ഹെന്ന ജയന്ത്
കോഴിക്കോട് ബീച്ചിനടുത്തുള്ള ദിൽ ഡ്രൈവിങ് സ്കൂളിലേക്ക് തന്റെ പതിനെട്ടാം വയസ്സിൽ കാർ ഡ്രൈവിങ് പഠിക്കാനായി നടന്നു ചെല്ലുമ്പോൾ ഹെന്ന ജയന്തെന്ന പെൺകുട്ടിക്ക് കമ്പം കാറുകളോടായിരുന്നില്ല, മറിച്ച് ക്രിക്കറ്റ് ബാറ്റിനോടായിരുന്നു. കേരള ടീമിൽ ബൗളറായി തിളങ്ങിയ ഹൻസ ജയന്തിന്റെ മകൾ ഹെന്നയ്ക്ക് ക്രിക്കറ്റിനോട് കമ്പമേറുന്നതിൽ അധികം അത്ഭുതങ്ങളൊന്നുമുണ്ടായിരുന്നില്ല.
അമ്മ എറിഞ്ഞ പന്തുകളെ നേരിട്ടാണ് കുഞ്ഞുഹെന്ന ക്രിക്കറ്റ് ബാറ്റ് ആദ്യമായി കൈയിൽ ഉറപ്പിച്ചത്. സ്കൂൾ ടീമിലേക്കും ജില്ലാ ടീമിലേക്കും പിന്നീട് കേരള ടീമിലേക്കും ഓപ്പണറായി ഹെന്ന നടന്നുകയറിയപ്പോൾ അതേ ഗ്യാലറിയിരുന്ന് കൈയടിച്ചിട്ടുണ്ട് അമ്മ ഹൻസ. ബെംഗളൂരുവിലേക്കും മാഞ്ചസ്റ്ററിലേക്കും നീണ്ട പഠനകാലത്തും ഹെന്നയ്ക്ക് കൂട്ടായി ക്രിക്കറ്റുണ്ടായിരുന്നു. യാത്ര, മോഡലിങ്, ക്രിക്കറ്റ് എന്നിങ്ങനെ പലവഴികളിൽ തന്റെ ജീവിതത്തിന്റെ സന്തോഷങ്ങളെ കണ്ടെത്തുന്നതിനിടെയാണ് ഹെന്നയെ തേടി പ്രതിസന്ധിക്കാലമെത്തിയത്. ആ വിഷമഘട്ടത്തെ ഹെന്ന മറികടന്നത് റേസിങ് ട്രാക്കിന്റെ സ്റ്റാർട്ടിങ് പോയന്റിലാണ്. മലയാളിക്ക് അത്രമേൽ പരിചിതമല്ലാത്ത ഫോർമുല ഫോർ റേസിങ്ങിൽ പുതിയ ഉയരങ്ങൾ കീഴടക്കാൻ തയ്യാറെടുക്കുകയാണ് ഹെന്ന ഇപ്പോൾ. ഡ്രൈവിങ് സീറ്റിലിരുന്ന് കോഴിക്കോട് ബീച്ച് റോഡിലൂടെ തന്റെ പുതിയ ജിപ്സിയെ ദൂരങ്ങളിലേക്ക് പായിച്ചുകൊണ്ട് ഹെന്ന ജീവിതകഥ സംസാരിച്ചു തുടങ്ങി.
.jpg?$p=0df6685&&q=0.8)
ക്രിക്കറ്റ് എന്ന ഫസ്റ്റ് ലവ്
കുട്ടിക്കാലം മുതൽ കൂടെയുള്ള കൂട്ടുകാരൻ, അതാണെനിക്ക് ക്രിക്കറ്റ്. കോഴിക്കോട് നഗരസഭ മുൻ കൗൺസിലർ കൂടിയായ അമ്മ ഹെൻസ മുൻ കേരള ക്രിക്കറ്റ് ടീം അംഗമാണ്. ആ ഒരു പ്രചോദനം ചെറുപ്പം മുതൽ കിട്ടിയതുകൊണ്ട് കായികരംഗത്തേക്ക് എളുപ്പം പ്രവേശിക്കാനായി. സ്കൂൾ കാലഘട്ടത്തിലാണ് ഞാൻ ക്രിക്കറ്റിൽ സജീവമാകുന്നത്. സ്കൂൾ ടീമിൽ മികച്ച പ്രകടനം നടത്തിയതോടെ ജില്ലാടീമിലേക്കും പിന്നീട് 2009ൽ കേരള ടീമിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. ഒാപ്പണിങ് ബാറ്റ്സ്മാനായിരുന്നു. പിന്നീട് ബെംഗളൂരിൽ ബി.ബി.എമ്മിന് പഠിക്കുമ്പോഴും ശേഷം മാഞ്ചസ്റ്ററിൽ നിന്ന് ബിസിനസ്സിൽ ഉന്നത പഠനം നടത്തുമ്പോഴുമെല്ലാം കിട്ടുന്ന അവസരങ്ങളിൽ ബാറ്റും കൈയിലേന്തി മൈതാനത്തേക്കിറങ്ങും. ഇപ്പോൾ കോഴിക്കോട് ജില്ലാ വനിതാ ക്രിക്കറ്റ് സെലക്ടറാണ്. ക്രിക്കറ്റിനോടുള്ള പ്രണയം അന്നും ഇന്നും ഒരുപോലെ തന്നെ എന്നിലുണ്ട്.
റേസിങ് എന്ന സന്തോഷം
കൗമാരക്കാലത്തൊന്നും കാർ റേസിങ്ങിനെ കുറിച്ച് ശ്രദ്ധിച്ചിരുന്നില്ല. കോഴിക്കോട്ട് ജീവിക്കുന്ന ഒരുപെൺകുട്ടിക്ക് അന്നൊന്നും അത്രമാത്രം അടുത്തല്ലല്ലോ ഗ്രാൻപ്രീയും റേസിങ്ങുമെല്ലാം. എന്നാൽ ഡ്രൈവിങ് പഠിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് കൃത്യമായ ബോധമുണ്ടായിരുന്നു. പതിനെട്ടാം വയസ്സിൽ തന്നെ കാർ ഡ്രൈവിങ് പഠിച്ച് ലൈസൻസ് സ്വന്തമാക്കി. പിന്നീട് കാറെടുത്ത് യാത്രകളൊക്കെ പോകാൻ തുടങ്ങി. യാത്രകളോടുള്ള പ്രണയം കൂടിയത് ഡ്രൈവിങ് പഠിച്ച ശേഷമാണ്. ഒരു ട്രാവൽ ഏജൻസിയും ഞാൻ ആരംഭിച്ചു. ആ കാലത്ത് ഇടയ്ക്ക് സോഷ്യൽ മീഡിയയിൽ റേസിങ് വീഡിയോകളും മറ്റും ഞാൻ കാണാറുണ്ടായിരുന്നു. പക്ഷേ, കൂടുതൽ അതിനെക്കുറിച്ച് അന്വേഷിക്കുകയോ ഒന്നും ചെയ്തിരുന്നില്ല.
.jpg?$p=6a73043&&q=0.8)
അങ്ങനെ ജീവിതം മുന്നോട്ട് പോകുമ്പോൾ എനിക്കൊരു പ്രതിസന്ധിയുണ്ടായി. ഞാൻ മാനസികമായി വല്ലാതെ തളർന്നുപോയി. ആ ദിവസങ്ങളിലൊന്നിലാണ് "റൈസിങ് ടാലന്റ് ഹണ്ടി'നെ പ്പറ്റി ഇൻസ്റ്റഗ്രാം വഴി അറിയുന്നത്. എവിടെയും സന്തോഷം കിട്ടാതെ നിൽക്കുന്ന ആ സാഹചര്യത്തിൽ ഇതിൽ ഒന്ന് ട്രൈ ചെയ്ത് നോക്കാം എന്ന തീരുമാനത്തിലാണ് മത്സരത്തിലേക്ക് ഇറങ്ങിയത്. കോയമ്പത്തൂർകാരി മോട്ടോഴ്സ് സ്പീഡ് വേയിലായിരുന്നു പരിശീലനം. കാരണം കേരളത്തിൽ സർക്യൂട്ട് റേസിങ് ട്രാക്കുകളൊന്നുമില്ല. അന്ന് 16 പെൺകുട്ടികളിൽ പങ്കെടുത്തവരിൽ ഏക കേരളക്കാരി ഞാനായിരുന്നു. റേസിങ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടെങ്കിലും റിസർവ് ലിസ്റ്റിലായിരുന്നു. അതിനാൽ ട്രാക്കിലിറങ്ങാൻ പറ്റിയില്ല. ടീമിനൊപ്പം റേസ് കാണാനും പുതിയ ആൾക്കാരെ പരിചയപ്പെടാനുമൊക്കെ സാധിച്ചു. അങ്ങനെയാണ് തൃശ്ശൂരിൽ നിന്നുള്ള ഡി.ടി.എസ് റേസിങ് ടീം ഉടമയായ ടി.എസ്.ദിൽജിത്തിനെ പരിചയപ്പെടുന്നത്. ദിൽജിത്ത് അവരുടെ അക്കാദമിയിലേക്ക് എന്നെ ക്ഷണിച്ചു. അതൊരു നല്ല അവസരമാണെന്ന് തിരിച്ചറിഞ്ഞ് ഞാൻ ഡി.ടി.എസ്സിന്റെ ഭാഗമായി. കോയമ്പത്തൂർ തന്നെയായിരുന്നു ഡി.ടി.എസ്സിനൊപ്പമുള്ള പരിശീലനവും. ആഴ്ചയുടെ അവസാനം കോഴിക്കോട് നിന്ന് കോയമ്പത്തൂരിൽ പോയി രണ്ടുദിവസം പരിശീലിച്ച് തിരിച്ചുവരും, ഇതായിരുന്നു രീതി.
ലക്ഷങ്ങളുടെ റേസ്
ജെ.കെ.ടയേഴ്സ് നേവിസ് കപ്പിലാണ് ഞാൻ പങ്കെടുത്തത്. ആ ചാമ്പ്യൻഷിപ്പിൽ പുരുഷതാരങ്ങൾക്കൊപ്പം മത്സരിച്ച് പതിനൊന്നാമതായി ഫിനിഷ് ചെയ്യാൻ സാധിച്ചു. പിന്നീട് ജെ.കെ. ടയർ റൂക്കീ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു. അതോടെ ദേശീയ താരമെന്ന പദവിയിലെത്തി. എൽ.ജി.ബി. എഫ്(ഫോർമുല) 4 റേസിങ്ങിൽ പങ്കെടുക്കാൻ തയ്യാറെടുക്കുന്നതിനിടെയാണ് കോവിഡ് പിടിമുറുക്കിയത്. 2020-21 കോവിഡ് പ്രതിസന്ധിയായതിനാൽ കാറോട്ടമത്സരമൊന്നും നടന്നിട്ടില്ല. അതിനാൽ ചെറിയൊരു ഇടവേളയാണ് ഇൗ സീസൺ. പക്ഷേ, അക്കാദമിയിലെ പരിശീലനം കൃത്യമായി നടക്കുന്നുണ്ട്. ഓരോ സീസണിലും നല്ലൊരു സ്പോൺസർ ഉണ്ടെങ്കിൽ മാത്രമേ റേസർ എന്ന നിലയിൽ നമുക്ക് മുന്നോട്ട് പോകാൻ കഴിയൂ. ഒരു റേസിന് കുറഞ്ഞത് ആറ് ലക്ഷം രൂപയെങ്കിലും വേണം. അതുപോലെ ഓരോ റൗണ്ട് ഓടിക്കാനും
ഒന്നരലക്ഷം രൂപവരെ ചെലവുണ്ട്. അടുത്ത സീസണുവേണ്ടിയുള്ള തയ്യാറെടുപ്പിലാണ് ഞാനിപ്പോൾ.
.jpg?$p=e582970&&q=0.8)
ഓഫ്റോഡിനോടും കമ്പം
അടുത്തിടെ ഞാനൊരു ജിപ്സിവാങ്ങി. കുറച്ച് ഓഫ്റോഡ് ട്രാക്കുകളിലൂടെ യാത്ര ചെയ്തു. കുറേ ഓഫ്റോഡ് ക്ലബുകളിലേക്ക് ക്ഷണം വന്നിരുന്നു. ഏതെങ്കിലും ഒരു നല്ല ക്ലബിന്റെ കൂടെ ചേരുന്ന കാര്യവും ആലോചനയിലുണ്ട്. കാരണം ഓഫ് റോഡും ഞാനേറെ ഇഷ്ടപ്പെടുന്നു. കേരളത്തിൽ മോട്ടർ റേസിങ്ങിന് പ്രചാരം കുറവാണ്. കോഴിക്കോട്ട് സരോവരത്തുണ്ടായിരുന്ന കാർട്ടിങ് ട്രാക്ക് പോലും പൂട്ടിപ്പോയി. ഇനിയും ഒരുപാട് പെൺകുട്ടികൾ റേസിങ്ങിലേക്ക് കടന്നുവരണം എന്നാണ് എന്റെ ആഗ്രഹം. പെണ്ണുങ്ങൾക്ക് കാറോടിക്കാനൊന്നും ആവില്ലെന്ന് ഇവിടെ ഒരുപൊതുധാരണയുണ്ട്. അത് പൊളിച്ചടുക്കണം.
എന്നാൽ ഈയൊരു മേഖല ഇന്നെന്റെ സന്തോഷം കൂടിയാണ്. റോഡിലായാലും ട്രാക്കിലായാലും സ്ത്രീകളാണ് സെയ്ഫ് ഡ്രൈവേഴ്സ് എന്നതാണ് സത്യം. അതിനാൽ പെൺകുട്ടികൾക്ക് സാധ്യതയേറെയുണ്ടെന്ന് പല പരിശീലകരും എന്നോട് പറഞ്ഞിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ഒരുപാട് പെൺകുട്ടികൾ റേസിങ്ങിനെ കുറിച്ച് സംശയങ്ങൾ ചോദിച്ച് മെസേജ് ചെയ്യാറുണ്ട്. എന്റെ അറിവ് ഞാൻ അവരുമായി പങ്കുവയ്ക്കുകയും താത്പര്യമുള്ളവരെ ഈ മേഖലയിലേക്ക് ക്ഷണിക്കുകയും ചെയ്യാറുണ്ട്. അച്ഛൻ ജയന്ത് സാമൂഹിക പ്രവർത്തകനാണ്. സഹോദരൻ ശിവ.
Content Highlights: henna jayanth from cricketer to car racer, professional car racer, women driver, inspiring women
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..