Representative Image | Photo: Gettyimages.in
ഇക്കഴിഞ്ഞ ഓഗസ്റ്റിൽ അഫ്ഗാനിസ്ഥാൻ താലിബാൻ പിടിച്ചെടുത്തതോടെ സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ നിഷേധിക്കുന്ന നിരവധി തീരുമാനങ്ങളും കൊണ്ടുവന്നിരുന്നു. വിദ്യാഭ്യാസം, തൊഴിൽ, സാമൂഹിക ഇടപെടലുകൾ തുടങ്ങിയവ സ്ത്രീകൾക്ക് നിഷേധിക്കപ്പെട്ട പ്രഖ്യാപനങ്ങളും വന്നിരുന്നു. സാമ്പത്തിക പ്രതിസന്ധി കൂടി മൂർഛിച്ചതോടെ പല കുടുംബങ്ങളും പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ വിൽക്കുന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
കുടിയൊഴിക്കപ്പെട്ട് ക്യാമ്പുകളിൽ കഴിയുന്ന കുടുംബങ്ങളിലാണ് ഇത്തരം പ്രതിസന്ധികൾ കൂടുന്നത്. ദാരിദ്ര്യവും പട്ടിണിയും സഹിക്കാതെ കുടുംബത്തിലെ മറ്റ് അംഗങ്ങളെ സംരക്ഷിക്കാൻ പെൺമക്കളെ അവരേക്കാൾ രണ്ടും മൂന്നും ഇരട്ടി പ്രായമുള്ളവർക്ക് വിവാഹത്തിന്റെ പേരിൽ വിൽപനയ്ക്കു വെക്കുകയാണെന്നാണ് പുറത്തു വരുന്ന വാർത്തകൾ. അത്തരത്തിൽ ഹൃദയം തകർക്കുന്നൊരു അനുഭവമാണ് പർവാന മാലിക് എന്ന പെൺകുട്ടിയുടെ കുടുംബത്തിന് പറയാനുള്ളത്.
ഒമ്പതുകാരിയായ പർവാനയെ അമ്പത്തിയഞ്ചുകാരനായ ഖുർബാന് ഇക്കഴിഞ്ഞ മാസമാണ് കുടുംബം വിറ്റതെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. എട്ട് അംഗങ്ങളുള്ള പർവാനയുടെ കുടുംബത്തിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരുന്നു. ഇതോടെയാണ് മകളെ വിൽക്കാൻ തീരുമാനിച്ചതെന്ന് പിതാവ് അബ്ദുൾ മാലിക് പറയുന്നു.
ഏതാനും മാസങ്ങൾക്ക് മുമ്പാണ് അബ്ദുൾ മാലിക് തന്റെ പന്ത്രണ്ടുകാരിയായ മകളെ പണം വാങ്ങി മറ്റൊരാൾക്ക് വിറ്റത്. ഇപ്പോൾ വീണ്ടും തന്റെ മറ്റൊരു മകളെ കൂടി വിൽക്കാൻ നിർബന്ധിതനായിരിക്കുകയാണ് മാലിക്. കുറ്റബോധത്തോടെയും ഹൃദയവേദനോടെയും ആശങ്കയോടെയുമാണ് താൻ പെൺമക്കളെ വിറ്റതെന്നും അത് ബാക്കിയുള്ള കുടുംബം ജീവനോടെയിരിക്കാൻ വേണ്ടിയാണെന്നും മാലിക് പറഞ്ഞു.
തനിക്ക് അധ്യാപികയാവാൻ ആയിരുന്നു മോഹമെന്ന് പർവാന പറയുന്നു. പക്ഷേ കുടുംബം സാമ്പത്തിക പ്രതിസന്ധിയിൽ ആയതോടെ ആ മോഹം പാതിവഴിയിലായി. 2,00,000 അഫ്ഗാനി അഥവാ ഒരുലക്ഷത്തി അറുപത്തിനാലായിരത്തോളം രൂപയാണ് മകളെ വിറ്റതിന് ഖുർബാനിൽ നിന്ന് മാലിക്കിന് ലഭിച്ചത്. മകളെ കൊണ്ടുപോകുന്ന ഖുർബാനോട് ഇതു നിങ്ങളുടെ വധു ആണെന്നും അവളെ സംരക്ഷിക്കണമെന്നുമാണ് മാലിക് പറഞ്ഞത്.
പർവാനയെപ്പോലെ നിരവധി പെൺകുട്ടികൾ കുടുംബത്തിന്റെ സാമ്പത്തിക പ്രതിസന്ധി മൂലം ബലിയാടാക്കപ്പെടുന്നുണ്ടെന്നാണ് അഫ്ഗാനിൽ നിന്നു പുറത്തുവരുന്ന വാർത്തകൾ. പെൺകുട്ടികൾക്ക് സെക്കൻഡറി വിദ്യാഭ്യാസം കൂടി താലിബാൻ നിഷേധിച്ചതോടെ മിക്ക കുടുംബങ്ങളും പെൺകുട്ടികളെ നേരത്തേ വിവാഹം കഴിപ്പിക്കുന്ന പ്രവണതയും ഏറുന്നുണ്ട്.
Content Highlights: afghan man sells daughter, taliban women, taliban women news, afghanistan women rights
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..