രാജരാജേശ്വരിയും മകൾ ഭവ്യയും, രാജരാജേശ്വരി ഭരതനാട്യം അരങ്ങേറ്റവേദിയിൽ
ആനന്ദപുരം: അരങ്ങേറ്റനൃത്തം ചെയ്യുമ്പോൾ അമ്പത്തേഴുകാരി രാജരാജേശ്വരിയുടെ ചുവടുകൾക്ക് ഊർജമേറെ. ആത്മസംതൃപ്തിയുടെ ഊർജം. അമ്മയുടെ ചടുലതയ്ക്കൊപ്പമെത്താൻ ഭവ്യ പ്രയാസപ്പെട്ടു. പ്രതിസന്ധികളുടെ നിസ്സഹായതയിൽ സ്വപ്നങ്ങളുപേക്ഷിക്കേണ്ടിവന്ന സ്ത്രീജീവിതങ്ങൾക്ക് പ്രതീക്ഷയാണീ നൃത്തം.
മകളുടെ പഠനവിജയത്തിലൂടെ സന്തോഷങ്ങൾ തിരിച്ചുകിട്ടിയപ്പോഴാണ് രാജരാജേശ്വരി ഇഷ്ടങ്ങളെല്ലാം കോർത്തുകെട്ടി വീണ്ടും ചിലങ്കയണിഞ്ഞത്. എം.എസ്.ഡബ്ല്യുവിന് ‘സ്ത്രീകേന്ദ്രീകൃതപ്രവർത്തനങ്ങൾ’ പഠനവിഷയമായെടുക്കുമ്പോൾ ഭവ്യയ്ക്ക് അമ്മയുടെ ജീവിതംതന്നെയാണ് ഊർജമായത്.
ഏകമകൾക്ക് ഉയർന്ന വിദ്യാഭ്യാസം നൽകാൻ രാജരാജേശ്വരി ജീവിതത്തോട് ഒറ്റയ്ക്ക് പോരാടി. മുംബൈയിൽ ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ചിൽ സയൻറിസ്റ്റാണ് ഭവ്യ ഇപ്പോൾ.
മുരിയാട് തറയിലക്കാട് അങ്കണവാടി അധ്യാപികയായ രാജരാജേശ്വരി 15 വർഷംമുൻപാണ് ജീവിതത്തിൽ ഒറ്റയ്ക്കായത്. ഒറ്റയ്ക്കാക്കിയവർക്കു മുന്നിൽ ജീവിച്ചുകാണിക്കാൻ അവരുറച്ചു. അങ്കണവാടിയിലെ തുച്ഛവരുമാനത്തിനു മുന്നിൽ ആ നിശ്ചയം തളർന്നില്ല. രാവിലെ കുട്ടികൾക്ക് ട്യൂഷനെടുത്തു. വൈകീട്ട് അടുത്തുള്ള അമ്പലത്തിൽ വഴിപാടുകൗണ്ടറിൽ സഹായിയായി. രാത്രിയിൽ വസ്ത്രങ്ങൾ തയ്ച്ചുകൊടുത്തു.
എസ്.എസ്.എൽ.സി.ക്ക് 99 ശതമാനം മാർക്കോടെ വിജയിച്ച് ഭവ്യ അമ്മയ്ക്ക് ആദ്യമധുരം സമ്മാനിച്ചു. ഹയർ സെക്കൻഡറിയിൽ എസ്.സി. വിഭാഗത്തിൽ സംസ്ഥാനത്ത് ഒന്നാംസ്ഥാനത്തെത്തി. കേരള സർവകലാശാലയിൽ ബി.എ. സോഷ്യോളജിയിൽ മൂന്നാം റാങ്ക് നേടിയാണ് ഭവ്യ ബിരുദം പൂർത്തിയാക്കിയത്. പിന്നീട് മുംബൈ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിൽ എം.എസ്.ഡബ്ല്യുവിന് പ്രവേശനം നേടി. അവിടെ എം.ഫിൽ. പൂർത്തിയാക്കിയശേഷമാണ് ഐ.സി.എം.ആറിൽ സയൻറിസ്റ്റ് ബി (നോൺ മെഡിക്കൽ) ആയി ജോലി നേടിയത്. നിസ്സഹായതയ്ക്ക് നടുവിലെ പ്രയത്നങ്ങൾക്ക് അംഗീകാരമായി ജില്ലാ വനിതാ-ശിശു വികസനവകുപ്പിന്‍റെ പുരസ്‌കാരവും രാജരാജേശ്വരിക്ക് ലഭിച്ചു.
ജീവിതം സുരക്ഷിതമായതോടെ മാറ്റിവെക്കേണ്ടിവന്ന നൃത്തമെന്ന ഇഷ്ടത്തെ തിരികെപ്പിടിക്കണമെന്നായി. കോവിഡ്കാലത്താണ് വീണ്ടും നൃത്തം അഭ്യസിക്കാൻ തുടങ്ങിയത്. സ്വപ്നങ്ങളിലേക്കുള്ള യാത്രകൾക്കായി ആവേശത്തിലാണ് അവരിപ്പോൾ.
Content Highlights: age is just a number, inspiring story of rajarajeswari, inspiring women
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..