ആഞ്ജലീന ജോളി | Photo:A.P.
വാഷിങ്ടണ്‍: ഗാര്‍ഹിക പീഡനത്തിനെതിരായ നിയമം എത്രയും വേഗം നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഹോളിവുഡ് താരം ആഞ്ജലീന ജോളി ബുധനാഴ്ച കാപ്പിറ്റോള്‍ ഹില്ലിലെത്തി.
ഗാര്‍ഹിക പീഡനത്തിന് ഇരയാക്കപ്പെടുന്നവര്‍ക്ക് ചികിത്സയും നിയമസഹായവും ലഭിക്കുന്ന വിധത്തില്‍ നിയമം ഭേദഗതി ചെയ്യണമെന്ന് പത്രസമ്മേളനത്തിനിടെ അവര്‍ ആവശ്യപ്പെട്ടു. വീടുകളില്‍ നടക്കുന്ന അത്രിക്രമങ്ങള്‍ക്ക് ഇരയാകുന്ന കുട്ടികള്‍ക്ക് പുതിയ നിയമത്തില്‍ പിന്തുണ ഉറപ്പാക്കണമെന്നും ആഞ്ജലീന കൂട്ടിച്ചേര്‍ത്തു.
വീടുകളിലെ അക്രമങ്ങള്‍ നമ്മുടെ രാജ്യത്ത് ഒരു സാധാരണസംഭവമായി കാണുന്നുവെന്നത് വൃത്തികെട്ട സത്യമാണ്. വീടുകളിലെ അതിക്രമങ്ങള്‍ക്കു സാക്ഷിയാകേണ്ടി വരികയും ഇരയാക്കപ്പെടുകയും ചെയ്യുന്ന കുട്ടികള്‍ക്കുവേണ്ടിയും മറ്റ് ധാരാളമാളുകള്ക്കുവേണ്ടിയുമാണത്-അവര്‍ പറഞ്ഞു. സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ തടയുന്ന നിയമത്തിന്(വി.എ.ഡബ്ല്യു.എ.) വീണ്ടും അംഗീകാരം നല്‍കണമെന്നും അവര്‍ വികാരാധീനയായി ആവശ്യപ്പെട്ടു.
മുന്‍ ഭര്‍ത്താവും നടനുമായ ബ്രാഡ് പിറ്റ് മകന് മഡോക്സിനെ മനഃപൂര്‍വം ഇടിച്ചെന്ന് ആരോപിച്ച് ആഞ്ജലീന നിയമനടപടി സ്വീകരിച്ചിരുന്നു.
1994-ല്‍ ഗാര്‍ഹിക പീഡനം തടയുന്നതിനുള്ള ബില്‍ നിയമമാക്കിയപ്പോള്‍ അതിന് നേതൃത്വം നല്കാന് മുന്‍നിരയില്‍ ഉണ്ടായിരുന്നത് അന്ന് സെനറ്റംഗമായിരുന്ന യു.എസ്. പ്രസിഡന്റ് ജോ ബൈഡനായിരുന്നു.
2019-ല്‍ ബില്‍ പ്രതിനിധി സഭയില്‍ എത്തിയപ്പോള്‍ അന്ന് അത് നിയന്ത്രിച്ചിരുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങള്‍ അത് അവസാനവോട്ടിന് പോകാതെ തടഞ്ഞിരുന്നു.
സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ തടയുന്ന നിയമത്തിന് ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങളും അകമഴിഞ്ഞ പിന്തുണ നല്‍കിയിരുന്നു.
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്ന നിയമത്തിന് അംഗീകാരം നല്‍കണമെന്ന് ആവശ്യപ്പെട്ട രണ്ടു പാര്‍ട്ടികളിലും ഉള്‍പ്പെട്ട സെനറ്റംഗങ്ങളെ ജോ ബൈഡന് കഴിഞ്ഞദിവസം അഭിനന്ദിച്ചിരുന്നു.
ഗാര്‍ഹിക പീഡനം, ലൈംഗിക അതിക്രമം, ഡേറ്റിങ് അതിക്രമങ്ങള്‍ എന്നിവ ഡെമോക്രാറ്റുകളുടെയോ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെയോ മാത്രം പ്രശ്നം അല്ല. അത് നീതിയും അനുകമ്പയും വേണ്ട കാര്യമാണ്. കാലതാമസം കൂടാതെ ബില്ല് തന്റെ മേശയില്‍ എത്തുന്നതിനുവേണ്ടി കാത്തിരിക്കുകയാണ്-ബൈഡന് പറഞ്ഞു.
Content highlights: angelina jolie at us capitol presses for domestic violence law
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..