ഊരിലെത്തിയപ്പോൾ അവരുടെ സന്തോഷം കണ്ട് കണ്ണും മനസ്സും നിറഞ്ഞു - വിശേഷങ്ങളുമായി ഹരിത വി. കുമാർ


ദീപാ ദാസ്

പൂർണമാകാത്ത ആ യാത്രയ്ക്കിടെ നേരിട്ട് ബോധ്യപ്പെട്ടു ആദിവാസികളുടെ ദുരിതം. മടങ്ങുമ്പോൾ മനസ്സിൽ നിശ്ചയിച്ചിരുന്നു, വൈകാതെ വീണ്ടുമെത്തും, അരയകാപ്പുകാരുടെ ഊര് സന്ദർശിക്കും.. അവർക്ക് പറയാനുള്ളത് കേൾക്കും...

ഹരിത.വി.കുമാർ, ഭർത്താവ് ഡോ. ശാന്തീവ്, മകൾ നിയതി| ഫോട്ടോ: മനീഷ് ചേമഞ്ചേരി

തലസ്ഥാന നഗരിയിൽ നിന്ന് കിലോമീറ്ററുകൾക്കകലെ നെയ്യാറ്റിൻകര ശ്രീകൃഷ്ണ ക്ഷേത്രത്തിനു സമീപത്തെ ഇടത്തരം കുടുംബം. സംഗീതമായിരുന്നു ആ കുടുംബത്തിന്റെ ജീവനാഡി. പാട്ടിനെ പ്രണയിച്ച ഗൃഹനാഥന് സാഹിത്യവും ഏറെ പ്രിയപ്പെട്ടത്. സിനിമാഗാനങ്ങളും കവിതകളും ആ വീട്ടിൽ എപ്പോഴും പശ്ചാത്തലമായി. അന്ന് കേരളത്തിലെ കുടുംബങ്ങളിൽ നിത്യജീവിതത്തിന്റെ ഭാഗമായിരുന്ന പവർകട്ട് നേരങ്ങളിൽ അദ്ദേഹം ഭാര്യയേയും മൂന്ന് മക്കളേയും ചുറ്റുമിരുത്തി ഉറക്കെ സിനിമാഗാനങ്ങൾ പാടും. കവിതകൾ ചൊല്ലും. ദൂരദർശനിലെ ചിത്രഗീതം റെക്കോർഡ് ചെയ്ത് സൂക്ഷിച്ച് വീണ്ടും കേൾക്കും. തിരുവനന്തപുരത്ത് സൂര്യസംഗീതം കേൾക്കാൻ കുടുംബത്തോടൊപ്പം മുടങ്ങാതെ പോകും.

കെ.എസ്.ഇ.ബി.യിലും വാട്ടർ അതോറിറ്റിയിലും കോൺട്രാക്ടറായിരുന്ന ആർ. വിജയകുമാറിന്റെയും സി.എസ്. ചിത്രയുടേയും മകളായ ഹരിതയുടെ മനസ്സിൽ സംഗീതത്തോടുള്ള ഇഷ്ടം കയറിവന്നതും ഈ വീട്ടുവഴിയിലൂടെ തന്നെയാണ്. നെയ്യാറ്റിൻകര സെന്റ് തെരേസാസ് സ്കൂളിൽ ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോഴേ കുഞ്ഞുഹരിതയിലെ ഗായികയെ അധ്യാപകരായ സിസ്റ്റർമാർ തിരിച്ചറിഞ്ഞിരുന്നു. അവർ ഹരിതയുടെ അമ്മയോട് പറഞ്ഞു: "മകളെ പാട്ടുപഠിപ്പിക്കണം''. ചെറുക്ലാസ്സിൽ തുടങ്ങിയ സംഗീതപഠനം എഞ്ചിനീയറിങ് പൂർത്തിയാകും വരെ തുടർന്നു. ഇടയ്ക്കിടെ മുറിഞ്ഞുപോയിരുന്നെങ്കിലും നിർത്താതെ ഒപ്പംകൂട്ടി.വർഷങ്ങൾക്കിപ്പുറം സാംസ്കാരിക നഗരിയായ തൃശ്ശൂരിന്റെ കളക്ടർ പദവിയിലിരിക്കുമ്പോഴും ഹരിതയുടെ മനസ്സ് നിറയെ സംഗീതമാണ്. ഈയിടെ ജോൺസൺ അനുസ്മരണവേദിയിൽ 'തൂവാനത്തുമ്പികളി'ലെ ഈണം മൂളിക്കൊണ്ട് അവർ നടത്തിയ ചെറുപ്രഭാഷണം സംഗീതപ്രേമികൾ വീണ്ടും വീണ്ടും കേട്ടു, കണ്ടു. സമൂഹമാധ്യമങ്ങളിലൂടെ പലവട്ടം പങ്കുവെച്ചു. നവാഗതനായ രൂപേഷ് സംവിധാനം ചെയ്യുന്ന 'കരുണ' എന്ന സിനിമയിൽ മോഹൻ സിത്താരയുടെ സംഗീത സംവിധാനത്തിൽ ഹരിത, ഗാനമാലപിച്ചിരുന്നു. അങ്ങനെ പിന്നണിഗായികയായ ആദ്യ ജില്ലാകളക്ടറുമായി അവർ.

മൂന്നരവയസ്സിൽ മികച്ചനടി

ആദ്യപുരസ്കാരത്തെക്കുറിച്ചുള്ള ഹരിതയുടെ ഓർമകൾ ചെന്നെത്തുന്നത് മൂന്നാംക്ലാസ്സിലേക്കാണ്. സബ്ജില്ലാ കലോത്സവത്തിൽ മികച്ച നടിയായപ്പോൾ ലഭിച്ച സമ്മാനം. അപ്പോഴേക്കും സംഗീതത്തോടൊപ്പം നൃത്തവും അഭ്യസിച്ചു തുടങ്ങിയിരുന്നു. ഭരതനാട്യവും മോഹിനിയാട്ടവും അഭ്യസിച്ച് സ്കൂളിൽ കലാമത്സരങ്ങളിൽ തിളങ്ങി. പഠനവും അതേ ഇഷ്ടത്തോടെ ഒപ്പം ചേർത്തു. ഈയടുത്ത് തൃശ്ശൂരിൽ നടന്ന സംസ്ഥാന റവന്യൂകലോത്സവത്തിൽ ഒന്നാം സ്ഥാനം നേടിയ തിരുവാതിരക്കളി ടീമിനെ നയിച്ചത് ഹരിതയാണ്.

"അച്ഛനും അമ്മയും എം.എസ്.സി. ബോട്ടണിക്കാരാണ്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ഒരേ ക്ലാസ്സിലിരുന്ന് പഠിച്ചവർ. അതുകൊണ്ടുതന്നെ പഠനത്തിൽ എനിക്കും ഇരട്ടസഹോദരന്മാരായ സതീർത്ഥിനും സാദർശിനും അവർ വ്യക്തമായ വഴി കാണിച്ചുതന്നു. മക്കൾക്കു വേണ്ടിയാണ് അമ്മ ജോലി വേണ്ടെന്ന് വെച്ചത്. പഠനത്തിൽ ശക്തമായ പിൻബലമേകി അമ്മ ഞങ്ങൾക്കൊപ്പം നിന്നു. സഹോദരന്മാർ രണ്ടുപേരും എഞ്ചിനീയർമാരാണ്. ഒരാൾ കാനഡയിലും മറ്റേയാൾ യു.എസ്.എ.യിലും. എനിക്ക് പുതുതലമുറയിലെ പെൺകുട്ടികളോട് പറയാനുള്ളത് നിങ്ങൾ ഒരു ജോലി നേടുക തന്നെ വേണം. എന്നിട്ട് സ്വന്തം കാലിൽ നിൽക്കണം...'' ഹരിത ഓർമിപ്പിക്കുന്നു.

ഹരിത.വി.കുമാർ

മോഹത്തിന് പിന്നാലേ

സെന്റ് തെരേസാസിൽ നിന്ന് പത്താംക്ലാസ്സിൽ മികച്ച വിജയം നേടിയ ഹരിത നെയ്യാറ്റിൻകര ഗവ.എച്ച്.എസ്.എസ്സിൽ നിന്ന് പ്ലസ്ടു പാസ്സായി. തുടർന്ന് ബാർട്ടൺഹിൽ എഞ്ചിനീയറിങ് കോളേജിൽ നിന്ന് ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷനിൽ ബി.ടെക് ബിരുദം.

"ദിവസേനെ 21 കിലോമീറ്ററിലേറെ യാത്ര. രാവിലെ ഏഴിന് വീട്ടിൽ നിന്നിറങ്ങിയാൽ വൈകീട്ട് ഏഴിനാണ് തിരിച്ചെത്തുന്നത്. ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു ആ കാലം. അവസാനവർഷമായപ്പോഴേക്കും താമസം തിരുവനന്തപുരത്തേക്ക് മാറ്റി. ഇതിനിടെ യു.പി.എസ്.സി. പരീക്ഷയ്ക്കുള്ള ഫൗണ്ടേഷൻ കോഴ്സ് ചെയ്തു. ചെറുപ്പം മുതലേ അച്ഛൻ പകർന്നു തന്ന മോഹത്തിനു പിന്നാലെ മനസ്സ് നീങ്ങിത്തുടങ്ങിയിരുന്നു.

ബിടെക് പാസ്സാകുന്നതിന് മുൻപേ എച്ച്.എ.എല്ലിൽ ജോലി ലഭിച്ചു. പക്ഷേ ആ ജോലി വേണ്ടെന്ന് വെച്ച് ഐ.എ.എസ്. പഠനത്തിൽ ഉറച്ചുനിൽക്കാൻ തീരുമാനിച്ചു. സ്കൂൾ കാലം തൊട്ടേ പ്രിയ വിഷയങ്ങളായിരുന്ന സയൻസും കണക്കും ഉപേക്ഷിച്ച് സാമ്പത്തികശാസ്ത്രവും മലയാളവും കൂടെക്കൂട്ടാൻ തീരുമാനിച്ചു. സാമ്പത്തികശാസ്ത്രം തിരഞ്ഞെടുത്തത് ബുദ്ധിയായില്ലെന്ന് പലരും പറഞ്ഞു. അതേ വിഷയം പഠിക്കാനായി സിവിൽ സർവീസ് പരിശീലകനായ പ്രൊഫ.എസ്. നാരായണനെ പോയിക്കണ്ടു. അദ്ദേഹവും ആദ്യം നിരുത്സാഹപ്പെടുത്തി. ഒരു പരീക്ഷയിടുമെന്നും അതിലെ മാർക്കനുസരിച്ച് തുടർന്ന് പഠിപ്പിക്കാമെന്നും അദ്ദേഹം പറഞ്ഞു.'' പരീക്ഷ ഹരിത നന്നായെഴുതി. പ്രൊഫ. നാരായണൻ അച്ഛനെ വിളിച്ചു പറഞ്ഞു മകളെ താൻ പഠിപ്പിക്കാമെന്ന്.

അങ്ങിനെ 2007-ൽ ഹരിത സിവിൽ സർവീസ് പരിശ്രമമാരംഭിച്ചു. 2009-ൽ ആദ്യമായി പരീക്ഷ എഴുതി. പ്രിലിമിനറി പാസായെങ്കിലും മെയിൻ തുണച്ചില്ല. പഠനം തുടർന്നു. തൊട്ടടുത്ത വർഷം ശ്രമം ഫലം കണ്ടു. 179-ാം റാങ്ക്. ഐ.പി.എസ്. കിട്ടുമെങ്കിലും ഐ.ആർ.എസ്. തിരഞ്ഞെടുത്തു. പരിശീലനത്തിനിടെ അവധിയെടുത്ത് പഠിച്ച് വീണ്ടും പരീക്ഷയെഴുതി. പക്ഷേ ഇത്തവണ റാങ്ക് 290-ലേക്ക് താഴ്ന്നു.  ഹരിത തളർന്നില്ല. ഫരീദാബാദിലെ കസ്റ്റംസ് അക്കാദമിയിലെ പരിശീലനത്തിനിടയിലും പഠനത്തിന് സമയം കണ്ടെത്തി. രണ്ടുതവണ ഇന്റർവ്യൂവിൽ മാർക്ക് കുറഞ്ഞതിനാൽ അതിൽ കൂടുതൽ ശ്രദ്ധ ചെലുത്തി.

അധ്യാപകന്റെ സ്വപ്നം

"2012-ൽ നാലാമത്തെ വട്ടം അവസാന പരീക്ഷയായ സാമ്പത്തികശാസ്ത്രം ഞാൻ എഴുതി. യൂണിവേഴ്സിറ്റി കോളേജിൽ അച്ഛനും അമ്മയും ഒന്നിച്ചു പഠിച്ച അതേ ക്ലാസ്സ് മുറിയിൽവച്ചായിരുന്നു പരീക്ഷ. പ്രൊഫ. നാരായണൻ എപ്പോഴും പറയുമായിരുന്നു ശിഷ്യരിൽ ഒരാളെങ്കിലും ഐ.എ.എസ്. പരീക്ഷയിൽ ഒന്നാം റാങ്ക് നേടുന്നത് കാണണമെന്ന്. ആ സ്വപ്നം 2012-ൽ നിറവേറ്റി.'' 22 വർഷത്തിന് ശേഷം കേരളത്തിന് ഒരു ഒന്നാംറാങ്കുകാരിയെ ലഭിച്ചു, രാജു നാരായണസ്വാമിക്കു ശേഷം ഹരിത വി. കുമാറിലൂടെ. "യു.പി.എസ്.സി. പരീക്ഷ നമ്മെ ഒരുപാട് മാറ്റും. ഞാൻ അനുഭവിച്ചറിഞ്ഞതാണത്. പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകൾ പലതരത്തിൽ നമ്മെ മെച്ചപ്പെടുത്തും. നമ്മുടെ സ്വഭാവത്തിൽ വരെ മാറ്റങ്ങളുണ്ടാകും...'' ഹരിത സാക്ഷ്യപ്പെടുത്തുന്നു.

റൂമിയും ജിബ്രാനും പ്രിയപ്പെട്ടവർ

"പഠനകാലത്ത് ഫിക്ഷനുകളായിരുന്നു തേടിപ്പിടിച്ച് വായിച്ചിരുന്നത്. എഞ്ചിനീയറിങ് അവസാനവർഷം തിരുവനന്തപുരത്ത് താമസമാക്കിയതോടെ പബ്ലിക്ക് ലൈബ്രറിയിൽ അംഗത്വമെടുത്തു. അങ്ങനെയാണ് ആഴത്തിലുള്ള വായനയിലേക്ക് കടക്കുന്നതും. മിസ്റ്റിക്, ഫിലോസഫിക്കൽ കവിതകളോട് പ്രത്യേക ഇഷ്ടം തോന്നാറുണ്ട്. റൂമിയും ഖലീൽ ജിബ്രാനുമൊക്കെ ഏറെ പ്രിയപ്പെട്ടവരാണ്.

വായനയ്ക്കൊപ്പം സംഗീതവും സിനിമയും കൂടി ചേരുമ്പോഴാണ് ഇഷ്ടങ്ങളുടെ പട്ടിക പൂർണമാകുന്നത്. കർണാടക സംഗീതത്തിനൊപ്പം ഗസലുകളും കേൾക്കാറുണ്ട്. തലത് മെഹ്മൂദിന്റെയും മെഹ്ദി    ഹസന്റെയും ഗസലുകൾ. സിനിമാസ്വാദനത്തിലേക്ക് കൈപിടിച്ചെത്തിച്ചത് അമ്മയാണ്. ഞാനൊരു അമ്മക്കുട്ടിയാണ്. അമ്മ പരിചയപ്പെടുത്തിയ എത്രയോ മലയാളം, തമിഴ് സിനിമകൾ. പദ്മരാജന്റെ "തൂവാനത്തുമ്പികളും' ഭാരതിരാജയുടെ "കറുത്തമ്മ'യും അങ്ങനെയങ്ങനെ...'' തൃശ്ശൂരിന്റെ പ്രിയകളക്ടർ മനസ്സ് തുറന്നു.

മലബാറുകാർ പ്രിയപ്പെട്ടവർ

"അസിസ്റ്റന്റ് കളക്ടറായി കണ്ണൂരിൽ ജോലി ചെയ്ത കാലം മറക്കാനാകില്ല. അവിടത്തുകാരുടെ സ്നേഹം വേറിട്ട ഒന്നാണ്. തൃശ്ശൂരിൽ മുൻപ് സബ്കളക്ടറായി ജോലി ചെയ്തിരുന്നു. അന്നുണ്ടായിരുന്ന ബന്ധവും പരിചയവും കളക്ടറായി എത്തിയപ്പോൾ തുണയായി. ഇതിനിടയിൽ നഗരകാര്യവകുപ്പിലും ഉന്നതവിദ്യാഭ്യാസവകുപ്പിലും പ്രവർത്തിച്ചു. സിവിൽ സപൈ്ലസ് ഡയറക്ടറായിരിക്കുമ്പോഴാണ് സംസ്ഥാനത്ത് കിറ്റ് വിതരണത്തിന് തുടക്കം കുറിക്കുന്നത്. തൃശ്ശൂരിൽ എത്തിയിട്ട് ഒരുവർഷം പിന്നിട്ടു. തൃശ്ശൂർ പൂരവും ചാലക്കുടി പ്രദേശത്തെ മഴക്കാല പ്രതിസന്ധികളും പോയ വർഷം പ്രശ്നരഹിതമായി കൈകാര്യം ചെയ്യാനായെന്ന ആത്മവിശ്വാസം കരുത്തായുണ്ട്...'' ഹരിതയുടെ മുഖത്ത് സന്തോഷം നിറഞ്ഞു.

മറക്കാനാവാത്ത യാത്ര

മറക്കാനാകാത്ത ഒട്ടേറെ അനുഭവങ്ങളും ഔദ്യോഗികജീവിതത്തിന്റെ ഭാഗമായുണ്ട്. അതിലൊന്നിലേക്ക് ഹരിത കടന്നു. "2021 നവംബർ അഞ്ചിനായിരുന്നു ആ യാത്ര. കല്ലുകൾ നിറഞ്ഞ ചെങ്കുത്തായ നടവഴിയിലൂടെ ഞങ്ങൾ മുന്നോട്ട് നടന്നു. അരയകാപ്പ് കോളനിയിലേയ്ക്കുള്ള ദൂരം പകുതി പിന്നിട്ടു. പിന്നീട് താഴോട്ട് ഇറങ്ങാൻ ശ്രമിച്ചെങ്കിലും യാത്ര നിർത്തേണ്ടി വന്നു. കോളനിയിലേയ്ക്ക് പോയി തിരികെ വരാൻ ഏറെ സമയമെടുക്കും. മറ്റൊരു പരിപാടിയിൽ പങ്കെടുക്കേണ്ടതുണ്ട്.

കേരളം-തമിഴ്നാട് അതിർത്തിയിലെ മലക്കപ്പാറയിൽ നിന്ന് നാല് കിലോമീറ്റർ അകലെ കാടിനുള്ളിലുള്ളിലാണ് അരയകാപ്പ് കോളനി. അവിടങ്ങളിലെ ആദിവാസികളുടെ ദുരിതം, പൂർണമാകാത്ത ആ യാത്രയ്ക്കിടെ നേരിട്ട് ബോധ്യപ്പെട്ടു. മടങ്ങുമ്പോൾ മനസ്സിൽ നിശ്ചയിച്ചിരുന്നു... വൈകാതെ വീണ്ടുമെത്തും, അരയകാപ്പുകാരുടെ ഊര് സന്ദർശിക്കും. അവർക്ക് പറയാനുള്ളത് കേൾക്കും.

കൃത്യം ഒരാഴ്ച കഴിഞ്ഞ് ഞങ്ങൾ വീണ്ടും അരയകാപ്പിലേക്ക് പുറപ്പെട്ടു. മിനിസ്റ്റർ കെ. രാധാകൃഷ്ണനും കൂടെയുണ്ടായിരുന്നു. മഴയുള്ള ദിവസമായിരുന്നു. ഇടമലയാർ റിസർവോയറിലൂടെ 25 കിലോമീറ്റർ ബോട്ടിൽ. പിന്നെ ഒന്നരക്കിലോമീറ്റർ    ചെളിയിലൂടെ വടി കുത്തിപ്പിടിച്ച് മുന്നോട്ട്. കാൽവഴുതുന്നിടത്ത് കോളനിവാസികൾ ഞങ്ങളുടെ കൈ മുറുകെപ്പിടിച്ചു.

ഒടുവില്‍ ഊരിലെത്തിയപ്പോള്‍ അവരുടെ സന്തോഷം കണ്ട് കണ്ണും മനസ്സും നിറഞ്ഞു. അവരുടെ ഊരിലേയ്ക്ക് ആദ്യമായാണ് ഒരു മന്ത്രിയും കളക്ടറുമെത്തുന്നത്.
'കോളനിക്ക് ചുറ്റും വന്യമൃഗഭീഷണി തടയുന്നതിന് ഫെന്‍സിങ്ങ് പൂര്‍ത്തീകരിച്ചു. കോളനി നിവാസികളുടെ മുഖ്യ ആവശ്യമായിരുന്ന മലക്കപ്പാറ അരയക്കാപ്പ് റോഡിന്റെ സര്‍വേ നടപടികള്‍ പൂര്‍ത്തിയായി. കമ്മ്യൂണിറ്റി ഹാള്‍ നിര്‍മാണത്തിന് 43 ലക്ഷം രൂപയുടെ ഭരണാനുമതിയായി. കോളനിയില്‍ എല്ലാ വീട്ടിലും ലാന്‍ഡ് ഫോണും വൈഫൈ കണക്ഷനുമെത്തി. കുടിവെള്ളപദ്ധതിയുടെ സര്‍വേ തുടങ്ങി'- കളക്ടറെന്ന നിലയില്‍ മനസ്സിനെ ഏറെ സ്പര്‍ശിച്ച നിമിഷങ്ങള്‍ പങ്കുവെച്ചു ഹരിത.

നിയതിവാവയുടെ അമ്മ

ജില്ലാ ഭരണാധികാരിയുടെ കനത്ത ഉത്തരവാദിത്തം തീർത്ത് വീട്ടിലെത്തുമ്പോൾ മൂന്നുവയസ്സുകാരി നിയതി അമ്മയെ കാത്തിരിപ്പുണ്ടാകും. നിയതിവാവയ്ക്ക് അമ്മയോടൊപ്പം കളിക്കാനാകുന്നത് ഞായറാഴ്ചകളിൽ മാത്രം. വാവയെ ആ സങ്കടം അറിയിക്കാതിരിക്കാൻ രണ്ട് അപ്പൂപ്പന്മാരും രണ്ട് അമ്മൂമ്മമാരും മാറി മാറി കൂടെയുണ്ടാകും.

ഹരിതയുടെയും ഭർത്താവ് ഡോ. ശാന്തീവിന്റെയും അച്ഛനമ്മമാരാണ് മാറിമാറി കുഞ്ഞുമോൾക്ക് തുണയേകുന്നത്. കൊല്ലം സ്വദേശിയായ ഡോ. ശാന്തീവ് തൃശ്ശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജിലെ സീനിയർ റെസിഡന്റാണ്.

​ഗൃഹലക്ഷ്മിയിൽ പ്രസിദ്ധീകരിച്ചത്

Content Highlights: thrissur collector haritha v kumar sharing experience


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022

Most Commented