പല്ലുള്ള കിളിയുടെ ആവലാതികൾ മുതൽ ആഴക്കടലിലെ നത്തോലിയുടെ സാരോപദേശം വരെ; ചൂരൽ മച്ചുനൻമാരുടെ വിശേഷങ്ങൾ


ഷിനില മാത്തോട്ടത്തിൽ

ഷമീറും ജാസിം ഹാഷിമും

സ്ഥലം ആഴക്കടൽ. നത്തോലി വന്ന് തിമിംഗിലത്തോട് ഒറ്റച്ചോദ്യം. ''പ്രോട്ടീൻ പൗഡർ തിന്നുമല്ലേ...'' ഇല്ലെന്ന് തിമിംഗിലം. ''പിന്നേ.. പ്രോട്ടീൻ പൗഡർ തിന്നാതെങ്ങനെ ഇത്രേം സൈസായെ''ന്ന് നത്തോലി. ഇത്രേം തടി വൃത്തികേടാ, കുറയ്ക്കണമെന്ന് 'പൊളിറ്റിക്കലി ഒട്ടും കറക്ടല്ലാത്ത' സാരോപദേശവും. ആഴക്കടലിൽ ഇങ്ങനെയൊരു ബോഡിഷെയ്മിങ് ആരെങ്കിലും വിചാരിച്ചതാണോ? പക്ഷേ, ഷമീർ ഖാൻ അങ്ങനെ പലതും സങ്കല്പിച്ചു. തിരക്കഥയെഴുതി. മച്ചുനൻ ജാസിം ഹാഷിമിനെ ഒപ്പംകൂട്ടി റീലുകളുണ്ടാക്കി. ജന്തുലോകത്തെ വർത്തമാനങ്ങളിൽ വളർന്ന് 'ദി ചൂരൽ' എന്ന ഇൻസ്റ്റഗ്രാം ചാനൽ മുന്നേറുകയാണ്. കുലുങ്ങിച്ചിരികൾ ഏറ്റുവാങ്ങി 'പ്രൊപ്രൈറ്റർ' ഷമീർ ഖാനും 'ഇടംകൈ' ജാസിം ഹാഷിമും.
പാമ്പ് തുണിയഴിക്കുമ്പോൾ (പടം പൊഴിക്കുന്നത്) ഒളിഞ്ഞുനോക്കാൻ മിന്നാമിനുങ്ങിനോട് വെട്ടം ചോദിക്കുന്ന 'പെർവെർട്ട് ചീവീട്'. കാട്ടിലിങ്ങനെയൊരു ഒളിഞ്ഞുനോട്ടം ആരും പ്രതീക്ഷിച്ചിരിക്കില്ല. തീർന്നില്ല. 'പല്ലുള്ള കിളി' (വവ്വാൽ)യുടെ ആവലാതികൾ, നാട്ടുകാർ അവിഹിതം ആരോപിക്കുമെന്ന് പേടിച്ച് ചെവിയിലെ ചെള്ളെടുക്കാൻ വന്ന കാക്കയോട് പോവാൻ പറയുന്ന പശു, പാമ്പിനെ കണ്ടാൽ എടുത്തുടുക്കാൻ തോന്നുന്ന കീരി... ചൂരൽ മച്ചുനന്മാരുടെ മൃഗവിചാരങ്ങൾ തീരുന്നില്ല. തനി തിരുവനന്തപുരം ശൈലിയിൽ ഏഷണിയും ആവലാതികളും ആകുലതകളും പറയുന്ന കാക്കയും പല്ലിയും പാറ്റയും പിറന്നത് ജോലി മടുത്ത ഒരു എൻജിനീയറുടെ സിനിമാമോഹത്തിൽ നിന്നാണ്. അക്കഥയിങ്ങനെ..

സൗദി അറേബ്യയിൽ എൻജിനീയറായി ജോലിചെയ്യുന്ന കാലത്താണ് ഷമീറിൽ അങ്ങനെയൊരു മോഹംവന്നത്. സ്വന്തമായി ഒരു യൂട്യൂബ് ചാനൽ തുടങ്ങണം. വെബ് സീരീസ് ചെയ്യണം. സിനിമ ചെയ്യണം. ആഗ്രഹങ്ങൾ മനസ്സിൽ കൂമ്പാരമായപ്പോൾ പിന്നെ മുന്നുംപിന്നും നോക്കിയില്ല. പെട്ടിയെടുത്ത് നാട്ടിലേക്ക് വിമാനം കയറി. ഉപ്പയുടെ പെങ്ങളുടെ മകൻ ജാസിമിനെ കറക്കിയെടുത്ത് ഒപ്പംകൂട്ടി. ടെക്നോപാർക്കിൽ ഐ.ടി. റിക്രൂട്ടറായി ജോലിചെയ്യുന്ന ജാസിം ജോലി വിടാതെ പാർട് ടൈം ആയി ഷമീറിനൊപ്പം നിൽക്കാമെന്നേറ്റു.

കരിക്കിനും മുമ്പേ വന്നു

''ചെറുപ്പംതൊട്ടേ ഞങ്ങൾ രണ്ടാളും ചേർന്നാൽ പിന്നെ നല്ല ചളിയടിയാണ്. സീരിയസ്സായിട്ടൊന്നും ഇല്ലാന്നുതന്നെ പറയാം'' തമാശയൊളിപ്പിച്ചുകൊണ്ട് ഷമീർ പറഞ്ഞുതുടങ്ങി. ''സൗദിയിലെ ജോലി എനിക്കിഷ്ടമല്ലായിരുന്നു. ആയിടയ്ക്ക് ജാസിം ഡബ്സ്മാഷും ഫെയ്സ്ബുക്കിൽ ഒന്നുരണ്ടു വീഡിയോയുമൊക്കെ ചെയ്ത് അത്യാവശ്യം വൈറലായി. അതുകണ്ടപ്പോൾ എനിക്കും അതേപോലെ എന്തെങ്കിലും ചെയ്യാൻ തോന്നി. ഞാനും എന്റെ വേറൊരു ബന്ധുവുംകൂടി വെറുതേ കുറച്ചു വീഡിയോ ചെയ്തുനോക്കി. തരക്കേടില്ലായിരുന്നു. ചെറിയൊരു ആത്മവിശ്വാസം കിട്ടി. വിദേശ യൂട്യൂബ് ചാനലൊക്കെ ഞാൻ കാണാറുണ്ടായിരുന്നു. ഇവിടെ യൂട്യൂബ് ചാനലുകളൊന്നും അന്നത്ര സജീവമല്ല. 'കരിക്ക്' ചാനലും അന്നില്ല. അങ്ങനെ ഞാൻ ജോലി മതിയാക്കി നാട്ടിലോട്ട് വന്നു. ഒരു യൂട്യൂബ് ചാനൽ തുടങ്ങി. മൂന്നാലു വീഡിയോ ചെയ്തു. കണ്ടവർക്കൊക്കെ ഇഷ്ടപ്പെട്ടു. അതും കഴിഞ്ഞ് ഒരു സിനിമാസ്‌ക്രിപ്റ്റെഴുതാനും നോക്കി. ഒന്നും വിചാരിച്ചപോലെ നടന്നില്ല. വീഡിയോ തുടർന്നതുമില്ല. ഞാൻ വീണ്ടും ഗൾഫിൽ പോയി. ജോലിമതിയാക്കി വീണ്ടും തിരിച്ചുവന്നു. ഫ്ളവേഴ്സ് ടി.വി.യിലെ 'ചക്കപ്പഴ'ത്തിന്റെ തിരക്കഥ ചെയ്തു. അതിനൊപ്പമാണ് ചൂരൽ പേജിൽ റീൽസിട്ടുതുടങ്ങിയത്...''ഷമീർ പറഞ്ഞു.

''മൃഗങ്ങൾ സംസാരിക്കുന്ന ആശയത്തിലുള്ള വീഡിയോകൾ പലയിടത്തും ഞങ്ങൾ കണ്ടിരുന്നു. അങ്ങനെയൊന്ന് തുടങ്ങിയാൽ നന്നാവുമെന്ന് തോന്നി. മൃഗങ്ങളുടെ പരിഭവവും പരാതിയും മനുഷ്യർ കാരണം മൃഗങ്ങൾക്കുണ്ടാവുന്ന ബുദ്ധിമുട്ടുകളുമൊക്കെ കൂടുതൽ കാണിച്ചത് ഞങ്ങളായിരിക്കുമെന്നു തോന്നുന്നു. അതുകൊണ്ടായിരിക്കും കൂടുതലാളുകൾ ഏറ്റെടുത്തത്...''ജാസിം കൂട്ടിച്ചേർത്തു.

പേരിനു പിന്നിൽ

ഷമീർ നാട്ടിൽവന്ന് വീഡിയോ ചെയ്യാമെന്ന് പറഞ്ഞ സമയത്ത് ഞങ്ങൾ യൂട്യൂബിലൊരു ചാനൽ തുടങ്ങി. അത് ക്ലച്ചുപിടിച്ചില്ല. പിന്നെ രണ്ടുകൊല്ലം കഴിഞ്ഞാണ് വീണ്ടുമൊന്ന് തുടങ്ങാൻ തീരുമാനിച്ചത്. അപ്പോഴേക്കും 'കരിക്ക്' ഒക്കെ സജീവമായി. 'കരിക്ക്' പോലെ ഏതെങ്കിലുമൊരു സാധനത്തിന്റെ പേര് ഞങ്ങളുടെ ചാനലിനും കൊടുക്കണമെന്നുണ്ടായിരുന്നു. ഒരുപാടെണ്ണം ആലോചിച്ചു. 'ചൂരൽ' കൊള്ളാമെന്നു തോന്നി. പേരിട്ടതിനു ശേഷം ഒരർഥവുമുണ്ടാക്കിയെടുത്തു. സമൂഹത്തിൽ ഒരടിയുടെ കുറവുള്ള ആൾക്കാർക്ക് അടികൊടുക്കാനുള്ള ചൂരലെന്ന്. ചാനൽ തുടങ്ങി പിന്നെയും ഇടവേള വന്നു. മൂന്നാമത്തെ ശ്രമമെന്ന നിലയിൽ പത്തുമാസം മുമ്പ് ഇൻസ്റ്റഗ്രാമിൽ റീൽസിട്ടുതുടങ്ങി. അവിടെയാണ് ഹിറ്റായത്.''ജാസിം വിജയരഹസ്യം പങ്കുവച്ചു.

പ്രൊപ്രൈറ്ററുടെ പണി

റീൽസിന്റെ സ്‌ക്രിപ്റ്റ് തയ്യാറാക്കുന്നത് ഷമീറാണ്. ''തിരക്കഥ തയ്യാറാക്കി ജാസിമിന് അയച്ചുകൊടുക്കും. അവന്റെകൂടെ നിർദേശങ്ങൾ ചേർത്ത് മെച്ചപ്പെടുത്തും. ചിരിപ്പിക്കലിനാണ് കൂടുതൽ പ്രാധാന്യം കൊടുക്കുന്നത്. സാമൂഹികഘടകങ്ങൾ കൊണ്ടുവരാൻ പറ്റുമെന്നു തോന്നിയാൽ അതും ചേർക്കും. ജാസിമാണ് കൂട്ടത്തിലെ പാട്ടുകാരൻ''ഷമീറിന്റെ സംസാരം ജാസിം പൂരിപ്പിച്ചു. ''ഷമീറും പാടും. ഗിറ്റാർ വായിക്കും. വേണ്ടിവന്നാൽ ഡാൻസും ചെയ്യും.''

പാരഡിപ്പാട്ടുകൾ

റീലുകളിൽ പാരഡിപ്പാട്ടുകളും കൊണ്ടുവരുന്നുണ്ട്. അതും ഷമീർ തന്നെയാണ് എഴുതുന്നത്. സഹോദരിമാരായ ഖദീജ ഖാന്റെയും ഫരീദ ഖാന്റെയും സംഭാവനയുമുണ്ട്. ''ഞാനും അനിയത്തിമാരും ചുമ്മാതിരുന്ന് പാട്ടൊക്കെ പാടുമ്പോൾ ഒരുവരി മാറ്റിപ്പാടി നോക്കും. അടുത്തയാൾ അടുത്ത വരി ഉണ്ടാക്കിപ്പാടും. അതിൽ പിടിച്ചുപിടിച്ച് മൂന്നാലുവരിയുണ്ടാക്കും. അങ്ങനെയുണ്ടാവുന്നതാണിതൊക്കെ. അല്ലാതെ ഇരുന്നെഴുതുന്നതൊന്നുമല്ല.''
പാട്ട് പാരഡി ആകുന്നതിന്റെ ഗുട്ടൻസ് ഷമീർ വെളിപ്പെടുത്തി. ''വെറുതേ പാരഡിപ്പാട്ട് പാടുന്ന ശീലം പണ്ടേ ഞങ്ങൾക്കുണ്ട്. പരസ്പരം ചിരിപ്പിക്കാൻ വേണ്ടിയാണത്.''ജാസിം കൂട്ടിച്ചേർത്തു.

തമാശക്കുടുംബം

ഷമീറിന്റെയും ജാസിമിന്റെയും കുടുംബത്തിൽ തമാശക്കാരായ ഒരുപാടാളുകളുണ്ട്. ''കൊച്ചിലേ കുറേ തമാശക്കാരുടെ ഇടയിലായിരുന്നു ഞങ്ങൾ. അതുകൊണ്ടായിരിക്കാം ഞങ്ങൾക്കും കുറച്ചൊക്കെ തമാശ പറയാനാവുന്നത്. അനിയത്തിമാരും മാമന്മാരും ഉമ്മയും വാപ്പയും നന്നായി സപ്പോർട്ട് ചെയ്തു. ആരും കാര്യമായി നിരുത്സാഹപ്പെടുത്തിയിട്ടില്ല''ഷമീറിന്റെ വാക്കുകളിൽ സന്തോഷം നിറഞ്ഞു. ഷമീറിന്റെ ഉപ്പയുടെയും ഉമ്മയുടെയും പിന്തുണയെക്കുറിച്ചാണ് ജാസിമിനും പറയാനുള്ളത്. ''ഗൾഫിലെ ജോലി മതിയായെന്ന് ഷമീർ പറഞ്ഞപ്പോൾ പ്രത്യേകിച്ചൊരു സമ്മർദ്ദവും കൊടുക്കാതെ അവനോട് തിരിച്ചുവന്നോളാൻ പറഞ്ഞു. ഒന്നല്ല, രണ്ടുവട്ടം. പരാതിപറയാതെ ഒപ്പംനിന്നു. ഇപ്പോൾ എന്തെങ്കിലും നടക്കുന്നുണ്ടെങ്കിൽ അതിനെല്ലാം കാരണക്കാർ അവരാണ്. ഞങ്ങളുടെ രണ്ടുവീട്ടുകാരും നല്ല സപ്പോർട്ടാണ്.''

മോശം കമന്റ് കുറവാണ്

''മോശം കമന്റുകൾ വളരെ കുറവാണ്. തീരെ വരുന്നില്ലെന്നല്ല. 90-ഓളം റീൽസ് ചെയ്തിട്ടുണ്ട്. വിരലിലെണ്ണാവുന്ന മോശം കമന്റുകളേ വന്നിട്ടുള്ളൂ. ഇനിയും അങ്ങനെയാവട്ടെ. പൊതുവെ ഞങ്ങൾ പ്രതികരിക്കാൻ പോവാറില്ല. അതുതന്നെയാണ് നല്ലത്. അത്ര സഹിക്കാൻ പറ്റാത്തത് വന്നാൽ ചിലപ്പോ പ്രതികരിക്കുമായിരിക്കും. ഇഷ്ടപ്പെട്ടില്ലെങ്കിൽ അൺഫോളോ ചെയ്യാനൊക്കെ ആളുകൾ പഠിച്ചെന്ന് തോന്നുന്നു...''ഇരുവരും പറഞ്ഞു.

ഭാവി പരിപാടികൾ

''കുറച്ചുകൂടെ വലിയ വീഡിയോ ചെയ്യണം. കരിക്കൊക്കെ പോലെ വലിയൊരു കമ്പനിയാകണമെന്നാണ് ആഗ്രഹം. കുറച്ചുകൂടെ ആളുകളെ കൂടെക്കൂട്ടണം. റീൽസ് ചെയ്യുന്നത് എന്തായാലും തുടരും''ഇതാണ് ഷമീറിന്റെ സ്വപ്നം. 'കാക്ക കുളിച്ചാൽ കൊക്കാവുമോ' എന്ന പ്രയോഗത്തിലാണ് ഇക്കണ്ട വീഡിയോകളൊക്കെ ചെയ്തുതുടങ്ങിയതെന്ന് ഷമീർ. ''അപ്പറഞ്ഞതിലൊരു വംശീയാധിക്ഷേപമുണ്ടല്ലോ. അത് വീഡിയോയാക്കി. നല്ല പ്രതികരണം കിട്ടിയപ്പോൾ അതിൽ പിടിച്ചിങ്ങുപോന്നു. ഫോളോവേഴ്സിനും സുഹൃത്തുക്കൾക്കുമെല്ലാം ഹൃദയംനിറഞ്ഞ നന്ദി...'' ഷമീർ പറഞ്ഞുനിർത്തി. ജാസിമും.

​ഗൃഹലക്ഷ്മിയിൽ പ്രസിദ്ധീകരിച്ചത്

Content Highlights: the chooral instagram videos shameer jasim hashim


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: twitter/Wandering Van

1 min

'ഇത് ശരിക്കും റൊണാള്‍ഡോ, മറ്റേത് ആരാധകന്‍'; വൈറലായി വീഡിയോ

Nov 28, 2022

Most Commented