ആഗ്നസും മോതിരം കണ്ടെടുത്ത സനലും (ഇൻസെറ്റിൽ മോതിരം)
തൃശൂര്‍ :ഒളരിക്കര തട്ടില്‍ ആഗ്നസ് പോള്‍ ആശിച്ചു മോഹിച്ചു സ്വന്തമാക്കിയതാണ് ആ മോതിരം. അത് സമ്മാനിച്ചത് ഭര്‍ത്താവ് ടി.ജെ. പോളാണ്. 40 വര്‍ഷം മുന്‍പാണ് ആഗ്നസിന്റെ പ്രിയപ്പെട്ട മോതിരം നഷ്ടമായത്. പ്രിയതമനെ നഷ്ടപ്പെട്ട് ഏഴുവര്‍ഷത്തിനിപ്പുറം ആ സ്വര്‍ണമോതിരം തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് ഈ 79-കാരി. ഒരിക്കലും തിരിച്ചുകിട്ടില്ലെന്ന് കരുതിയ മോതിരം വീണ്ടും കൈയിലെത്തിച്ചതിന് അവര്‍ നന്ദി പറയുന്നത് പുല്ലുചെത്ത് തൊഴിലാളിയായ സനലിനോട്.
കഴിഞ്ഞദിവസമാണ് ഇഷ്ടമോതിരവും കുറെ ഓര്‍മകളും ആഗ്നസിനെ തേടിയെത്തിയത്. പറമ്പ് വൃത്തിയാക്കാനെത്തിയ ലാലൂര്‍ കൊട്ടാലന് വീട്ടില്‍ സനലിനാണ് അവിചാരിതമായി മോതിരം കിട്ടിയത്. കണ്ടപ്പോള്‍ സ്വര്‍ണമാണെന്നു തോന്നി. ഉടനെ വീടിന്റെ ഉടമസ്ഥനും ആഗ്നസിന്റെ അഞ്ച് മക്കളില്‍ ഇളയവനുമായ ടിക്സണ്‍ പോളിനെ ഏല്‍പ്പിച്ചു. പണ്ട് നഷ്ടപ്പെട്ട മോതിരമാണതെന്ന് ആഗ്നസ് തിരിച്ചറിഞ്ഞു.
1963-ലാണ് തട്ടില്‍ ടി.ജെ. പോള്‍ ആഗ്നസിനെ വിവാഹം കഴിക്കുന്നത്. വിവാഹസമയത്ത് സ്വര്‍ണാഭരണങ്ങള്‍ കുറവായിരുന്നു. പേരു കൊത്തിയ വിവാഹമോതിരം ഉണ്ടായിരുന്നില്ല. അത്തരത്തിലൊരു മോതിരം വേണമെന്നുള്ള ആഗ്രഹം ആഗ്നസ് ഭര്‍ത്താവ് പോളിനോട് പറഞ്ഞു. ആഗ്രഹം സഫലമായതാകട്ടെ 10 വര്‍ഷത്തിനുശേഷം രണ്ടു കുട്ടികളായപ്പോള്. പോള്‍ എന്ന പേരിനൊപ്പം ആഗ്നസിന്റെ പേര് സൂചിപ്പിക്കുന്ന 'എ' എന്ന അക്ഷരവും മക്കളായ ജോണ്സണ്, സിസ്റ്റര്‍ ഷൈനി പോള്‍ എന്നിവരെ സൂചിപ്പിക്കുന്ന രണ്ട് നക്ഷത്രങ്ങളും മോതിരത്തില്‍ ആലേഖനം ചെയ്തിട്ടുണ്ട്.
ഏഴ് വര്‍ഷം മുമ്പ് പോള്‍ മരിച്ചു. ഒളരിക്കര കടവാരം റെസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം സനലിനെ ആദരിച്ചു. ആതിരയാണ് സനലിന്റെ ഭാര്യ. ഒന്നര വയസ്സുള്ള മകളുണ്ട്. ചെണ്ട കടയുന്ന ജോലിയായിരുന്നു സനലിന്. കോവിഡിനു ശേഷം പണി കുറവായതോടെ പുല്ലുചെത്തുന്ന തൊഴിലിലേക്ക് മാറി.
Content Highlights: Agnes lost her wedding ring ,husband,s gift,lifestory
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..