അമിതാഭ് ബച്ചനും ജയ ബച്ചനും | Photo: instagram/ abhishek bachchan
ബോളിവുഡിലെ താര ദമ്പതികളായ അമിതാഭ് ബച്ചന്റേയും ജയ ബച്ചന്റേയും വിവാഹ വാര്‍ഷികം കഴിഞ്ഞ ദിവസം ആഘോഷിച്ചിരുന്നു. ഇരുവരും വിവാഹിതരായിട്ട് 50 സുന്ദര വര്‍ഷങ്ങളാണ് പിന്നിട്ടത്. 1973 ജൂണ്‍ മൂന്നിനാണ് ജയയും അമിതാഭും ഒന്നിച്ചുള്ള ജീവിതം തുടങ്ങിയത്.
ഹൃഷികേശ് മുഖര്‍ജിയുടെ 'ഗുഡ്ഡി' എന്ന ചിത്രത്തിന്റെ സെറ്റിലായിരുന്നു ആദ്യ കൂടിക്കാഴ്ച്ച. എന്നാല്‍ ആ ചിത്രത്തില്‍ നിന്ന് അമിതാഭ് ബച്ചന്‍ പിന്നീട് പിന്മാറി. ജയ നായികയായി എത്തിയ സിനിമ അവരുടെ കരിയറിലെ മികച്ച സിനിമയായി മാറി.
അന്ന് ബച്ചന്‍ കൂടെ അഭിനയിച്ചില്ലെങ്കിലും അദ്ദേഹത്തിന്റെ സ്‌നേഹം നിറഞ്ഞ സംഭാഷണങ്ങള്‍ തങ്ങളുടെ ബന്ധത്തെ ദൃഢമാക്കിയെന്നും ആ സിനിമയില്‍ ബച്ചനും അഭിനയിക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോള്‍ രഹസ്യമായി സന്തോഷിച്ചിരുന്നുവെന്നും ജയ പിന്നീട് തുറന്നുപറഞ്ഞിട്ടുണ്ട്.
ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജയയുടെ ബിരുദദാന ചടങ്ങിലും ബച്ചന്‍ പങ്കെടുത്തതോടെ ഇരുവരും തമ്മിലുള്ള ബന്ധം കൂടുതല്‍ ആഴത്തിലുള്ളതായി. അന്ന് അഞ്ച് മണിക്കൂര്‍ ഡ്രൈവ് ചെയ്താണ് ബച്ചന്‍ ജയയെ കാണാനെത്തിയത്. അത് ജയയിലുണ്ടാക്കിയ ആനന്ദവും സന്തോഷവും ചെറുതല്ല.
വിലകൂടിയ കാഞ്ചീവരം സാരികള്‍ ജയയ്ക്ക് അമിതാഭ് ബച്ചന്‍ സമ്മാനിക്കാറുണ്ടായിരുന്നു. അതില്‍ അധികവും പര്‍പ്പിള്‍ ബോര്‍ഡറുള്ള വെള്ള സാരികളായിരുന്നു. ആ നിറം തനിക്ക് ചേരില്ലെന്ന് അറിയാമായിരുന്നിട്ടും ജയ അതെല്ലാം സന്തോഷത്തോടെ സ്വീകരിച്ചു. അഭിമാന്‍ എന്ന ചിത്രത്തില്‍ ഈ സാരികള്‍ അണിഞ്ഞ് ജയ പ്രത്യക്ഷപ്പെടുകയും ചെയ്തു.
ജയയുടെ നീണ്ട മുടി തന്നെ ആകര്‍ഷിച്ചുവെന്നും അവരോട് പ്രണയം തോന്നാന്‍ അത് പ്രധാന കാരണമാണെന്നും അമിതാഭ് പറഞ്ഞിട്ടുണ്ട്. കോന്‍ ബനേഗാ ക്രോര്‍പതിയുടെ ഒരു എപ്പിസോഡിലാണ് തന്റെ പ്രണയകഥ ബച്ചന്‍ വെളിപ്പെടുത്തിയത്.
പ്രണയത്തിലായ ശേഷം ഇരുവരും ഒരുമിച്ച് കാണാനുള്ള അവസരങ്ങള്‍ തിരഞ്ഞുകൊണ്ടേയിരുന്നു. അങ്ങനെയാണ് സഞ്ജീര്‍ എന്ന ചിത്രത്തില്‍ ഒരുമിച്ച് അഭിനയിക്കുന്നത്. ആ സിനിമ വിജയമായി മാറി. അത് ആഘോഷിക്കാനായി ലണ്ടനില്‍ പോകാന്‍ ഇരുവരും പദ്ധതിയുമിട്ടു.
എന്നാല്‍ വിവാഹം കഴിക്കാതെ അതിന് സമ്മതിക്കില്ലെന്ന് ബച്ചന്റെ അച്ഛന്‍ വ്യക്തമാക്കി. ഇതോടെ ഒക്ടോബറില്‍ വിവാഹിതരാകാന്‍ തീരുമാനിച്ച ഇരുവരും ചടങ്ങുകള്‍ ജൂണിലേക്ക് മാറ്റി. അങ്ങനെയാണ് 1973 ജൂണ്‍ മൂന്നിന് ജയയും അമിതാഭും വിവാഹിതരായത്. മുംബൈയില്‍ ലളിതമായ ചടങ്ങോടെയായിരുന്നു വിവാഹം.
Content Highlights: amitabh bachchan and jaya bachchans 50th wedding anniversary
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..