അദ്‌നാൻ സമി മേക്കോവറിന് മുമ്പും ശേഷവും | Photo: PTI/ Adnan Sami Facebook
ലോകമെമ്പാടും ആരാധകരുള്ള ഗായകനാണ് അദ്‌നന്‍ സമി. പാട്ടിനേക്കുറിച്ചും കുടുംബത്തേക്കുറിച്ചുമെല്ലാം സോഷ്യല്‍ മീഡിയ വഴി പങ്കുവെയ്ക്കുകയും ചെയ്തിരുന്നു അദ്ദേഹം. ശരീരഭാരം കുറിച്ചുള്ള തന്റെ മേക്കോവര്‍ വീഡിയോയും ചിത്രങ്ങളും സമി ആരാധകര്‍ക്കായി പോസ്റ്റ് ചെയ്തിരുന്നു. 220 കിലോയില്‍ നിന്ന് 60 കിലോയിലെത്തിയ സമിയുടെ പുത്തന്‍ ലുക്ക് ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു.
എന്നാല്‍ ഒരാഴ്ച മുമ്പ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലെ എല്ലാ പോസ്റ്റുകളും ഡിലീറ്റ് ചെയ്ത് അദ്‌നാന്‍ സമി എല്ലാവരേയും അമ്പരപ്പിച്ചിരുന്നു. അടിമുടി സസ്‌പെന്‍സ് നിറഞ്ഞ ഈ നീക്കം എന്തിനാണെന്നായിരുന്നു ആരാധകരുടെ ആകാംക്ഷ. ഒരു പോസ്റ്റൊഴിച്ച് ബാക്കിയെല്ലാം ഡിലീറ്റ് ചെയ്തിരുന്നു. 'അല്‍വിദ' എന്നെഴുതിയിരിക്കുന്ന അഞ്ച് സെക്കന്റുള്ള വീഡിയോ മാത്രമാണ് അദ്ദേഹത്തിന്റെ പേജില്‍ അവശേഷിച്ചിരുന്നത്. വിട എന്നാണ് അല്‍വിദയുടെ അര്‍ഥം. ഇതാണ് ആരാധകരെ കൂടുതല്‍ ആശങ്കയിലാഴ്ത്തിയത്.
എന്നാല്‍ അദ്‌നാന്‍ സമി ഇപ്പോള്‍ ഇതിനെല്ലാം മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ്. ഏഴുലക്ഷത്തിന് അടുത്ത് ഫോളോവേഴ്‌സുള്ള ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലെ പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്തില്ലെന്നും എല്ലാം ആര്‍ക്കെവ് ചെയ്യുകയാണ് ചെയ്തതെന്നും ഗായകന്‍ പറയുന്നു. ശാരീരകമായി മാത്രമല്ല, മാനസികമായും താന്‍ പൂര്‍ണമായി മാറി ഒരു പുതിയ മനുഷ്യനായെന്നും അതിന്റെ ഭാഗമായാണ് ഇന്‍സ്റ്റാ പോസ്റ്റുകള്‍ ആര്‍ക്കെവ് ചെയ്തതെന്നും അദ്‌നാന്‍ സമി പറയുന്നു. ഇടൈംസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'നിങ്ങള്‍ക്ക് ഈ ഐഡിയയെ മിടുക്കെന്നോ മണ്ടത്തരമെന്നോ വിളിക്കാം. എന്റെ രൂപമാറ്റത്തില്‍ നിന്നാണ് സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ കളയുക എന്ന ഐഡിയയിലേക്ക് ഞാന്‍ എത്താന്‍ കാരണം. കോവിഡ് വ്യാപനം നമ്മുടെ ചിന്തകളെയെല്ലാം മാറ്റിമറിച്ചു. നമ്മുടെ മുന്‍ഗണനകളെല്ലാം മാറി. സംഗീതലോകത്ത് തിരിച്ചെത്തി മെലഡി നിറഞ്ഞ പാട്ടുകളുണ്ടാക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചു. അതാണ് എന്റെ ജീവിതമെന്നും ഞാന്‍ തിരിച്ചറിഞ്ഞു. അതിന്റെ ഭാഗമായി മാനസികമായും ഞാന്‍ ഒരുപാട് മാറ്റങ്ങള്‍ നടത്തി. ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലെ പോസ്റ്റുകള്‍ കളഞ്ഞു. അദ്‌നാന്‍ 2.0 എന്നു പേര് മാറ്റി.' അദ്‌നാന്‍ അഭിമുഖത്തില്‍ പറയുന്നു.
ആരാധകരെ മുള്‍മുനയില്‍ നിര്‍ത്തിയത് എന്തിനാണെന്ന ചോദ്യത്തിനും അദ്ദേഹം മറുപടി നല്‍കി. 'ഞാന്‍ ആത്മഹത്യ ചെയ്യാനാണ് ഉദ്ദേശിച്ചിരുന്നതെങ്കില്‍ അല്‍വിദ എന്ന് വെറുതേ ടൈപ്പ് ചെയ്ത് ഇന്‍സ്റ്റഗ്രാമില്‍ ഇടുമായിരുന്നു. അല്‍വിദ എന്നെഴുതിയ മനോഹരമായൊരു ലോഗോ ഉണ്ടാക്കി അതു പോസ്റ്റ് ചെയ്ത് സമയം കളയില്ല. അങ്ങനെയൊരു ഉദ്ദേശമുണ്ടായിരുന്നെങ്കില്‍ നാടകീയത സൃഷ്ടിച്ച് അതു പ്രഖ്യാപിക്കുകയുമില്ല'. അദ്‌നാന്‍ വ്യക്തമാക്കുന്നു.
പാകിസ്താനിലാണ് ജനിച്ചതെങ്കിലും അദ്‌നാന്‍ സമി പഠിച്ചതും വളര്‍ന്നതുമെല്ലാം യു.കെയിലാണ്. 2016-ലാണ് ഗായകന്‍ ഇന്ത്യന്‍ പൗരത്വം സ്വന്തമാക്കിയത്. കഴിഞ്ഞവര്‍ഷം അദ്ദേഹത്തെ രാജ്യം പദ്മശ്രീ നല്‍കി ആദരിച്ചിരുന്നു. അദ്ദേഹം ശരീരഭാരം കുറച്ചത് ഏറെ വാര്‍ത്തകള്‍ക്കും ഇടയാക്കിയിരുന്നു. തേരാ ചെഹരാ ലിഫ്റ്റ് കരാ ദേ, സുന്‍ സരാ തുടങ്ങി നിരവധി സൂപ്പര്‍ ഹിറ്റ് ഗാനങ്ങള്‍ അദ്ദേഹത്തിന്റേതായുണ്ട്.
Content Highlights: adnan sami reacts to fans worrying over him clearing his instagram
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..