ആലിയ ഭട്ട് രൺബീർ കപൂറിനൊപ്പം | Photo: instagram/ alia bhatt
ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ വാര്‍ത്ത കഴിഞ്ഞ ദിവസമാണ് ബോളിവുഡ് താരം ആലിയ ഭട്ട് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ഗര്‍ഭിണിയാണെന്നും തനിക്കും രണ്‍ബീറിനും ഒരു കുഞ്ഞ് ജനിക്കാന്‍ പോകുന്നു എന്നുമായിരുന്നു ആലിയ പോസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ആരാധകരും ആശംസകളുമായി രംഗത്തെത്തി.
വിവാഹശേഷം ലണ്ടനില്‍ പോയ ആലിയ തന്റെ ആദ്യ ഹോളിവുഡ് ചിത്രമായ ഹാര്‍ട്ട് ഓഫ് സ്റ്റോണിന്റെ ഷൂട്ടിങ് തിരക്കിലായിരുന്നു. ഇതിനിടയിലാണ് ഗര്‍ഭിണിയാണെന്ന വാര്‍ത്ത താരം പുറത്തുവിട്ടത്. ഇതോടെ ആലിയയുടെ ആരോഗ്യസംരക്ഷണത്തെ കുറിച്ചും ഗര്‍ഭകാല പരിചരണത്തെ കുറിച്ചുമെല്ലാം പോസ്റ്റുകള്‍ വന്നുതുടങ്ങി. ആലിയയെ ലണ്ടനില്‍ നിന്ന് കൂട്ടിക്കൊണ്ടുവരാന്‍ രണ്‍ബീര്‍ എത്തുമെന്നും വാര്‍ത്തകള്‍ പുറത്തുവന്നു. ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ട ആലിയ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്.
ഇന്‍സ്റ്റഗ്രാമില്‍ വന്ന ഒരു കുറിപ്പിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതം താരം ഇതിനെല്ലാം മറുപടി നല്‍കി. 'ചിലര്‍ ഇപ്പോഴും വിചാരിക്കുന്നത് നമ്മള്‍ പുരുഷാധിപത്യ ലോകത്ത് ജീവിക്കുന്നു എന്നാണ്. ഞാന്‍ ഗര്‍ഭിണിയായതു മൂലം ഒരു ഷൂട്ടിങ്ങും വൈകിയിട്ടില്ല. ആരും എന്നെ ചുമക്കേണ്ട ആവശ്യവുമില്ല. ഞാന്‍ ഒരു സ്ത്രീയാണ്. പാഴ്‌സല്‍ അല്ല. എനിക്ക് വിശ്രമിക്കേണ്ട ആവശ്യമില്ല. അതിന് ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റും ഉണ്ടെന്ന് നിങ്ങള്‍ അറിയുന്നത് നല്ലതാണ്. ഇത് 2022 ആണ്. ഈ ഇടുങ്ങിയ, പഴയ ചിന്താഗതിയില്‍ നിന്ന് ഇപ്പോഴെങ്കിലും പുറത്തുകടക്കാമോ? എങ്കില്‍ ഞാന്‍ പോകട്ടെ. എന്റെ ഷോട്ട് റെഡിയായിട്ടുണ്ട്.' ആലിയ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ കുറിച്ചു.

'ഞങ്ങളുടെ കുഞ്ഞ്, ഉടനെ വരുന്നു' എന്ന കുറിപ്പോടെ സ്‌കാനിങ് മുറിയില്‍ നിന്ന് രണ്‍ബീറിനൊപ്പമുള്ള ചിത്രമാണ് ആലിയ കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ഏപ്രില്‍ 14 നാണ് ആലിയയും രണ്‍ബീറും വിവാഹിതരാകുന്നത്. അഞ്ച് വര്‍ഷങ്ങള്‍ നീണ്ട പ്രണയമാണ് വിവാഹത്തിലെത്തിയത്. ബ്രഹ്മാസ്ത്ര എന്ന ചിത്രമാണ് ഇരുവരുടേതായി ഇനി പുറത്തിറങ്ങാനുള്ളത്. ആര്യന്‍ മുഖര്‍ജിയാണ് ചിത്രത്തിന്റെ സംവിധായകന്‍.
Content Highlights: alia bhatt fumes at reports of ranbir kapoor picking her up from work
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..