-
കൊച്ചി: 27-ാം ആഴ്ചയില്‍ പിറന്നെത്തുമ്പോള് ആ കുരുന്നു ഹൃദയത്തില്‍ മിടിപ്പ് തീരെയില്ലേ എന്ന് ഡോക്ടര്‍മാര്‍ക്ക് ഭയമുണ്ടായിരുന്നു. തൂക്കമാണെങ്കില്‍ വെറും 500 ഗ്രാം മാത്രവും. എന്നാല്‍, ജീവന്റെ നേര്‍ത്ത മിടിപ്പ് അവിടെയുണ്ടെന്നു തിരിച്ചറിഞ്ഞ് ഡോക്ടര്‍മാര്‍ നിമിഷങ്ങള്‍ക്കകം കുഞ്ഞിനെ വെന്റിലേറ്ററിലേക്ക് മാറ്റി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ജനിച്ച കുഞ്ഞിനെ ജീവിതത്തിലേക്ക് ഉണര്‍ത്തിയെടുക്കാനുള്ള ഓട്ടത്തില്‍ മാതാപിതാക്കള്‍ അവളെ എറണാകുളം ഗവ. മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ആഴ്ചകള്‍ നീണ്ട ചികിത്സയ്ക്കൊടുവില്‍ അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. അവര്‍ പുഞ്ചിരിയോടെ ആശുപത്രി വിട്ടു.
കൊങ്ങോര്‍പ്പിള്ളി കൂനമ്മാവ് അറക്കപ്പറമ്പില്‍ വീട്ടില്‍ ഡാല്‍ സേവ്യറും രേഷ്മ ജോണ്‍സണുമാണ് ജീവിതത്തിലേക്ക് മിടിച്ചു കയറിയ കുഞ്ഞ് ഇസബെല്ലയുടെ അച്ഛനമ്മമാര്‍. ഗര്‍ഭിണിയായിരിക്കെ ഫെബ്രുവരിയില്‍ രേഷ്മയ്ക്കു വന്ന നടുവേദനയാണ് ഇടപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലേക്കെത്തിച്ചത്. വേദനസംഹാരി നല്കി വിട്ടയയ്ക്കുകയാണ് ആദ്യം ചെയ്തത്. ആറാം മാസത്തില്‍ നടന്ന സ്കാനിങ്ങിലാണ് ഗര്‍ഭപാത്രത്തില്‍ 70 ശതമാനത്തോളം രക്തം കട്ടപിടിച്ചെന്നു കണ്ടെത്തിയത്. രേഷ്മയ്ക്ക് രക്തം കുറവാണെന്നും രക്തം കയറ്റണമെന്നും നിര്‍ദേശിച്ചതിനെ തുടര്‍ന്ന് മാര്‍ച്ച് മൂന്നിന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. അമ്മയും കുഞ്ഞും കൂടി രക്ഷപ്പെടാന്‍ ഒരു ശതമാനം സാധ്യതയേ ഉള്ളൂ എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. തുടര്‍ന്ന് 45 മിനിറ്റിനകം സിസേറിയന് ചെയ്ത് കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു. പ്രഥമ ശുശ്രൂഷയ്ക്കിടെ നേരിയ ഹൃദയമിടിപ്പ് തോന്നി കുഞ്ഞിനെ വെന്റിലേറ്ററിലാക്കുകയായിരുന്നു. സ്വകാര്യ ആശുപത്രിയില്‍ ചെലവ് താങ്ങാനാകാത്തതിനാലാണ് എറണാകുളം മെഡിക്കല്‍ കോളേജിലേക്ക് മാര്‍ച്ച് ഒമ്പതിന് മാറ്റിയത്.
രേഷ്മ സ്വകാര്യ ആശുപത്രിയിലെ ചികിത്സയില്‍ തുടരുകയായിരുന്നു. ഒരു മാസത്തിനു ശേഷമാണ് കുഞ്ഞിന്റെയടുത്ത് എത്തുന്നത്. വളര്‍ച്ചക്കുറവും മറ്റ് സങ്കീര്‍ണ പ്രശ്നങ്ങളുമുണ്ടായിരുന്നു കുഞ്ഞിനെന്ന് മെഡിക്കല്‍ കോളേജ് എന്‍.ഐ.സി.യു. ഇന്‍ചാര്‍ജ് ഡോ. സിന്ധു തോമസ് സ്റ്റീഫന്‍ പറഞ്ഞു. ഒരു മാസത്തോളം കുഞ്ഞ് ഓക്സിജന്‍ പിന്തുണയോടെയാണ് കഴിഞ്ഞത്.
പൂര്‍ണ ആരോഗ്യവതിയായി ഇസബെല്ല എന്ന പേരുമായി അവള് അമ്മയുടെയും അച്ഛന്റെയും കൂടെ വീട്ടിലാണിപ്പോള്‍. കോവിഡ് ആശുപത്രിയായിരുന്ന മെഡിക്കല്‍ കോളേജിലെ ആരോഗ്യപ്രവര്‍ത്തകര്‍ കൂടുതല്‍ ഷിഫ്റ്റെടുത്താണ് നവജാത ശിശുക്കളുടെ ഐ.സി.യു.വിലെ കുഞ്ഞിന് ചികിത്സ നല്‍കിയത്. ശിശുരോഗ വിഭാഗം മേധാവി ഡോ. ഷിജി ജേക്കബ്, എന്‍.ഐ.സി.യു. ഇന്‍ ചാര്‍ജ് ഡോ. സിന്ധു സ്റ്റീഫന്‍, മെഡിക്കല്‍ പി.ജി. വിദ്യാര്‍ഥി ഡോ. ലക്ഷ്മി തുടങ്ങിയ ഡോക്ടര്‍മാരുടെയും എന്‍.ഐ.സി.യു. ഹെഡ് നഴ്സ് ഫ്ളെക്സി, നഴ്സുമാരായ ധന്യ, ജിബി, മിനു അനീഷ തുടങ്ങിയവരടങ്ങിയ സംഘമാണ് ചികിത്സയ്ക്ക് നേതൃത്വം നല്‍കിയത്.
Content Highlights: About Premature baby isabella
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..