ഫോട്ടോ. പി. ജയേഷ്
ഈ പൊളിഞ്ഞ വാതിലിനു പിന്നിലൊരു കൊളുത്തിലാണ് അവള് പിടഞ്ഞൊടുങ്ങിയത്. ഉറ്റവരെന്നു കരുതിയവരാല്‍ നിര്‍ദയം പീഡിപ്പിക്കപ്പെട്ട കൊച്ചുപെണ്‍കുട്ടി. സംഭവിച്ച ദുരിതങ്ങളെപ്പറ്റി സധൈര്യം പരാതിപ്പെട്ട അതിജീവിത. പക്ഷേ, സുരക്ഷ ഒരുക്കേണ്ട സംവിധാനങ്ങളും കൈത്താങ്ങാകേണ്ട സമൂഹവും സമ്മാനിച്ച അപമാനങ്ങള്‍ അവളെ സാരിത്തുമ്പിലൊരു കുരുക്കില്‍ ഇരയായൊതുക്കി. മകള്‍ അവശേഷിപ്പിച്ചു പോയ ഓര്‍മകളിലേക്ക് അവളുടെ അമ്മ തിരികെ നടക്കുമ്പോള്‍ വെളിപ്പെടുന്നുണ്ട് നമ്മുടെ പൊതുബോധവും സമൂഹവും ഇരകളെ സൃഷ്ടിക്കുന്നതെങ്ങനെയെന്നതിന്റെ തെളിവുകള്‍.
ഗൃഹലക്ഷ്മിയുടെ കടലാസുകള്‍ അച്ചടിമഷി പുരളുന്ന പ്രസ്സില്‍ നിന്ന് ആ വീട്ടിലേക്ക് അധിക ദൂരമില്ല. മരിച്ച മകളുടെ ഓര്‍മയില്‍ കണ്ണീര് തോരാത്ത ഒരമ്മ അവിടെയുണ്ട്. അതിക്രമങ്ങള്‍ക്കിരയായി അതേപ്പറ്റി പരാതിപ്പെട്ട പെണ്‍കുട്ടിയുടെ അമ്മ. പരാതിപ്പെട്ട് മാസങ്ങള്‍ക്കുള്ളില്‍ അവള് വാടകവീടിന്റെ മച്ചിലെ കൊളുത്തില്‍ പഴയൊരു സാരിത്തുമ്പില്‍ തൂങ്ങിയാടി. ''നേരിട്ട ദുരനുഭവങ്ങളെപ്പറ്റി പരാതിപ്പെട്ടതാണോ അവള് ചെയ്ത തെറ്റ്? ദുരിതക്കയത്തില്‍ താഴ്ന്നു പോയപ്പോള്‍ നീട്ടിയ കൈകളില്‍ മുറുകെപ്പിടച്ചതാണോ അവളുടെ കുറ്റം?'' ആ അമ്മ ചോദിക്കുന്നു. പ്രതികരിക്കാനും അതിക്രമങ്ങളെ ചെറുക്കാനും പ്രാപ്തയായ സ്ത്രീയെ എങ്ങനെയാണ് ഒരിക്കലും ഗതികിട്ടാത്ത ഇരയായി സമൂഹം അവമതിയിലേക്ക് മുക്കിത്താഴ്ത്തുന്നത് എന്നതിന്റെ തെളിവാണ് ആ അമ്മയുടെ മകള്‍. സഹായത്തിന് ഒപ്പമുണ്ടാകേണ്ട വ്യവസ്ഥിതിയും സംവിധാനങ്ങളും സമൂഹവും അവരോട് ചെയ്ത പൊറുക്കാനാവാത്ത ചതി അക്കമിട്ട് നിരത്തുന്നു ആ അമ്മ. സഹായസംവിധാനങ്ങള്‍ അതിജീവിതകളെയല്ല ഇരകളെയാണ് സൃഷ്ടിക്കുന്നത് എന്ന തിരിച്ചറിവ് പകര്‍ന്നു തരുന്നുണ്ട് അവരുടെ വാക്കുകള്‍. അതിജീവിക്കാന്‍ ശ്രമിക്കുന്ന സ്ത്രീകളെ അരികുവല്‍ക്കരിക്കുന്ന സമൂഹത്തിന്റെ ഇരട്ടത്താപ്പിന്റെ ഉദാഹരണമാണ് ഇവരുടെ ജീവിതം.
അവള്‍ക്ക് സംഭവിച്ചത്?
2022 ജനുവരി 20ന് മലപ്പുറം ജില്ലയിലെ വാടകവീട്ടിലാണ് പതിനെട്ടുകാരിയായ ആ പെണ്‍കുട്ടി തൂങ്ങിമരിച്ചത്. കൂട്ട ബലാത്സംഗം ഉള്‍പ്പെടെ ആറ് പോക്സോ കേസുകളില്‍ ഇരയായ പെണ്‍കുട്ടി. അവള് മരിച്ച അതേ വീട്ടില്‍ അതേ മുറിയില്‍ നിസ്സഹായരായി അവളുടെ അമ്മയും ഇളയ സഹോദരനും.
''എന്റെ പഴയൊരു സാരി മെടഞ്ഞുമെടഞ്ഞ് അവള് കാണാന്‍ ഭംഗിയുള്ള ചങ്ങലക്കൊളുത്തുകള്പോലെയാക്കി. ഞാനില്ലാത്ത നേരത്ത് അവളത് മച്ചില്‍ കൊളുത്തി അതിലൊടുങ്ങി. മോള് ഭംഗിയുള്ള ചവിട്ടികളും കടലാസ് പൂക്കളും ഉണ്ടാക്കുമായിരുന്നു. നന്നായി പാടും... ചിത്രം വരയ്ക്കും. ടീച്ചറാകാനായിരുന്നു ആഗ്രഹം. ടി. ടി. സിക്ക് ചേര്‍ന്നതാണ്. പക്ഷേ, വരച്ചു തീരാത്തൊരു ചിത്രം പോലെ അവള് പോയി. പരാതിപ്പെട്ടിരുന്നില്ലെങ്കില്, എന്നെന്നും കൂടെയുണ്ടെന്ന കള്ളവാക്ക് തന്ന് പറ്റിച്ച് ഒപ്പം നിന്നവരെ വിശ്വസിക്കാതിരുന്നെങ്കില്‍ എന്റെ മോള് ഇപ്പോഴും ജീവനോടെ ഉണ്ടായിരുന്നേനേ. അനുഭവിച്ച ദുരിതങ്ങളൊക്കെ അവള് എങ്ങനെയെങ്കിലും മറന്നേനേ. ഉറ്റബന്ധുക്കള്‍ ഉള്‍പ്പെടെ ആറുപേര്‍ ചേര്‍ന്നാണ് പലപ്പോഴായി അവളെ ഉപദ്രവിച്ചത്. അന്നെന്റെ മോള് ചെറിയ കുട്ടിയല്ലേ. എന്താ സംഭവിക്കുന്നതെന്ന് മനസ്സിലാവാതെ പേടിച്ചിട്ടുണ്ടാവും. എന്നിട്ടും ആരോടും പറയാതെ അവള് അതെല്ലാം സഹിച്ചു. ജീവിച്ചു. ഒടുവില്‍ എന്നും കൂടെയുണ്ടെന്ന് വാക്ക് നല്കി ഒരാള്‍ പ്രണയം വച്ചു നീട്ടിയപ്പോള്‍ അവളിതെല്ലാം അയാളോട് പറഞ്ഞു. അയാള്‍ കൊടുത്ത ധൈര്യത്തില്‍ പരാതിപ്പെട്ടു. പക്ഷേ, അതോടെ ഞങ്ങളുടെ ജീവിതം നശിച്ചു. പോലീസ് ഞങ്ങളെ ഒറ്റി, സമൂഹം മോശക്കാരെന്നു പറഞ്ഞ് ഞങ്ങളെ മാറ്റിനിര്‍ത്തി, വിശ്വസിച്ചവരെല്ലാം ഞങ്ങളെ അലിവില്ലാതെ വഞ്ചിച്ചു, സഹായത്തിനെത്തേണ്ട സംവിധാനങ്ങള്‍ തഴഞ്ഞു. ഈ അപമാനങ്ങളും മാറ്റിനിര്‍ത്തലുകളും വഞ്ചനയും താങ്ങാനാകാതെ എന്റെ മോളങ്ങ് പോയി. നീതിയും ന്യായവും ഒക്കെ ഈ ഭൂമിയിലുണ്ടോ. വഞ്ചിക്കപ്പെടുന്ന പെണ്ണുങ്ങളെ കൊലയ്ക്കു കൊടുക്കാനാണോ ഇവിടെ ഈ സമൂഹവും വ്യവസ്ഥിതികളുമൊക്കെ ഉള്ളത്?'' മരിച്ചുപോയ പെണ്‍കുട്ടിയുടെ അമ്മ ഉയര്‍ത്തുന്ന ചോദ്യങ്ങളില്‍ സമൂഹം പ്രതിസ്ഥാനത്താണ്. അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകളുടെ ജീവിതത്തില്‍ സമൂഹവും വ്യവസ്ഥിതിയും സംവിധാനങ്ങളും ചേര്ന്നേല്പ്പിക്കുന്ന അധികപ്രഹരത്തിന്റെ വ്യാപ്തി മനസ്സിലാക്കാന്‍ ഇവരുടെ ജീവിതത്തെയും അവരനുഭവിച്ച യാതനകളെയും അടുത്തറിയേണ്ടതുണ്ട്.
Content Highlights: malappuram pocso case victim mother speaking, pocso case in kerala
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..