അനുഷ്‌ക ശർമ വിരാട് കോലിക്കും വാമികയ്ക്കും ഒപ്പം | Photo: instagram/ anushka sharma
ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് വിരാട് കോലിയും അനുഷ്‌ക ശര്‍മയും. ഒരു പരസ്യ ചിത്രീകരണത്തിനിടെ ആദ്യമായി കണ്ടുമുട്ടിയ ഇരുവരും പ്രണയത്തിലാകുകയായിരുന്നു. 2017 ഡിസംബര്‍ 11-ന് ഇരുവരും വിവാഹിതരായി. നാല് വര്‍ഷങ്ങള്‍ക്കു ശേഷം ജീവിതത്തിലേക്ക് പുതിയ ഒരു അതിഥി കൂടി എത്തി. മകള്‍ വാമിക. അതിനുശേഷം ഇരുവരുടേയും ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചു. ഉത്തരവാദിത്തമുള്ള അച്ഛനും അമ്മയുമായി മാറി.
അമ്മയായതിന് ശേഷമുള്ള ജീവിതം ആസ്വദിക്കുന്നുവെന്നും തന്റെ മുന്‍ഗണനകള്‍ മാറിയിട്ടുണ്ടെന്നും അനുഷ്‌ക കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. അച്ഛനായ കോലിയേക്കാള്‍ അമ്മയായ തന്നെയാണ് വാമികയ്ക്ക് ഇപ്പോള്‍ കൂടുതല്‍ ആവശ്യമെന്നും അതിനാല്‍ സിനിമകളുടെ എണ്ണം കുറയ്ക്കുകയാണെന്നും അവര്‍ പറയുന്നു. പ്യൂമയുടെ ഒരു പരിപാടിയില്‍ കോലിക്കൊപ്പം സംസാരിക്കുകയായിരുന്നു അനുഷ്‌ക.
'എന്റെ മകള്‍ക്ക് എന്നെ ഏറ്റവും കൂടുതല്‍ ആവശ്യമുള്ള സമയമാണിത്. വിരാട് ഒരു മികച്ച പിതാവാണ്. ഒരു രക്ഷിതാവ് എന്ന നിലയില്‍ വിരാടും പാരന്റിങ്ങില്‍ ഏറെ ശ്രദ്ധ ചെലുത്തുന്നുണ്ട്. എന്നാല്‍ ഈ പ്രായത്തില്‍ അവള്‍ക്ക് എന്നെയാണ് കൂടുതല്‍ ആവശ്യം. ഞങ്ങള്‍ അത് തിരിച്ചറിയുന്നു. അതിന് അനുസരിച്ച് മുന്നോട്ടു പോകാനാണ് തീരുമാനം. ഞാന്‍ അഭിനയം ആസ്വദിക്കുന്നു. പക്ഷേ മുമ്പ് ചെയ്തതു പോലെ കൂടുതല്‍ സിനിമകള്‍ ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എനിക്ക് വര്‍ഷത്തില്‍ ഒരു സിനിമ ചെയ്യണം. എനിക്ക് ഇഷ്ടമുള്ള അഭിനയം ആസ്വദിക്കണം. ജീവിതത്തെ കൂടുതല്‍ സന്തുലിതമാക്കണം. കുടുംബത്തിനായി സമയം നല്‍കണം.
ഒരു അഭിനേതാവെന്ന രീതിയില്‍, ഒരു സെലിബ്രിറ്റി എന്ന നിലയില്‍, അമ്മ എന്ന നിലയില്‍, ഭാര്യ എന്ന നിലയില്‍ ആരേയും ഒരു കാര്യവും എനിക്ക് തെളിയിക്കാനില്ല. എന്നെ സന്തോഷിപ്പിക്കുന്ന കാര്യങ്ങള്‍ ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങളാണ് ഞാന്‍ ചെയ്യുന്നത്.
എന്റെ നിലവിലെ ജീവിതത്തില്‍ ഞാന്‍ സംതൃപ്തയാണ്. മാതൃത്വമാണ് എനിക്ക് ഈ ധൈര്യം നല്‍കിയത്. കാര്യങ്ങളൊന്നും ഒറ്റയ്ക്ക് ചെയ്യാന്‍ കഴിയാത്ത കുഞ്ഞിനായി നിങ്ങള്‍ തീരുമാനങ്ങള്‍ എടുക്കുന്നതുകൊണ്ടു തന്നെ ഒരു അമ്മയെന്ന നിലയില്‍ നിങ്ങള്‍ സ്വയം വിശ്വസിക്കേണ്ടതുണ്ട്. അതിനാല്‍ നിങ്ങള്‍ സ്വയം കൂടുതല്‍ വിശ്വസിക്കാന്‍ തുടങ്ങുകയും ധൈര്യശാലിയായി മാറുകയും ചെയ്യുന്നു. മുമ്പ് എടുക്കാന്‍ ഭയപ്പെട്ടിരുന്ന പല തീരുമാനങ്ങളും ഞാന്‍ ഇപ്പോള്‍ എടുക്കുന്നു.' അനുഷ്‌ക പറയുന്നു.
വിരാട് കോലി എങ്ങനെയാണ് ഒരു മികച്ച ജീവിത പങ്കാളി ആകാന്‍ പോകുന്നതെന്ന് താന്‍ പ്രണയകാലത്ത് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അനുഷ്‌ക പറയുന്നു. കോലിക്ക് അപാര ഓര്‍മശക്തിയാണെന്നും അത് തങ്ങളുടെ ജീവിതത്തെ സന്തുലിതമാക്കുമെന്ന് മനസിലായെന്നും അവര്‍ വ്യക്തമാക്കി.
'എനിക്ക് ഒരു കാര്യങ്ങളും ഓര്‍ത്തെടുക്കാന്‍ കഴിയില്ല. എല്ലാ കാര്യങ്ങളും മറന്നുപോകും. എന്റെ ഫോണ്‍ വരെ മറന്നുവെയ്ക്കും. പക്ഷേ എന്റെ മകളുടെ ഒരു കാര്യവും ഞാന്‍ മറക്കില്ല. എന്റേത് സെലക്ടീവ് മെമ്മറി ആണ്. എന്നാല്‍ വിരാട് എല്ലാ കാര്യങ്ങളും ഓര്‍മിക്കും.' അനുഷ്‌ക പറയുന്നു.
Content Highlights: actress anushka sharma about motherhood and lovelife with virat kohli


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..