പി. ജയലക്ഷ്മി | Photo: Grihalakshami
നിയമസഭാ സെക്രട്ടേറിയറ്റില്‍ ജോലിയില്‍ പ്രവേശിക്കുമ്പോള്‍ തിരുവനന്തപുരം സ്വദേശിനിയായ പി. ജയലക്ഷ്മിക്ക് പ്രായം 23. ജനാധിപത്യത്തിന്റെ നെടുംതൂണായ സ്ഥാപനത്തിനുള്ളില്‍ സ്ത്രീ എന്ന നിലയില്‍ അവര്‍ക്കു നേരിടേണ്ടി വന്ന വെല്ലുവിളികള്‍ ചെറുതായിരുന്നില്ല. സ്വതന്ത്രാഭിപ്രായമുള്ള ഒരു സ്ത്രീക്ക് സമൂഹവും തൊഴിലിടവും കല്പിച്ചു നല്കുന്ന ചങ്ങലകളുടെ കിലുക്കം അവരുടെ ഓര്‍മകള്‍ക്കുണ്ട്. തീക്ഷ്ണമായ ഓര്‍മകളിലേക്ക് അവര്‍ കടക്കുന്നു...
തുടക്കം
പഠനം കഴിഞ്ഞ് അധികം വൈകാതെ തന്നെ എനിക്ക് സര്‍ക്കാര്‍ ജോലി ലഭിച്ചു. എറണാകുളത്ത് അഡ്വക്കേറ്റ് ജനറല്‍ ഓഫീസിലായിരുന്നു ആദ്യ നിയമനം. പക്ഷേ, വളരെവേഗം തന്നെ ഉഭയസമ്മതപ്രകാരം അന്തര്‍ജില്ലാ സ്ഥലം മാറ്റം വാങ്ങി ഞാന്‍ നിയമസഭാ സെക്രട്ടേറിയറ്റിലേക്ക് എത്തി. എനിക്കു പകരം അഡ്വക്കേറ്റ് ജനറല്‍ ഓഫീസിലേക്ക് പോയ ആള് കോണ്‍ഗ്രസ് അനുകൂല സര്‍വീസ് സംഘടനയിലെ അംഗമായിരുന്നു. അതേ സംഘടനയില്‍ ഞാന്‍ അംഗമാകണം എന്ന ഉടമ്പടി അംഗീകരിക്കേണ്ടി വന്നു. സംഘടനയില്‍ ചേരാനുള്ള അപേക്ഷാ ഫോം ജോയിനിങ് റിപ്പോര്‍ട്ട് കൈയില്‍ കിട്ടുന്നതിന് മുമ്പു തന്നെ അവരെനിക്ക് തന്നു. നിയമസഭാ സെക്രട്ടേറിയറ്റിലേക്കുള്ള സ്ഥലംമാറ്റം ഉറപ്പിച്ച സമയത്ത് അവിടുത്തെ അന്തരീക്ഷത്തെപ്പറ്റി അഡ്വക്കേറ്റ് ജനറല്‍ ഓഫീസില്‍ നിന്ന് ചില സൂചനകള്‍ ലഭിച്ചിരുന്നു. തന്റെ താത്പര്യത്തിനൊത്തു നില്‍ക്കാത്ത മേലുദ്യോഗസ്ഥയ്ക്കെതിരെ ആസിഡ് പ്രയോഗം നടത്തിയ സഹപ്രവര്ത്തകനെപ്പറ്റിയുളള കഥകളൊക്കെ അതില്‍ ഉള്‍പ്പെടും. പക്ഷേ, നാട്ടില്‍ തനിച്ചായ അമ്മയുടെ ആരോഗ്യസ്ഥിതിയും മറ്റും കണക്കിലെടുത്ത് അവിടേക്ക് പോവുക തന്നെയായിരുന്നു എന്റെ മുന്നിലുള്ള ഏക വഴി.
എതിര്‍പ്പിന്റെ കാരണം
സര്‍വീസില്‍ കയറി രണ്ടു വര്‍ഷത്തിനിടയില്‍ എനിക്ക് സംഘടനാ അംഗത്വം രാജിവെക്കേണ്ടി വന്നു. സഹപ്രവര്‍ത്തകയ്ക്ക് നേരിടേണ്ടി വന്ന പ്രശ്നത്തില്‍ സംഘടന സ്വീകരിച്ച നിലപാടുകളാണ് കാരണം. തുടര്‍ന്ന് ഇടതു സംഘടനയില്‍ ചേരാനുള്ള ക്ഷണം ലഭിച്ചെങ്കിലും ഞാന്‍ നിരസിച്ചു. അവരുടെ അന്ധമായ പാര്‍ട്ടി വിധേയത്വത്തില്‍ എനിക്ക് താത്പര്യം ഉണ്ടായിരുന്നില്ല. ഒരു സംഘടനയിലും അംഗമല്ല എന്നതായിരുന്നു പിന്നീട് ഞാനനുഭവിച്ച ഒറ്റപ്പെടലുകളുടെയും അവഗണനകളുടെയും കാരണം. കലുഷിതമായ കാലം. അതിനിടെ പത്രപ്രവര്‍ത്തകനായ കെ. ജി. കുമാറുമായുള്ള വിവാഹം. മകന് സിദ്ധാര്‍ഥിന്റെ ജനനം.
വിലക്കുകളുടെ വഴി
വി. എസ്. സര്‍ക്കാരിന്റെ പരാജയത്തെ തുടര്‍ന്ന് ഉമ്മന്‍ചാണ്ടി മന്ത്രിസഭ അധികാരമേറ്റ് അധികനാള്‍ കഴിയും മുമ്പേ അഡീഷണല്‍ സെക്രട്ടറിയായി എനിക്ക് സ്ഥാനക്കയറ്റം ലഭിച്ചു. ഉയര്‍ന്ന തസ്തികകളിലേക്കുള്ള വളര്‍ച്ചയ്ക്ക് തടയിടാന്‍ ഇതുതന്നെയാണ് പറ്റിയ അവസരം എന്ന് അവര്‍ ഉറപ്പിച്ചു.
എന്നെ ഒതുക്കാന്‍ ഒടുവില്‍ അവര്‍ ആസൂത്രിതമായി ഒരു കാരണം കണ്ടെത്തി. അനൗദ്യോഗികമായി സ്വന്തം ചെലവില്‍ വാക്കാല്‍ അറിയിച്ചു ചെയ്ത യാത്രയായിരുന്നു ചാര്‍ത്തപ്പെട്ട കുറ്റം. യാത്രയുടെ കാര്യം മേലധികാരിയോട് മൂന്‍കൂട്ടി സൂചിപ്പിച്ചിട്ടുകൂടിയും രണ്ടുപേജുള്ള കുറ്റാരോപണ മെമ്മോ തേടിയെത്തി. ആസൂത്രിത ആരോപണങ്ങള്‍. എന്റെ നിപരാധിത്വം വ്യക്തമാക്കി ഞാന്‍ മറുപടി കൊടുത്തു. അച്ചടക്ക അധികാരിയായ സ്പീക്കര്‍ ജി. കാര്‍ത്തികേയനെ നേരില്‍ കണ്ട് ഞാന്‍ കാര്യങ്ങള്‍ വ്യക്തമാക്കി. പക്ഷേ, അനുചരന്മാരുടെ കള്ളത്തരങ്ങള്‍ വിശ്വസിച്ച് അദ്ദേഹം നിഷ്പക്ഷത മറന്നു.
2013 നവംബര്‍ 13ന് സസ്പെന്ഷന് ഉത്തരവ് ലഭിച്ചു. ഇക്കാര്യത്തില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ടെങ്കില്‍ കൂടിയും അതിനുള്ള നടപടികള്‍ മേലധികാരി മനപ്പൂര്‍വം വൈകിപ്പിക്കുകയാണ് ഉണ്ടായത്. സര്‍വീസിലേക്കുള്ള മടക്കം പരമാവധി വൈകിപ്പിക്കുക എന്ന ലക്ഷ്യം. പ്രൊബേഷന്‍ കാലയളവ് വൈകിപ്പിക്കപ്പെട്ട ജീവനക്കാരുടെ പട്ടികയിലെ ഏകഓഫീസര് സീനിയര്‍ അഡീഷണല്‍ സെക്രട്ടറിയായ ഞാനായിരുന്നു.
നിഷേധിക്കപ്പെട്ട നീതി
ഒരു സംഘടനാ നേതൃത്വവും എനിക്ക് തുണയായില്ല. അവരുടെ ലക്ഷ്യം മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫില്‍ ആളുകളെ തിരുകി കയറ്റലും അതുവഴി പ്രമോഷന് സാധ്യത വര്‍ധിപ്പിക്കലും എതിര്‍ക്കുന്നവരെ ചൊല്‍പ്പടിക്ക് നിര്‍ത്തലുമായിരുന്നു. എന്റെ അമ്മ ശാരീരിക അവശതകളെ തുടര്‍ന്ന് കിടപ്പിലായ സമയമായിരുന്നു അത്. സസ്പെന്ഷന് കാര്യം ഞാന്‍ അമ്മയില്‍ നിന്ന് മറച്ചുവച്ചു. അവധിയിലാണ് എന്ന് കള്ളം പറഞ്ഞു. നാലുമാസത്തോളം ഞാന്‍ വീട്ടിലിരുന്നു.
ഒടുവില്‍ തിരികെ ജോലിയില്‍ പ്രവേശിച്ചപ്പോള്‍ എനിക്ക് മുപ്പത്തിനാലോളം നിയമസഭാ കമ്മറ്റികളില്‍ ഒന്നിന്റെ പോലും ചുമതലയില്ല. അതിനിടെ അമ്മയുടെ മരണം. മാനസികമായി തകര്‍ന്ന നാളുകള്‍. ഒടുവില്‍ ഹര്‍ജി തള്ളി. സസ്പെന്ഷന് കാലയളവിലേക്കുള്ള അവധി ആവശ്യപ്പെട്ടു. ആറുമാസം കൊണ്ട് പൂര്‍ത്തിയാകേണ്ട പ്രൊബേഷന്‍ 19 മാസത്തോളം വൈകിപ്പിച്ചു.
.jpg?$p=daee72f&&q=0.8)
എന്റെ പോരാട്ടം
സ്പീക്കര്‍ ജി. കാര്‍ത്തികേയന്റെ മരണത്തെ തുടര്‍ന്ന് പതിമൂന്നാം നിയമസഭയുടെ പുതിയ സ്പീക്കറായി എന്‍. ശക്തന് ചുമതലയേറ്റു. ഞാന്‍ അദ്ദേഹത്തെ ചെന്നുകണ്ട് എന്റെ പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും വിശദീകരിച്ചു. വേണ്ട നടപടികളെല്ലാം എടുത്തുകൊള്ളാം എന്ന വാക്ക് നല്കി അദ്ദേഹം എന്നെ പറഞ്ഞയച്ചു. യാഥാര്‍ഥ്യം മനസ്സിലാക്കി സ്പീക്കറുടെ പ്രത്യേക അധികാരം ഉപയോഗിച്ച് ഒരു തീരുമാനം എടുക്കാന്‍ അദ്ദേഹത്തിന് കഴിയും. പക്ഷേ, ന്യായാധിപനായ വകുപ്പുതലവനെ വെറുപ്പിച്ചുകൊണ്ട് അതത്ര എളുപ്പമാവുകയില്ല. ഞാന്‍ കോടതി നടപടികളുമായി മുന്നോട്ടുപോയി.
അങ്ങനെ നിയമസഭാ സെക്രട്ടേറിയറ്റിന്റെ ചരിത്രത്തില്‍ ആദ്യമായി ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് ഇങ്ങനെയൊരു വിഷയത്തില്‍ സ്പീക്കര്‍ ഹിയറിങ് നടത്തേണ്ടി വന്നു. എന്റെ വിശദീകരണങ്ങളും സസ്പെന്ഷന് ഉത്തരവും പുനഃപരിശോധനാ ഹര്‍ജിയും ശിക്ഷാനടപടിയുമായി ബന്ധപ്പെട്ട ഉത്തരവും അദ്ദേഹം സൂക്ഷ്മമായി നോക്കി. ഹിയറിങ് പൂര്‍ത്തിയാക്കി അദ്ദേഹം എനിക്ക് നല്കപ്പെട്ട കടുത്ത ശിക്ഷ വെറും ഒരു താക്കീതായി കുറച്ചു. സസ്പെന്ഷന് കാലയളവിലെ അവധി ഉത്തരവും കോടതി റദ്ദാക്കിയിരുന്നു. എന്റെ ഒറ്റയാള്‍ പോരാട്ടം വിജയംകണ്ടു.
കാവ്യനീതി
സര്‍വീസ് ജീവിതത്തിലെ വലിയ കളങ്കത്തെ നീതിയില്‍ ഉറച്ചു നിന്ന് മായ്ച്ചുകളഞ്ഞതിന്റെ ആത്മവിശ്വാസം ചെറുതായിരുന്നില്ല. പക്ഷേ, വെല്ലുവിളികള്‍ പിന്നെയും ബാക്കിയായി. സ്പെഷ്യല്‍ സെക്രട്ടറി തസ്തിക യിലേക്കുള്ള സ്ഥാനക്കയറ്റത്തിനുള്ള ലിസ്റ്റില്‍ നിന്ന് മേലധികാരി എന്നെ ഒഴിവാക്കി. തുടര്‍ച്ചയായ ഈ നീതിനിഷേധം എന്റെ സഹപ്രവര്‍ത്തകരില്‍ ചിലരെ പ്രകോപിപ്പിച്ചു. അവര്‍ എനിക്ക് പിന്തുണയേകി. ഞാന്‍ റിവ്യൂ ഹര്‍ജി നല്കി. വകുപ്പ് തലവന്‍ അതിന്മേലുള്ള തീരുമാനം പരമാവധി വൈകിപ്പിച്ചുകൊണ്ടാണ് പകരംവീട്ടിയത്.
2016 മേയില്‍ വീണ്ടും പൊതു തിരഞ്ഞെടുപ്പ് വന്നെത്തി. തിരഞ്ഞെടുപ്പ് ഫലത്തിന്റെ തലേന്ന് വകുപ്പ് തലവന്‍ ആരോടും യാത്രപോലും ചോദിക്കാതെ നിയമസഭാ സെക്രട്ടേറിയറ്റിന്റെ പടിയിറങ്ങി. തിരഞ്ഞെടുപ്പില്‍ ഇടതു മുന്നണി വിജയിച്ചു. വകുപ്പ് തലവന്‍ സ്ഥാനമൊഴിഞ്ഞതോടെ സ്പെഷ്യല്‍ സെക്രട്ടറിയെ കണ്ട് റിവ്യുവിന്റെ കാര്യം ഞാന്‍ സംസാരിച്ചു. ഇടപെടല്‍ ഫലംകണ്ടു. തീരുമാനം തിരുത്തപ്പെട്ടു. നിലവിലെ സ്പെഷ്യല്‍ സെക്രട്ടറിയുടെ വിരമിക്കലിനെ തുടര്‍ന്ന് ആ സ്ഥാനത്തേക്ക് എനിക്ക് സ്ഥാനക്കയറ്റം. താത്കാലികമായി സെക്രട്ടറിയുടെ ചുമതലയും ലഭിച്ചു. കേരള നിയമസഭയുടെ ചരിത്രത്തില്‍ സാമാജികരുടെ സത്യപ്രതിജ്ഞയ്ക്കും സ്പീക്കര്‍ തെരഞ്ഞെടുപ്പിനും നേതൃത്വം കൊടുത്ത ആദ്യ വനിതാ സെക്രട്ടറിയായി ഞാന്‍ മാറി.
അസംബ്ലി ചേംബറില്‍ കടന്നിരിക്കാന്‍ കഴിയാത്ത 32 വര്‍ഷക്കാലം. ഒടുവില്‍ അതേയിടത്തില്‍ നിന്ന് അംഗങ്ങളെ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിക്കല്‍. കാലത്തിന്റെ കാവ്യനീതി. 2016ഒക്ടോബറില്‍ പുതിയ സെക്രട്ടറി ചാര്‍ജെടുത്തു. സ്പെഷ്യല്‍ സെക്രട്ടറി പദവിയില്‍ ഞാന്‍ തുടര്‍ന്നു.
നീതി എവിടെ
ജനാധിപത്യത്തിന്റെ കാവലാളായ നിയമസഭാ കാര്യാലയത്തിനുള്ളില്‍ തുല്യനീതി കിട്ടാക്കനിയാണ്. സ്ത്രീപക്ഷ കാഴ്ചപ്പാടിന്റെ പേരില്‍ പല പുരുഷ സഹപ്രവര്‍ത്തകരില്‍ നിന്നും അധിക്ഷേപങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. തീരുമാനങ്ങള്‍ എടുക്കുന്നതില്‍ നിന്ന് സഭയ്ക്കുള്ളില്‍ സ്ത്രീകളെ അകറ്റി നിര്‍ത്തുന്ന കാലമായിരുന്നു അത്. അസംബ്ലിയുമായി നേരിട്ട് ബന്ധമുള്ള വിഭാഗങ്ങളില്‍ സ്ത്രീകള്‍ക്ക് പരോക്ഷവിലക്ക് നിലനിന്നിരുന്നു. സര്‍ക്കാറുകള്‍ മാറിമാറി വന്നിട്ടും ഈ അവസ്ഥ മാറിയതേയില്ല. എതിര്‍പ്പുകള്‍ പ്രകടിപ്പിക്കുന്ന വനിതാ ജീവനക്കാരെ ആക്ഷേപിക്കലും അവര്‍ക്കെതിരെ ഊമക്കത്തുകള്‍ അയക്കുന്നതും ഉള്‍പ്പെടെയുള്ള ദ്രോഹങ്ങള്‍.
സെക്രട്ടേറിയറ്റിലെ അനീതികള്‍ ചൂണ്ടിക്കാണിക്കാന്‍ ഒരു നോട്ടീസ് വിപ്ലവം പൊട്ടിമുളച്ചിരുന്നു. തുടക്കത്തിലെ വിമര്‍ശന സ്വഭാവത്തില്‍ നിന്ന് പിന്നെ അത് വഴിമാറി. സ്ത്രീജീവനക്കാരെ ആക്ഷേപിച്ചും ഓഫീസിലെ ആണ്‍പെണ്‍ സൗഹൃദങ്ങളെ ലൈംഗികച്ചുവയോടെ ചിത്രീകരിച്ചും അശ്ലീലസാഹിത്യം നിറച്ചുമുള്ള പേക്കൂത്തുകള്‍. ഇതൊക്കെയായിരുന്നു അവിടെ അനുവദിക്കപ്പെട്ട നീതി.
മറക്കുക എളുപ്പമല്ല
സര്‍വീസ് സംഘടനകളും അവയുടെ കാലാളായി പ്രവര്‍ത്തിച്ച ചില മേലുദ്യോഗസ്ഥരും ഒന്നിച്ചു ചേര്‍ന്ന് എന്റെ ആത്മവീര്യം കെടുത്താന്‍ പലവഴി ശ്രമിച്ചുകൊണ്ടിരുന്നു. സര്‍വീസ് സംഘടനകളില്‍ അംഗമല്ലാത്ത സ്വതന്ത്ര ചിന്താഗതിക്കാരിയായ സ്ത്രീ എന്ന നിലയില്‍ ഞാന്‍ അവരുടെ കണ്ണിലെ കരടായി. സാഹിത്യത്തോടും സംഗീതത്തോടുമുള്ള എന്റെ താത്പര്യം മനസ്സിലാക്കി കലാപരിപാടികളില്‍ നിന്ന് എന്നെ മാറ്റി നിര്‍ത്തി. ആ അവഗണനകള്‍ എന്നെ എഴുത്തിലേക്ക് അടുപ്പിച്ചു. 2010ല്‍ എന്റെ ആദ്യ കഥാസമാഹാരം കവി ഒ. എന്‍. വി കുറുപ്പിനെക്കൊണ്ട് പ്രകാശനം ചെയ്യിച്ച് അവരുടെ അവഗണനകള്‍ക്ക് ഞാന്‍ പകരംവീട്ടി. ഓഫീസിനുള്ളില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ കൈകാര്യം ചെയ്യുന്ന കമ്മറ്റിയില്‍ നിന്നുപോലും അവരെന്നെ അകറ്റി നിര്‍ത്തി. എം. എല്‍. എ മാര്‍ക്കും മറ്റും ഒപ്പമുള്ള ഔദ്യോഗിക യാത്രകളില്‍ കപട സദാചാരംവാദം പറഞ്ഞ് വനിതാ ജീവനക്കാരെ മാറ്റി നിര്‍ത്തുന്ന പതിവ് ഞാന്‍ കാര്യമാക്കിയില്ല. മടിയില്ലാതെ ഔദ്യോഗിക യാത്രകളുടെ ഭാഗമായി. വീണുകിട്ടുന്ന ഇടവേളകളില്‍ കഥകള്‍ എഴുതി. പ്രസിദ്ധീകരിച്ചു. എഴുത്ത് ആ വേദനയില്‍ എനിക്ക് മരുന്നായി. പത്താമത്തെ പുസ്തകത്തിന്റെ പണിപ്പുരയിലാണ് ഞാന്‍ ഇപ്പോള്‍. മനസ് തളര്ന്നപ്പോഴൊക്കെയും ഊര്‍ജമായി ഒപ്പം നിന്ന പങ്കാളി നല്കിയ ആത്മവിശ്വാസം വലുതായിരുന്നു.
ഏഴാം നിയമസഭയുടെ കാലത്ത് സര്‍വീസില്‍ പ്രവേശിച്ച് പതിനാലാം കേരള നിയമസഭ ഒരു വര്‍ഷം പൂര്‍ത്തിയാക്കുമ്പോഴാണ് ഞാന്‍ സര്‍വീസില്‍ നിന്ന് വിരമിക്കുന്നത്. മുപ്പത്തിമൂന്ന് വര്‍ഷത്തെ ഔദ്യോഗിക ജീവിതം. 10 സ്പീക്കര്‍മാര്‍, ആറ് മുഖ്യമന്ത്രിമാര്‍ എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു. എങ്കിലും രാഷ്ട്രീയ ഭേദമന്യേ കൈത്താങ്ങേകിയ നേതാക്കളെ മറക്കാനാകില്ല. കോടിയേരി ബാലകൃഷ്ണന്, ആര്യാടന് മുഹമ്മദ്, തോമസ് ഐസക്, എന്‍.ശക്തന്... അനുഭാവപൂര്‍വമായ പെരുമാറ്റത്തിലൂടെ ചേര്‍ന്നു നിന്നവര്‍.
ജീവിതം സമ്മര്‍ദ്ദത്തില്‍ ആഴ്ത്തിയവരോടെനിക്ക് നന്ദിയുണ്ട്. നിങ്ങള്‍ നല്കിയ വേദനകളാണ് എനിക്ക് കരുത്തായത്... വളരാനും പൊരുതാനും...
സര്വീസ്കാലഘട്ടത്തിലെ അനുഭവങ്ങള്‍ വിശദീകരിക്കുന്ന 'ആരവങ്ങളൊഴിയുമ്പോള്‍' എന്ന പുസ്തകത്തില്‍ ജയലക്ഷ്മി ഇങ്ങനെ കുറിച്ചു: ക്ഷമിക്കാനും പൊറുക്കാനും കഴിഞ്ഞാലും മറക്കുക എന്നത് അത്ര എളുപ്പമല്ലല്ലോ... അവര്‍ ആ വരി ആവര്‍ത്തിക്കുന്നു.
Content Highlights: p jayalakshmi, kerala legislative assembly, kerala secretariat
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..