അമൃതം ഗോപിനാഥ് | Photo: youtube/ sandram sangeetham
ആലപ്പുഴ: റാംജിറാവ് സ്പീക്കിങ് എന്ന സിനിമയില്‍ 'കമ്പിളി പുതപ്പ്..കമ്പിളി പുതപ്പ്' എന്നു വിളിച്ചു പറഞ്ഞ ഹോസ്റ്റല്‍ വാര്‍ഡനെ മലയാളികള്‍ ആരും മറന്നിട്ടുണ്ടാകില്ല. ആലപ്പുഴക്കാരിയായ അമൃതം ഗോപിനാഥാണ് ആ വാര്ഡന്. കലാരംഗത്ത് 75 വര്‍ഷം പിന്നിട്ട നൃത്താധ്യാപികയായ അമൃതം 86-ാം വയസ്സില്‍ വീണ്ടും ചിലങ്കയണിയുകയാണ്.
ആലപ്പുഴ കിടങ്ങാംപറമ്പ് ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചു ഞായറാഴ്ച വൈകീട്ട് ഏഴിനാണ് വേദിയിലെത്തുന്നത്. ആയിരക്കണക്കിനു ശിഷ്യരുള്ള അധ്യാപികയായ അമൃതം 'ഗീതോപദേശം' കലാശില്പമാണ് അവതരിപ്പിക്കുന്നത്. ഇതില്‍ അര്‍ജുനന്റെ വേഷമാണ് ചെയ്യുന്നത്.
തെന്നിന്ത്യയിലെ ചലച്ചിത്രതാരങ്ങളായിരുന്ന ലളിത-പദ്മിനി-രാഗിണിമാര്‍ക്കൊപ്പം നൃത്തവേദി പങ്കിട്ട കലാകാരി സിനിമകളിലും പ്രൊഫഷണല്‍ നാടകങ്ങളിലും മികവു തെളിയിച്ചിട്ടുണ്ട്. 1960-കളില്‍ മലയാളസിനിമകളിലെ നൃത്തസംവിധായകയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പിജെ ആന്റണി, കെപി മുഹമ്മദ് എന്നിവര്‍ക്കൊപ്പം നാടക വേദികളിലും തിളങ്ങി.
'വേലക്കാരന്' ആണ് ആദ്യ മലയാള സിനിമ. പാലാട്ട് കോമന്, ഉമ്മ, മാമാങ്കം തുടങ്ങി മുപ്പത്തിയഞ്ചോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഈണം മറന്ന കാറ്റ്, തച്ചോളി അമ്പു, മാമാങ്കം തുടങ്ങി 13 മലയാള സിനിമകളിലും ഓട്ടോഗ്രാഫ് എന്ന തെലുങ്ക് ചിത്രത്തിലും ബ്ലാക്ക് വാട്ടര്‍ എന്ന ഇംഗ്ലീഷ് സിനിമയിലും നൃത്ത സംവിധായികയായി. കുഞ്ചക്കോ ബോബന് പ്രധാന കഥാപാത്രമായ 'അള്ള് രാമചന്ദ്രനാ'ണ് ഏറ്റവും അവസാനം അഭിനയിച്ച ചിത്രം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..