സ്വർണ തോമസ്
കൊച്ചി: ഒന്‍പതു വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു അത്... അനിയന്‍ വിളിക്കുന്നതു കേട്ട് ബാല്‍ക്കണിയില്‍നിന്ന് താഴേക്ക് എത്തിനോക്കിയതാണ്... കാല്‍തെന്നി അഞ്ചാംനിലയില്‍നിന്ന് നേരേ താഴേക്ക്... മൂന്നുദിവസത്തിനുശേഷമാണ് ബോധം തെളിഞ്ഞത്. ആശുപത്രിയില്‍ എല്ലാവരുമുണ്ട്.
'സ്വര്‍ണയ്ക്ക് ഇനി ഡാന്‍സ് ചെയ്യാന്‍ കഴിയില്ലാട്ടോ' എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. വീഴ്ചയില്‍ നട്ടെല്ല് തകര്‍ന്നെന്നും നടക്കാന്‍ പോലുമാകില്ലെന്നും അവള്‍ പതിയെ തിരിച്ചറിഞ്ഞു. നടിയും നര്‍ത്തകിയുമായ സ്വര്‍ണ തോമസിനുണ്ടായ അപകടം മാധ്യമങ്ങളിലെല്ലാം വലിയ വാര്‍ത്തയായി. ഒന്നരമാസത്തോളം കൊച്ചിയിലെ ആശുപത്രിയില്‍ കിടന്നു. മുംബൈയിലെ വീട്ടിലേക്കുള്ള മടക്കം ഒരര്‍ഥത്തില്‍ ഒളിച്ചോട്ടമായിരുന്നു.
''നട്ടെല്ലിനൊപ്പം ആത്മവിശ്വാസവും തകര്‍ന്നോ... എന്ന ചിന്ത പതിയെ മനസ്സിലേക്കെത്തി. എനിക്കിനിയും സ്വപ്നങ്ങളുണ്ടല്ലോ... എന്നായി പിന്നെ ആലോചന. ജീവിതത്തില്‍ എന്തുവേണമെങ്കിലും സംഭവിക്കാം, അതില്‍ ഒന്നും ചെയ്യാനാകില്ല. പക്ഷേ, തുടര്‍ന്ന് എങ്ങനെ മുന്നോട്ടു പോകണമെന്നത് നമുക്കു തീരുമാനിക്കാം. തളര്‍ന്ന ശരീരവും തളരാത്ത മനസ്സുമായി വിധിയെ ആത്മവിശ്വാസത്തോടെ നേരിടാന്‍തന്നെ ഞാനുറച്ചു'' -ആ ദിവസങ്ങളെക്കുറിച്ച് മുംബൈയിലെ വീട്ടിലിരുന്ന് സ്വര്‍ണ പറയുന്നു.
ചികിത്സ തുടര്‍ന്നു. മനസ്സിന്റെ ധൈര്യമാകാം. മാറ്റം ശരീരത്തില്‍ കണ്ടുതുടങ്ങി. അഞ്ചുവര്‍ഷംകൊണ്ട് പതിയെ ചലനശേഷി വീണ്ടെടുത്തു. ക്രച്ചസിലൂന്നി നടക്കാമെന്നായി. നൃത്തവും വര്‍ക്കൗട്ടുമെല്ലാം ജീവിതത്തിലേക്ക് മടങ്ങിയെത്തി. ഇപ്പോഴും ക്രച്ചസിന്റെ സഹായത്താലാണ് നടക്കുന്നത്. പക്ഷേ, അതിനൊപ്പം ക്രച്ചസിലൂന്നി നൃത്തംചെയ്യാനും കഴിയുന്നുണ്ട്. സിനിമയെന്ന ലക്ഷ്യവും മനസ്സിലുണ്ട്. ദിവസവും രണ്ടുമണിക്കൂറിലേറെ വര്‍ക്കൗട്ടിനായി ചെലവഴിക്കുന്നു.
അപകടത്തിനുശേഷമാണ് പഠനം പൂര്‍ത്തിയാക്കിയത്. ഇപ്പോള്‍ ഒരു ബഹുരാഷ്ട്രക്കമ്പനിയില്‍ എച്ച്.ആര്‍. വിഭാഗത്തില്‍ ജോലിയുണ്ട്. 18-ാം വയസ്സില്‍ അപകടത്തെ തുടര്‍ന്ന് അഭിനയം അവസാനിപ്പിക്കുമ്പോള്‍, നാല് മലയാള സിനിമകളും രണ്ട് തമിഴ് ചിത്രങ്ങളുമാണ് സ്വര്‍ണയുടേതായുണ്ടായിരുന്നത്. അനൂപ് മേനോനും ഭൂമിക ചൗളയുമെല്ലാം അഭിനയിച്ച 'ബഡ്ഡി'യായിരുന്നു ആദ്യചിത്രം. അന്ന് അഭിനയിച്ച സിനിമകളൊന്നും സ്വര്‍ണ ഇതുവരെ കണ്ടിട്ടില്ല.
വിഷമംകാരണം ആ കാഴ്ച ഒഴിവാക്കിയെന്ന് പറയുന്നു സ്വര്‍ണ. മിനി സ്‌ക്രീനിലെ റിയാലിറ്റി ഷോകളിലൂടെയാണ് സിനിമയിലേക്കെത്തിയത്. ഇപ്പോള്‍ മടങ്ങിവരവും ചാനല്‍ പരിപാടികളിലൂടെയാണ്. ഒരു ചാനല്‍ പരിപാടിക്കായി തിരുവനന്തപുരത്ത് ഈ മാസം 16-ന് എത്തുന്നുണ്ട്. സ്വര്‍ണയുടെ അച്ഛന്‍ തോമസ് ക്ലീറ്റസ് എറണാകുളം സ്വദേശിയാണ്. അമ്മ രേഷ്മ മഹാരാഷ്ട്രക്കാരിയും.
Content Highlights: actress swarna thomas, fell from fifth floor, accident, lifestyle


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..