അമ്മാളുക്കുട്ടിയമ്മ വീട്ടിൽ ചിത്രരചനയിൽ | ഫോട്ടോ: പി.കൃഷ്ണപ്രദീപ്
തൊണ്ണൂറാം വയസ്സിലും പുത്തൻവീട്ടിൽ അമ്മാളുക്കുട്ടിയമ്മയുടെ ആനന്ദം വരകളിലും നിറക്കൂട്ടുകളിലുമാണ്. കൊമ്മേരിയിലെ പുതുശ്ശേരികണ്ടിപറമ്പിലെ അമ്മാളുക്കുട്ടിയമ്മയുടെ വീട്ടിലെ സ്വീകരണമുറിയിലെത്തുന്നവർക്ക് ചുമർ നിറയെ ഒട്ടിച്ച ചിത്രങ്ങൾ കൗതുകമുണർത്തുന്ന കാഴ്ചയാണ്.
ശ്രീകൃഷ്ണനും ശ്രീരാമനും നെഹ്രുവുമൊക്കെ വിപുലമായ ആ ചിത്രശേഖരത്തിലുണ്ട്. സാധാരണ അമ്മൂമ്മമാർ മുറുക്കാനും കുഴമ്പും കഷായവുമൊക്കെ ആവശ്യപ്പെടുമ്പോൾ അമ്മാളുക്കുട്ടിയമ്മയ്ക്ക് വേണ്ടത് പെൻസിലും സ്കെച്ച് പെന്നും വിലകുറഞ്ഞ ചായക്കൂട്ടുകളുമാണ്. മക്കളും കൊച്ചുമക്കളും സന്തോഷത്തോടെ അത് നൽകി അമ്മയുടെ കലാപ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കും.
വരയ്ക്കാനുള്ള വാസനയും സർഗപരമായ സിദ്ധിയും ഞങ്ങൾക്കൊന്നും ദൈവം തന്നില്ലെന്നാണ് മകൾ കനകവല്ലി പറയുന്നത്. അടുത്തുള്ള അങ്കണവാടിയിലെ കുട്ടികൾക്ക് അവർ ആവശ്യപ്പെടുന്ന ചിത്രങ്ങൾ അമ്മ മടിയില്ലാതെ വരച്ചുകൊടുക്കും. അതിന് ചാരുത പകരാൻ ചിലപ്പോൾ ക്യൂട്ടക്സും കൺമഷിയുമൊക്കെയാണ് ഉപയോഗിക്കാറ്. പതിനെട്ടാമത്തെ വയസ്സിൽ ഒരു കണ്ണിന് കാഴ്ച നഷ്ടമായി. ഒറ്റക്കണ്ണുകൊണ്ട് കണ്ട ലോകവും വായിച്ചറിഞ്ഞ കാഴ്ചകളുമാണ് അമ്മാളുക്കുട്ടിയമ്മയുടെ വരകളിൽ തെളിയുന്നത്. അധ്യാപകനായിരുന്ന അച്ഛൻ ചേലാട്ട് ശങ്കുണ്ണിനായരാണ് ചെറുപ്പത്തിൽ വരയ്ക്കാൻ പ്രോത്സാഹിപ്പിച്ചത്. അമ്മ വരയ്ക്കുന്ന ചിത്രങ്ങൾ മറ്റുള്ളവരെ കാണിക്കാനും പ്രദർശിപ്പിക്കാനുമൊക്കെ മക്കൾക്ക് ഉത്സാഹമാണ്.
വരയ്ക്കുന്നതിൽ ഇഷ്ടപ്പെട്ടതെല്ലാം അമ്മാളുക്കുട്ടിയമ്മതന്നെ ചുമരിൽ വെട്ടിയൊട്ടിക്കും. ഒരിക്കൽ വീട് പെയിന്റടിക്കുന്നവർ ചുമരിൽ പതിച്ച ചിത്രങ്ങളെല്ലാം ഉരച്ചുകളഞ്ഞു. അതിൽ നിരാശയായ അമ്മാളുക്കുട്ടിയമ്മ പിന്നെ കുറച്ചുകാലം ബ്രഷ് എടുത്തിരുന്നില്ല. അമ്മയുടെ സന്തോഷംമാത്രം ആഗ്രഹിച്ച മക്കൾ വീണ്ടും അമ്മയെക്കൊണ്ട് വരപ്പിച്ചു. ഇപ്പോൾ ചുമർനിറയെ വർണച്ചിത്രങ്ങളായി. ഭർത്താവ് മൂത്തോന മാധവൻനായരുടെ വിയോഗത്തിനുശേഷം ഈ നിറക്കൂട്ടുകളാണ് അമ്മാളുക്കുട്ടിയമ്മയുടെ വലിയ കൂട്ട്.
Content Highlights: age is just a number inspiring women, ninety years old grand mother drawing
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..