ആഞ്ജലീന ജോളി
കഴിഞ്ഞ ഓഗസ്റ്റിൽ അഫ്ഗാനിസ്ഥാൻ താലിബാൻ പിടിച്ചെടുത്തതോടെ സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ നിഷേധിക്കുന്ന നിരവധി തീരുമാനങ്ങളും കൊണ്ടുവന്നിരുന്നു. വിദ്യാഭ്യാസം, തൊഴിൽ, സാമൂഹിക ഇടപെടലുകൾ തുടങ്ങിയവ സ്ത്രീകൾക്ക് നിഷേധിക്കപ്പെട്ട പ്രഖ്യാപനങ്ങളും വന്നിരുന്നു. ഇപ്പോഴിതാ അഫ്ഗാനിലെ പെൺകുട്ടികളുടെയും സ്ത്രീകളുടെയും നീതിനിഷേധങ്ങളെക്കുറിച്ച് ഹോളിവുഡ് താരം ആഞ്ജലീന ജോളി പങ്കുവെച്ച പോസ്റ്റാണ് വാർത്തയിൽ നിറയുന്നത്.
മനുഷ്യാവകാശ പ്രവർത്തനങ്ങളിലൂടെയും മറ്റും നിരന്തരം വാർത്തകളിൽ നിറയാറുള്ള താരമാണ് ആഞ്ജലീന. ഇക്കുറി അഫ്ഗാനിലെ പെൺകുട്ടികൾക്കു വേണ്ടിയാണ് ആഞ്ജലീന പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ഒരു അഫ്ഗാൻ പെൺകുട്ടിയിൽ നിന്ന് ലഭിച്ച കത്തു സഹിതമാണ് ആഞ്ജലീനയുടെ പോസ്റ്റ്.
പെൺകുട്ടിയുടെ സ്വകാര്യത സംരക്ഷിക്കാൻ പേര് മറച്ചുവെച്ചാണ് ആഞ്ജലീന പോസ്റ്റ് ചെയ്തിരിക്കുന്നത്. അഫ്ഗാനിസ്ഥാനിൽ നിന്ന് കാണാതായ വനിതാ ആക്റ്റിവിസ്റ്റുകളുടെ പേരും ആഞ്ജലീന പോസ്റ്റിൽ നൽകിയിട്ടുണ്ട്. ആലിയ അസീസി, പർവാനാ ഇബ്രാഹിംഖേൽ, മുർസൽ അയാർ, സാറാ മൊഹമ്മദി, ടമാനാ സറിയാബ് പര്യാനി തുടങ്ങിയവരുടെ പേരുകളാണ് പോസ്റ്റിലുള്ളത്.
താലിബാൻ അധികാരത്തിലെത്തിയതോടെ സ്കൂളിൽ പോകാൻ കഴിയാത്ത പെൺകുട്ടികളെക്കുറിച്ചാണ് കത്തിൽ പറയുന്നത്. സ്ത്രീയാണ് എന്നതുകൊണ്ടു മാത്രം ഇനി പുറത്തിറങ്ങാനോ എന്തിനധികം സംസാരിക്കാനോ പോലും കഴിയാതെ വരുമെന്നും കത്തിലുണ്ട്. സ്ത്രീകളുടെ അവകാശങ്ങൾ അപഹരിക്കപ്പെട്ടുവെന്നും അവർക്ക് ഒന്നും ചെയ്യാനുള്ള സ്വാതന്ത്ര്യമില്ലെന്നും കത്തിലുണ്ട്.
പ്രതിഷേധങ്ങൾക്കെതിരെ പ്രതികരിച്ച രണ്ടു സ്ത്രീകളെ അറസ്റ്റ് ചെയ്തതിനെക്കുറിച്ചും കത്തിൽ പറയുന്നുണ്ട്. അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്ക് എന്താണ് സംഭവിക്കുന്നതെന്ന് പിന്തുടരണമെന്നും അവരെ മറന്നിച്ചിട്ടില്ലെന്ന് ഉറപ്പു നൽകൂ എന്നും ആരാധകരോട് പറയുകയാണ് അഞ്ജലീന. രാത്രികളിൽ തോക്കിൻമുനകളിൽ പെൺകുട്ടികളെ കടത്തിക്കൊണ്ടുപോകുന്നതിനെക്കുറിച്ചും തുടർന്ന് അവർ കാണാതാവുന്നതിനെക്കുറിച്ചും ആഞ്ജലീന കുറിക്കുന്നു.
തുടർന്നുള്ള പോസ്റ്റിൽ അഫ്ഗാനിസ്ഥാനിലെ രണ്ട് വനിതാ പെയിന്റർമാരായ ഷംസിയ ഹസാനി, റദാ അക്ബർ തുടങ്ങിയവരുടെ പെയിന്റിങ്ങുകളും ആഞ്ജലീന പങ്കുവെച്ചിട്ടുണ്ട്. അഫ്ഗാൻ സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തെ ആദരിക്കുകയാണ് ആഞ്ജലീന.
Content Highlights: angelina jolie shares heart-wrenching letter from afghan girl, women rights in afghanistan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..