ആദിത്യ മെഹന്തി അണിയിച്ച് ഗിന്നസ് റെക്കോഡ് നേടുന്നു
കടലുണ്ടി: കൈകളില്‍ മൈലാഞ്ചി അണിയിച്ച് ആദിത്യ മുന്നേറുമ്പോള്‍ കണ്ടുനിന്നവരുടെ കരഘോഷമായിരുന്നു. ഈ സമയവും തളരാതെ മൈലാഞ്ചി ട്യൂബുകള്‍ മാറ്റി കൈകളില്‍ മാറിമാറി മൈലാഞ്ചി അണിയിച്ച് ആദിത്യ നേടിയത് ഗിന്നസ് റെക്കോഡും. ഒരുമണിക്കൂറില്‍ 910 കൈകളില്‍ മൈലാഞ്ചി അണിയിച്ചാണ് മണ്ണൂര്‍ സ്വദേശിനി ആദിത്യ ഗിന്നസ് റെക്കോഡ് എന്ന നേട്ടം സ്വന്തമാക്കിയത്.
മണ്ണൂര്‍ സി.എം.എച്ച്.എസ്. ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ പാകിസ്താന്‍ സ്വദേശി സാമിന ഹുസൈന്റെ റെക്കോഡാണ് ആദിത്യ തിരുത്തിയത്. മണ്ണൂര്‍ കുപ്പാട്ട് ആദിത്യയാണ് നവവത്സരപ്പുലരിയില്‍ രാവിലെ പത്തുമുതല്‍ പതിനൊന്നുവരെയാണ് ഗിന്നസ് റെക്കോഡ് തേടിയുള്ള പ്രകടനം.
മെഹന്തിയില്‍ ഇതുവരെയുള്ള റെക്കോര്‍ഡ് ഒരു മണിക്കൂറില്‍ 600 കൈകളില്‍ മൈലാഞ്ചി അണിയിച്ചിട്ടുള്ളതാണ്. മത്സരത്തിന്റെ മുപ്പത്തിയേഴാം മിനിറ്റില്‍ സാമിന ഹുസൈനിന്റെ റെക്കോഡ് ആദിത്യ ഭേദിച്ചു. സഹോദരിയായ സബീനയുടെ കൈകളില്‍ മൈലാഞ്ചി അണിയിച്ചാണ് പ്രകടനം തുടങ്ങിയത്. ജഡ്ജസ് റിപ്പോര്‍ട്ട്, ടൈം കീപ്പര്‍മാരുടെ റിപ്പോര്‍ട്ട്, ഗിന്നസ് നിയമപ്രകാരം റെക്കോഡു ചെയ്ത വീഡിയോ, ഫോട്ടോ, പത്രമാധ്യമ റിപ്പോര്‍ട്ടുകള്‍ തുടങ്ങിയവ സഹിതം അംഗീകാരത്തിനായി ഗിന്നസ് അധികൃതര്‍ക്ക് അയച്ചു കൊടുക്കും.
ഫറോക്ക് എസ്.എച്ച്.ഒ. ജി. ബാലചന്ദ്രന്‍ ഗിന്നസ് റെക്കോഡ് പ്രകടനം ഉദ്ഘാടനം ചെയ്തു. ശനിയാഴ്ച നടന്ന ആദരിക്കല്‍ ചടങ്ങ് എസ്.ഐ. പ്രദീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത പൂക്കാടന്‍ മുഖ്യാതിഥിയായി.
ഗിന്നസ് വത്സരാജ്, മോഹന്‍ ചാലിയം, സി.കെ. വിജയ കൃഷ്ണന്‍, പിലാക്കാട്ട് ഷണ്‍മുഖന്‍, ഷിബിന്‍, വിനീഷ് കടക്കാട്, സുമേഷ് കുന്നത്ത്, സി.പി. ഷൈജു, ഹെബീഷ് മാമ്പയില്‍, ജഗദീഷ് ബാബു തുടങ്ങിയവര്‍ സംസാരിച്ചു. സംഘാടകസമിതിയുടെ ഉപഹാരം സാജന്‍ മണ്ണിശ്ശേരി, പ്രസീത് കെ. എന്നിവര്‍ നല്‍കി. മണ്ണൂര്‍ കുപ്പാട്ട് നിധിനാണ് ആദിത്യയുടെ ഭര്‍ത്താവ്.
Content highlights: aditya wearing henna on 910 hands, guinness world record
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..