ഹാർട്ട് ഓഫ് സ്‌റ്റോണിന്റെ ഷൂട്ടിങ്ങിനിടയിൽ ആലിയ ഭട്ട് | Photo: instagram/ alia bhatt
ബോളിവുഡ് നടി ആലിയ ഭട്ടിന് ഇപ്പോള്‍ നല്ലകാലമാണ്. ഗംഗുബായ് കത്തിയവാഡി എന്ന ചിത്രം ബോക്‌സോഫീസ് കളക്ഷന്‍ റെക്കോഡുകള്‍ ഭേദിച്ചതിനൊപ്പം നിരൂപക പ്രശംസയും പിടിച്ചുപറ്റി. ഇതിന് പിന്നാലെ ആലിയ അഭിനയിച്ച തെലുങ്ക് ചിത്രം 'ആര്‍ആര്‍ആര്‍'-ഉം ബോക്സോഫീസിൽ ഹിറ്റായി.
ആലിയ ഭട്ട് തന്നെ നിര്‍മിച്ച ഡാര്‍ലിങ്‌സ് നെറ്റ്ഫ്‌ളിക്‌സില്‍ റിലീസിന് ഒരുങ്ങുകയാണ്. ഈ ചിത്രവും ഹിറ്റാകുമെന്നാണ് ആരാധകരുടെ കണക്കുകൂട്ടല്‍. അയാന്‍ മുഖര്‍ജിയുടെ ബ്രഹ്മാസ്ത്രയും ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. അതിനൊപ്പം ഹോളിവുഡ് ചിത്രത്തിലും അരങ്ങേറ്റത്തിനൊരുങ്ങുകയാണ് ക്യൂട്ട് ആലിയ. ഹോളിവുഡ് ആക്ഷന്‍ ചിത്രം ഹാര്‍ട്ട് ഓഫ് സ്റ്റോണിലാണ് താരം അഭിനയിക്കുന്നത്.ഹോളിവുഡ് നടി ഗല്‍ ഗദോത്, നടന്‍ ജെയ്മി ഡോര്‍മല്‍ എന്നിവരോടൊപ്പമാണ് ആലിയ വേഷമിടുന്നത്. ഈ ത്രില്ലര്‍ മൂവി സംവിധാനം ചെയ്യുന്നത് ടോം ഹാര്‍പര്‍ ആണ്.
കഴിഞ്ഞയാഴ്ച്ച ഈ സിനിമയുടെ ഷൂട്ടിങ് പൂര്‍ത്തിയതായി ആലിയ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ അറിയിച്ചിരുന്നു. താരങ്ങള്‍ക്കൊപ്പമുള്ള ചിത്രങ്ങളും ആലിയ പങ്കുവെച്ചിരുന്നു. ഇതിനു പിന്നാലെ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഷൂട്ടിങ് അനുഭവത്തെ കുറിച്ചും ഗര്‍ഭിണിയായതിനാല്‍ നേരിട്ട വെല്ലുവിളികളെ കുറിച്ചും മനസുതുറക്കുകയാണ് ആലിയ.
'എന്റെ ആദ്യത്തെ ഹോളിവുഡ് ചിത്രവും ആക്ഷന്‍ ചിത്രവുമാണ് ഹാര്‍ട്ട് ഓഫ് സ്റ്റോണ്‍. ഗര്‍ഭിണി കൂടി ആയതിനാല്‍ എനിക്കു കൈകാര്യം ചെയ്യേണ്ട കാര്യങ്ങള്‍ ഒരുപാടുണ്ടായിരുന്നു, പക്ഷേ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ എല്ലാം അനായാസമാക്കി. എന്നെ അവര്‍ നന്നായി പരിചരിച്ചു. എനിക്കുവേണ്ട സഹായങ്ങളെല്ലാം ചെയ്തു. അതിനു ഞാന്‍ എന്നും നന്ദിയുള്ളവളായിരിക്കും.
പ്രത്യേകിച്ച് ലണ്ടനിലെ ഷൂട്ടിങ് ദിവസങ്ങള്‍ ഞാന്‍ ഒരിക്കലും മറക്കില്ല. അന്നു എനിക്കു വീട്ടില്‍ പോകാന്‍ എപ്പോഴും തോന്നും. ഞാന്‍ എങ്ങനെയോ പിടിച്ചുനില്‍ക്കുയായിരുന്നു.' ആലിയ പറയുന്നു.
ഈ വര്‍ഷം ഏപ്രില്‍ 14-നാണ് ആലിയയും രണ്‍ബീര്‍ കപൂറും വിവാഹിതരായത്. അഞ്ചു വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. ഒരു മാസം മുമ്പ് ഗര്‍ഭിണിയാണെന്ന സന്തോഷ വാര്‍ത്ത ആലിയ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. 'ഞങ്ങളുടെ കുഞ്ഞ്, ഉടനെ വരുന്നു' എന്ന കുറിപ്പോടെ സ്‌കാനിങ് മുറിയില്‍ ഇരുവരും ഇരിക്കുന്ന ചിത്രമാണ് ആലിയ പങ്കുവെച്ചത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..