വിവാഹിതനായിട്ട് അധികനാളായില്ല. അസം സ്വദേശിയും ഫാഷൻ സംരംഭകയുമായ റുപാലി ബറുവയെയാണ് ആശിഷ് വിദ്യാർഥി വിവാഹം കഴിച്ചത്. ലളിതമായ പരമ്പരാഗത വസ്ത്രങ്ങൾ അണിഞ്ഞുള്ള ഇരുവരുടെയും വിവാഹചിത്രങ്ങൾ സാമൂഹികമാധ്യമത്തിൽ നിറഞ്ഞിരുന്നു. ഇപ്പോഴിതാ റുപാലിയെ ആദ്യമായി കണ്ടതിനെക്കുറിച്ചും ജീവിതത്തിൽ രണ്ടാമതൊരു വിവാഹം കഴിക്കാൻ തീരുമാനിച്ചതിനെ കുറിച്ചുമൊക്കെ പങ്കുവെച്ചിരിക്കുകയാണ് നടൻ.
ദി ടെലഗ്രാഫ്-t2 വിന് നൽകിയ അഭിമുഖത്തിലാണ് ആശിഷ് വിദ്യാർഥി വിവാഹത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുന്നത്. പിലു എന്നു വിളിക്കുന്ന ആദ്യഭാര്യ രജോഷി ബറുവയിൽ നിന്ന് കഴിഞ്ഞ വർഷമാണ് ആശിഷ് വിദ്യാർഥി വിവാഹമോചനം നേടിയത്. അതിനു ശേഷമാണ് താൻ ഒരിക്കൽ വ്ലോഗിങ് സംബന്ധമായ ജോലിക്കിടെ റുപാലിയെ കണ്ടുമുട്ടിയതെന്ന് ആശിഷ് വിദ്യാർഥി പറയുന്നു. അന്നുതൊട്ട് സംസാരിച്ചു തുടങ്ങി, ഇരുവരും വേദനകളിലൂടെ കടന്നുപോയവരാണെന്ന് തിരിച്ചറിഞ്ഞു. അഞ്ചു വർഷം മുമ്പാണ് റുപാലിക്ക് ഭർത്താവിനെ നഷ്ടമായത്, വീണ്ടും വിവാഹം കഴിക്കണമെന്ന് ആലോചിച്ചിരുന്നുമില്ല. എന്നാൽ ഇരുവരും കണ്ടുമുട്ടിയതോടെ വിവാഹത്തെക്കുറിച്ച് ചിന്തിക്കുകയായിരുന്നു എന്ന് ആശിഷ് പറയുന്നു.
റുപാലിക്ക് അമ്പതും തനിക്ക് അമ്പത്തിയേഴും വയസ്സായി. പ്രായം എത്ര ആയാലും നമുക്കോരോരുത്തർക്കും സന്തുഷ്ടരായി ഇരിക്കാനാവും. ഉത്തരവാദിത്തങ്ങൾ നിറവേറ്റുക എന്നതാണ് തന്നെ സംബന്ധിച്ചിടത്തോളം പ്രധാനകാര്യം. അതേസമയം തന്നെ മുൻഭാര്യയോട് വെറുപ്പോ വിദ്വേഷമോ ഇല്ലെന്നും ആശിഷ് പറയുന്നുണ്ട്.
എനിക്ക് പിലുവിനെ വെറുക്കാൻ കഴിയില്ല. ഞങ്ങൾ മനോഹരമായ വിവാഹത്തിന്റെ സന്തോഷകരമായ ഓർമകളുമായി മുന്നോട്ടു പോവുകയായിരുന്നു. പിലുവിനെ തന്റെ മകന്റെ അമ്മയായി മാത്രമല്ല കണ്ടിട്ടുള്ളത്. പിലു തന്റെ സുഹൃത്താണ്, ഭാര്യ ആയിരുന്നു. പിരിയുക എന്നത് ഒരുരാത്രി കൊണ്ടെടുത്ത തീരുമാനം അല്ലെന്നും ബന്ധം തുടരാൻ പരിശ്രമങ്ങൾ നടത്തിയെങ്കിലും ഫലം കാണാതെ വന്നതോടെയാണ് ഇരുവരും പിരിയാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറയുന്നു.
എന്നാൽ ഈ ഈ സംഭവിച്ചതെല്ലാം വേദനയില്ലാതെ ആയിരുന്നുവെന്ന് കരുതരുത് എന്നും അദ്ദേഹം പറയുന്നു. പിരിയുക എന്നത് വേദനാജനകം തന്നെയാണ്. അത് കഠിനവുമാണ്. താനും പിലുവും മകനും വേദനയിലൂടെ കടന്നുപോയി. എന്നാൽ അതിൽ തന്നെ തുടരണോ അതോ അതിനെ കൈകാര്യം ചെയ്യാൻ പഠിക്കണോ എന്ന ചോയ്സുണ്ട്- ആശിഷ് വിദ്യാർഥി പറഞ്ഞു.
കഴിഞ്ഞദിവസം രജോഷിയും സമാനമായ നിലപാടാണ് തന്റേതെന്ന് പങ്കുവെച്ചിരുന്നു. ആശിഷ് വിദ്യാർത്ഥിയുടെ പുനർവിവാഹവുമായി ബന്ധപ്പെട്ടുണ്ടായ വ്യാഖ്യാനങ്ങളെല്ലാം വിവേകശൂന്യമാണെന്നാണ് അവർ പറഞ്ഞത്. ആശിഷ് ഒരിക്കലും തന്നോട് വിശ്വാസവഞ്ചന കാണിച്ചിട്ടില്ലെന്നും പ്രചരിക്കുന്ന വാർത്തകളെല്ലാം തെറ്റാണെന്നും അവർ വ്യക്തമാക്കിയിരുന്നു. 2022- ഒക്ടോബറിലായിരുന്നു ആശിഷും രജോഷിയും ബന്ധം വേർപെടുത്തിയത്.
ബംഗാളി നടി ശകുന്തള ബറുവയുടെ മകളാണ് രാജോഷി. ടൈംസ് എഫ്എമ്മില്‍ റേഡിയോ ജോക്കിയായിരുന്ന അവര്‍ ഹിന്ദി സിനിമകളിലും സീരിയിലിലും അഭിനയിച്ചിട്ടുണ്ട്. ഇരുവരുടേയും മകന്‍ അര്‍ഥ് വിദ്യാര്‍ഥി യുഎസില്‍ പഠിക്കുകയാണ്.
Content Highlights: Ashish Vidyarthi opens up about divorce and meeting Rupali Barua
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..