'അമേരിക്കയില്‍ പോയിട്ടും ഡ്രസ്സിങ് സ്‌റ്റൈലില്‍പോലും മാറ്റം വരുത്താന്‍ ശ്രമിച്ചിട്ടില്ല'-ദിവ്യ ഉണ്ണി


അക്ഷര അര്‍ജുന്‍

2 min read
Read later
Print
Share

ദിവ്യ ഉണ്ണി | Photo: instagram/ divya unni

ലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ദിവ്യാ ഉണ്ണി. അയലത്തെ വീട്ടിലെ കുട്ടിയോടുള്ള ഒരു സ്‌നേഹം പോലെ മലയാളികള്‍ എപ്പോഴും മനസില്‍കൊണ്ടുനടക്കുന്ന മുഖം. പ്രണയവര്‍ണ്ണങ്ങള്‍, കല്ല്യാണ സൗഗന്ധികം, ഫ്രണ്ട്‌സ്, വര്‍ണപ്പകിട്ട്, ആകാശഗംഗ തുടങ്ങിയ ചിത്രങ്ങളിലൂടെ ആരാധകരുടെ ഹൃദയത്തില്‍ ഇടം നേടാന്‍ ദിവ്യയ്ക്ക് കഴിഞ്ഞു. ഇപ്പോള്‍ അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ ദിവ്യ നൃത്തവിദ്യാലയത്തെ കുറിച്ചും മൂന്നു കുഞ്ഞുങ്ങളുടെ അമ്മയായ ശേഷമുള്ള ജീവിതത്തെ കുറിച്ചും മനസ്സുതുറക്കുന്നു.

കൊച്ചി ടു അമേരിക്ക..ദിവ്യ വല്ലാതെ മാറിയോ?

ഒരുപാട് മാറാന്‍ എന്നെ ഞാന്‍ അനുവദിച്ചിട്ടില്ല എന്നതാണ് സത്യം. ഡ്രസ്സിങ്ങ് സ്റ്റൈലില്‍ പോലും ഞാന്‍ മാറ്റം വരുത്താന്‍ ആഗ്രഹിച്ചിരുന്നില്ല. ഇന്ത്യന്‍ വസ്ത്രങ്ങളാണ് കൂടുതലും ധരിക്കാറ്. സാരിയോ ചുരിദാറോ ആയിരിക്കും വേഷം. അമ്മയുടെ ഭക്ഷണവും വിനായക പാലടയുമെല്ലാം മിസ്സ് ചെയ്യാറുണ്ട്. ഡാന്‍സുമായി ബന്ധപ്പെട്ടു നില്‍ക്കുന്നതു കൊണ്ടു തന്നെ എപ്പോഴും നാടുമായി ഒരു കണക്ഷന്‍ ഉണ്ടാകും. ഡാന്‍സ് സ്‌കൂളില്‍ ചുരിദാറേ പാടുള്ളൂ എന്ന നിയമം ഞാനായിട്ട് കൊണ്ടുവന്നതാണ്. അപ്പോള്‍ ഞാന്‍ തന്നെ നിയമം തെറ്റിച്ചാലോ... അവിടെ അമ്പലങ്ങളുണ്ട്. ഞാന്‍ മിക്കപ്പോഴും അമ്പല പരിസരങ്ങളിലെവിടെയെങ്കിലും ഉണ്ടാകും..

അമ്മയുടെ റോള്‍...ബന്ധങ്ങള്‍?

മക്കളെ ഒരു കാര്യത്തിനും നിര്‍ബന്ധിക്കാറില്ല. അവരെ മറ്റുള്ളവരുമായി താരതമ്യം ചെയ്ത് സംസാരിക്കാറില്ല. അവരുടെ അഭിരുചികള്‍ക്കനുസരിച്ച് കൊണ്ടുപോകും എന്നു മാത്രം. മീനാക്ഷിക്ക് ഡാന്‍സ് താത്പര്യമുണ്ട്. അതുകൊണ്ട് പഠിപ്പിക്കുന്നു. അവരുടെ കാര്യങ്ങള്‍ ചെയ്തുകൊടുക്കുന്നത് ഇഷ്ടമാണ്, അത് ഞാന്‍ ആസ്വദിക്കാറുണ്ട്. ഇടയ്ക്ക് മക്കളുമൊത്ത് യാത്ര പോകും.

എന്റെ ജീവിതത്തില്‍ എന്തെങ്കിലും നല്ലതോ ചീത്തയോ നടക്കുമ്പോള്‍ മനസ്സിലേക്ക് ആദ്യം കടന്നുവരുന്ന ചില മുഖങ്ങളുണ്ട്. അമ്മ, അച്ഛന്‍, അരുണ്‍, വിദ്യ, കുട്ടികള്‍... ബന്ധങ്ങള്‍ മനോഹരമാകുന്നത് അതൊരു ബാധ്യതയാകാതിരിക്കുമ്പോഴാണ്. ബന്ധങ്ങള്‍ നമുക്കൊരു ജോലിയോ ഭാരമോ ആകരുത്. അങ്ങനെയുള്ള ബന്ധങ്ങള്‍ എനിക്കില്ല.

അഭിനേത്രി/നര്‍ത്തകി എങ്ങനെ അറിയപ്പെടാനാണ് ഇഷ്ടം?

അഭിനയവും നൃത്തവും ഒരുപോലെയാണ്. മൂന്ന് വയസ്സ് മുതല്‍ നൃത്തം അഭ്യസിക്കുന്നുണ്ട്. സിനിമയിലുണ്ടായിരുന്നപ്പോഴും ഡാന്‍സ് പ്രോഗ്രാമിന് പോകുമായിരുന്നു. ഇപ്പോള്‍ മുഴുവന്‍ സമയ നര്‍ത്തകിയാണ്. കുഞ്ഞുന്നാളിലേ സിനിമയില്‍ എത്തിപ്പെട്ടു. ആളുകളിന്നും നെഞ്ചിലേറ്റുന്ന നല്ല കഥാപാത്രങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞു എന്നതാണ് സന്തോഷം

വീണ്ടും ബിഗ് സ്‌ക്രീനിലേക്ക് വരാന്‍ ആഗ്രഹമില്ലേ?

വര്‍ഷങ്ങള്‍ക്കിപ്പുറവും ഞാന്‍ ചെയ്ത കഥാപാത്രങ്ങള്‍ക്ക് ലഭിക്കുന്ന സ്വീകാര്യത വളരെ വലുതാണ്. ഇനിയും അത്തരത്തിലുള്ള നല്ല കഥാപാത്രങ്ങള്‍ ചെയ്യണമെന്നുണ്ട്. ഞാന്‍ ബോധപൂര്‍വ്വം അതില്‍ നിന്ന് മാറി നില്ക്കുന്നതല്ല. ഓര്‍മിക്കപ്പെടുന്ന കഥാപാത്രത്തിലൂടെയാവണം തിരിച്ചു വരവ് എന്ന് ആഗ്രഹമുണ്ട്. സ്‌ക്രിപ്റ്റ് കേള്‍ക്കുന്നുണ്ട്. മനസ്സില്‍ തട്ടുന്ന കഥാപാത്രങ്ങള്‍ കിട്ടിയാല്‍ തീര്‍ച്ചയായും ചെയ്യും. നൃത്തം ആധാരമാക്കിയുള്ള സിനിമകള്‍ ചെയ്യാനും താത്പര്യമാണ്. 'മണിച്ചിത്രത്താഴ്' പോലുള്ള സിനിമകള്‍ ഇന്നും ഹൃദയത്തില്‍ തങ്ങിനില്‍ക്കുന്നവയാണല്ലോ. വെള്ളിത്തിരയില്‍ ഇനിയും കാണാമെന്ന ശുഭപ്രതീക്ഷയോടെ താരം പറഞ്ഞു നിര്‍ത്തി.

അഭിമുഖത്തിന്റെ പൂര്‍ണരൂപം പുതിയ ലക്കം ഗൃഹലക്ഷ്മിയില്‍ വായിക്കാം

പുതിയ ലക്കം ഗൃഹലക്ഷ്മി വാങ്ങാന്‍ ക്ലിക്ക് ചെയ്യുക

Content Highlights: divya unni interview published in grihalakshmi

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

Most Commented