സങ്കടങ്ങള്‍ ഉണ്ടായത് കൊണ്ടാണ് സന്തോഷങ്ങള്‍ ആസ്വദിക്കാനാകുന്നത്; മനസ്സുതുറന്ന് അഭയ ഹിരൺമയി


സൂരജ് സുകുമാരന്‍

അഭയ ഹിരൺമയി | ഫോട്ടോ: അരുൺ പയ്യടിമീത്തൽ

ഖല്‍ബില്‍ തേനോഴുക്കിയ പാട്ടുമായി മലയാളിയുടെ നെഞ്ചില്‍ കൂടുകൂട്ടിയ ഗായികയാണ് അഭയ ഹിരണ്‍മയി. വ്യത്യസ്തമായ ശബ്ദവും ഗാനരീതിയും ഉറച്ച നിലപാടുകളുമായി പുതിയകാലത്തിന്റെ പാട്ടുകാരിയായി അഭയ മാറിക്കഴിഞ്ഞു. 'ടു കണ്‍ട്രീസ്', 'ജയിംസ് ആന്‍ഡ് ആലീസ്', 'ഗൂഢാലോചന' തുടങ്ങിയ സിനിമകളിലൂടെ ഒരുപിടി മികച്ച ഗാനങ്ങള്‍. ജീവിതത്തെ കുറിച്ച് കൃത്യമായ ബോധ്യമുള്ള, കരുത്തുള്ള ഒരുസ്ത്രീയെ അവരില്‍ കാണാന്‍ സാധിക്കും.

സ്വാതന്ത്ര്യം, സന്തോഷം എന്നിവയെ എങ്ങനെയാണ് നിര്‍വചിക്കുക ?

ചെറുപ്പം തൊട്ടേ ഏറെ സ്വാതന്ത്ര്യം അനുഭവിച്ചാണ് ഞാന്‍ വളര്‍ന്നത്. ഇപ്പോഴും ആ സ്വാതന്ത്ര്യം അനുഭവിക്കുന്നുണ്ട്. പക്ഷേ അതിന്റെ മാനങ്ങള്‍ക്ക് വ്യത്യസ്തത വന്നിട്ടുണ്ട്. സ്വാതന്ത്ര്യം ഇല്ലാത്ത ഒരിടത്തും നില്‍ക്കാന്‍ എനിക്കാവില്ല. എന്റെ സ്വാതന്ത്ര്യത്തിന് അതിരുകള്‍ വയ്ക്കുന്ന എവിടെയും തുടരാറുമില്ല. സന്തോഷവും സങ്കടവും ഒരുപോലെ മിക്‌സ് ചെയ്ത് പോകുന്നതാണ് ജീവിതമെന്നാണ് തോന്നിയിട്ടുള്ളത്. സങ്കടങ്ങള്‍ ഉണ്ടായത് കൊണ്ടാണ് സന്തോഷങ്ങള്‍ ആസ്വദിക്കാനാകുന്നത്. നല്ല ഓര്‍മകള്‍, ചെറിയ നേട്ടങ്ങള്‍ ഇവയെല്ലാം തരുന്ന സന്തോഷത്തിലാണ് ഇപ്പോഴെന്റെ ജീവിതം മുന്നോട്ട് പോകുന്നത്. അല്ലാതെ സന്തോഷം തേടി എവിടേക്കും പോകാറില്ല.

തിരുവനന്തപുരത്തെ ബാല്യകാലം എങ്ങനെയുള്ളതായിരുന്നു ?

അച്ഛന്‍ തിരുവനന്തപുരം ദൂരദര്‍ശനില്‍ പ്രോഗ്രാം പ്രൊഡ്യൂസര്‍ ആയിരുന്നു. അവിടെയായിരുന്നു എന്റെ ബാല്യം. ഏറ്റവും ബുദ്ധിമുട്ടുള്ള ജീവിത സാഹചര്യത്തെയും ചിരിച്ചുകൊണ്ട് നേരിടുന്ന കുടുംബമാണ് ഞങ്ങളുടേത്. എല്ലാവരും അത്തരം മനോഭാവമുള്ളവര്‍. തിരുവനന്തപുരം കാര്‍മല്‍ സ്‌കൂളിലാണ് പഠിച്ചത്. ആ കാലഘട്ടത്തില്‍ ഗുരു ഗോപിനാഥ് നടനഗ്രാമത്തില്‍ നൃത്തം പഠിച്ചു. അതുപോലെ സംഗീതം കുടുംബത്തിന്റെ ഭാഗമായിരുന്നു. വീട്ടില്‍ എല്ലാവരും ഒത്തുകൂടിയാല്‍ ഉച്ചഭക്ഷണത്തിന് ശേഷം ഒരുമിച്ചിരുന്ന് പാട്ടുകള്‍ പാടും. ജീവിതത്തിലെ ഏറ്റവും മികച്ച കാലം ബാല്യമായിരുന്നു.

കുട്ടിക്കാലത്ത് തന്നെ ഭാവിയില്‍ എന്ത് ചെയ്യണം എന്നുറപ്പിച്ചിരുന്നോ...?

ഞാനൊരു കണ്‍ഫ്യൂസ്ഡ് കിഡ് ആയിരുന്നു.വീട്ടിലെല്ലാവരും കലാമേഖലയില്‍ ഉള്ളവരാണെങ്കിലും അടുത്ത തലമുറയെ ആ മേഖലയിലേക്ക് വിടാന്‍ അവര്‍ക്ക് താത്പര്യമുണ്ടായിരുന്നില്ല. അച്ഛനും സഹോദരങ്ങളുമെല്ലാം സര്‍ക്കാര്‍ ഉദ്യോഗസ്ഥരായിരുന്നു. മക്കളെയും സര്‍ക്കാര്‍ സര്‍വീസില്‍ എത്തിക്കണം എന്നതായിരുന്നു അവരുടെ ആഗ്രഹം. അങ്ങനെ ഒരുപാട് പേരുടെ ആഗ്രഹങ്ങള്‍ക്കിടയില്‍ വളര്‍ന്നതിനാല്‍ പ്രത്യേകിച്ചൊരു ലക്ഷ്യബോധമൊന്നും ഉണ്ടായിരുന്നില്ല.

അച്ഛന്റെ ആഗ്രഹം എന്നെ നഴ്‌സ് ആക്കണമെന്നായിരുന്നു. അച്ഛന്റെ സഹോദരി അമേരിക്കയില്‍ ഉണ്ട്. നഴ്‌സിങ് കഴിഞ്ഞാല്‍ എന്നെ അവിടേക്ക് കയറ്റിവിടാം എന്ന ആഗ്രഹത്തിലായിരുന്നു അത്. ഞാന്‍ സമ്മതിക്കാതെ വന്നപ്പോഴാണ് കൊണ്ടുപോയി എഞ്ചിനീയറിങ്ങിന് ചേര്‍ത്തത്. എഞ്ചിനീയറിങ് പഠനം കൊണ്ട് ജീവിതത്തിലുണ്ടായ ഏറ്റവും നല്ല ഗുണം കുറച്ച് നല്ല സുഹൃത്തുക്കളെ സമ്പാദിക്കാനായി എന്നതാണ്. പഠനകാലത്ത് ആങ്കറിങ് ചെയ്യലായിരുന്നു പ്രധാന പണി. ഐ.എഫ്.എഫ്.കെ അടക്കം പല മേളകള്‍ക്കും ആങ്കറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. പിന്നീട് ഏഷ്യാനെറ്റില്‍ 'താരത്തിനൊപ്പം' എന്നൊരു പ്രോഗ്രാം ചെയ്തു. കൗമാരം കടന്നപ്പോഴാണ് ശരിക്കും ജീവിതം എന്താണെന്നും എങ്ങോട്ട് പോകണമെന്നുമെല്ലാം കൃത്യമായി തീരുമാനിച്ച് തുടങ്ങിയത്. സംഗീതമാണ് കരിയറെന്ന് ഉറപ്പിച്ചത് അപ്പോഴാണ്.

ഗായിക എന്ന നിലയിലുണ്ടായ വളര്‍ച്ചയെ എങ്ങനെ കാണുന്നു?

ഗായിക എന്ന നിലയില്‍ ചെറിയൊരു പുരോഗതി വന്നിട്ടുണ്ടെന്ന് തോന്നുന്നു. പിന്നെ എപ്പോഴും നമ്മള്‍ പഠിച്ചുകൊണ്ടിരിക്കുകയാണല്ലോ. സരിഗമപധനിസ ദിവസവും രാവിലെ പാടി പഠിക്കല്‍ മാത്രമല്ല സംഗീത പഠനം. മറിച്ച് ഓരോ ദിവസവും നമ്മുടെ ജീവിതത്തിലുണ്ടാകുന്ന ഓരോ കാര്യത്തിന്റെയും താളം പുതിയ പാഠങ്ങളാണ്. ജീവിതത്തില്‍ സംഭവിക്കുന്ന ഓരോ കാര്യവും എനിക്ക് സംഗീതമാണ്.

ജീവിതത്തെ റീവൈന്‍ഡ് ചെയ്ത് നോക്കാറുണ്ടോ...?

പലപ്പോഴും ജീവിതത്തെ റീവൈന്‍ഡ് ചെയ്ത് നോക്കിയിട്ടുണ്ട്. എന്റെ ഭൂതകാലം കൂടി ഉള്‍പ്പെടുന്നതാണ് ഞാന്‍. അതിനെ ഒരിക്കലും മായ്ച്ചുകളയാനാകില്ല. ജീവിതത്തെ ഓര്‍ത്ത് അഭിമാനം മാത്രമേ എനിക്കുള്ളൂ. എന്റെ തെരഞ്ഞെടുപ്പുകളില്‍ ഞാന്‍ സന്തോഷവതിയാണ്. ഓരോ പ്രായത്തിലും എടുത്ത തീരുമാനങ്ങള്‍ എന്റേത് മാത്രമായിരുന്നു. ഞാനിങ്ങനെയാണ്, അതിനി മാറാനും പോകുന്നില്ല. എന്റെ ജീവിതം, എന്റെ തീരുമാനങ്ങളാണ്.

മലയാളികള്‍ക്ക് സോഷ്യല്‍മീഡിയ ഉപയോഗിക്കാന്‍ അറിയില്ല എന്ന് തോന്നിയിട്ടുണ്ടോ?

ഞാന്‍ ഹൈദരാബാദിലും ചെന്നൈയിലും ജീവിച്ചിട്ടുണ്ട്. ചെന്നൈയിലെ സ്ത്രീകളെല്ലാം സ്വയംപര്യാപ്തരാണെന്ന് തോന്നിയിട്ടുണ്ട്. പക്ഷേ കേരളത്തില്‍ അങ്ങനെയല്ല. ആണധികാരത്തിന്റെ ഒക്കെ പ്രശ്‌നം കാരണം സ്ത്രീകള്‍ ഭൂരിഭാഗവും വീടിനുള്ളില്‍ തന്നെ ഒതുക്കപ്പെടുന്നു. പലതരത്തില്‍ സമ്മര്‍ദ്ദങ്ങളില്‍ ജീവിക്കുന്ന മനുഷ്യര്‍. ആ സമ്മര്‍ദ്ദങ്ങളെല്ലാം സോഷ്യല്‍മീഡിയയില്‍ തീര്‍ക്കുന്നു എന്ന് മാത്രം.

മാധവിക്കുട്ടിയുടെ ആരാധികയാണ്, എന്താണ് അവരുമായി റിലേറ്റ് ചെയ്യുന്നത്?

മാധവിക്കുട്ടിയോട് അടങ്ങാനാവാത്ത ആരാധനയാണ്. അത് അവരോട് ഏതെങ്കിലും രീതിയുള്ള കണക്ഷന്‍ തോന്നിയത് കൊണ്ടല്ല. എന്റെ അഭിപ്രായത്തില്‍ കേരളത്തില്‍ ജീവിച്ചതില്‍ വച്ച് ഏറ്റവും ശക്തയായ സ്ത്രീ മാധവിക്കുട്ടിയാണ്. ഞാന്‍ ചില ഫോട്ടോസ് ഇടുമ്പോള്‍ മാധവിക്കുട്ടിയെപ്പോലെയുണ്ട് എന്ന് നാട്ടുകാര്‍ പറയും. അത് കേള്‍ക്കുമ്പോള്‍ ഒരു സന്തോഷം അനുഭവിക്കാറുണ്ട്. മാധവിക്കുട്ടി ഒരു തീ ആണെങ്കില്‍ വേറൊരുതരത്തില്‍ ഞാനുമൊരു തീയാണെന്ന് കരുതാനാണ് ഇഷ്ടം.

മാധവിക്കുട്ടിക്ക് പകരക്കാരില്ല, അവര്‍ ജീവിച്ച പോലെ, എഴുതിയതും പോരാടിയതുംപോലെ മറ്റൊരു സ്ത്രീയും ഒരുകാലത്തും ഇവിടെ ജീവിച്ചിട്ടില്ല. മാധവിക്കുട്ടി സ്‌നേഹത്തെ കുറിച്ച് പറഞ്ഞപോലെ മറ്റാരും ഇതുവരെ പറഞ്ഞിട്ടുണ്ടാകില്ല. അവര്‍ ജീവിതത്തില്‍ ഒരുകള്ളവും കാണിച്ചിട്ടില്ല. ചെയ്ത കാര്യങ്ങളെ ഓര്‍ത്ത് ഒരിക്കല്‍പോലും പശ്ചാത്തപിച്ചിട്ടില്ല. അവസാനം പ്രണയത്തിന്റെ പേരില്‍ ഒറ്റപ്പെടേണ്ടി വന്നപ്പോള്‍പ്പോലും അവര്‍ വിഷമിപ്പിച്ചിട്ടില്ല. മാധവിക്കുട്ടി ജീവിച്ചപോലെ പശ്ചാത്താപങ്ങളില്ലാത്ത ജീവിതമാണ് എന്റേതും. ഞാന്‍ എന്ത് തീരുമെടുത്താലും അതിനെ ചോദ്യം ചെയ്യാനുള്ള അവകാശം ആര്‍ക്കും നല്‍കാറില്ല.

പുതിയ ലക്കം ​ഗൃഹലക്ഷ്മി വാങ്ങാം

മനുഷ്യന്‍ ഏറ്റവും കൂടുതല്‍ സ്‌നേഹിക്കുന്നത് അവനെ തന്നെയാണെന്ന് പറയാറുണ്ട്, സ്വയം സ്‌നേഹിക്കുന്നുണ്ടോ ?

ഇപ്പോഴാണ് ഞാന്‍ സ്വയം സ്‌നേഹിക്കാന്‍ പഠിച്ചത്. സ്‌നേഹം പകുത്തുകൊടുക്കുന്നതില്‍ ഞാന്‍ എപ്പോഴും കണ്‍ഫ്യൂസ്ഡ് ആയിരുന്നു. ഞാന്‍ ആര്‍ക്കാണ് സ്‌നേഹം കൊടുക്കേണ്ടത്, ആരെയാണ് കൂടുതല്‍ സ്‌നേഹിക്കേണ്ടത് എന്ന് ചിലസമയത്ത് മറന്നുപോയിട്ടുണ്ട്. ഞാന്‍ എപ്പോഴും മറ്റുള്ളവര്‍ക്ക് കൊടുക്കേണ്ട സ്‌നേഹത്തെ പറ്റിയാണ് ചിന്തിച്ചുകൊണ്ടിരുന്നത്. ആ ചിന്ത ശരിയല്ല എന്ന് ഇപ്പോള്‍ ഞാന്‍ തിരിച്ചറിയുന്നു. ഞാന്‍ എന്നെ സ്‌നേഹിച്ചാല്‍ മാത്രമേ എനിക്ക് മറ്റുള്ളവരെ സ്‌നേഹിക്കാന്‍ കഴിയൂ എന്ന തിരിച്ചറിവ് ഇപ്പോഴാണ് വന്നത്. അതുകൊണ്ട് ഇപ്പോള്‍ എന്നെ കൂടുതല്‍ സ്‌നേഹിക്കുകയാണ്.

സ്ത്രീകളില്‍ തിരിച്ചറിവിന്റെ ഘട്ടം തുടങ്ങുന്നത് എപ്പോഴാണ്?

എല്ലാ സ്ത്രീകളുടെ ജീവിതത്തിലും തിരിച്ചറിവിന്റെ ഘട്ടം ഉണ്ടാകും. അത്തരമൊരു ഘട്ടത്തില്‍ രണ്ട് ഓപ്ഷനുകളാണുള്ളത്, ഒന്ന് ബുദ്ധിപരമായി അവിടെ തുടരുക അല്ലെങ്കില്‍ അവിടം വിട്ട് ഇറങ്ങിപ്പോരുക. അത് മാതാപിതാക്കളില്‍ നിന്നാണെങ്കിലും ജീവിത പങ്കാളിയില്‍ നിന്നാണെങ്കിലും. കംഫര്‍ട്ടബിളല്ല എന്ന് തോന്നിയാല്‍ ഈ രണ്ട് ഓപ്ഷനുകളേ ഉള്ളൂ.

മുന്നോട്ടുള്ള യാത്ര എങ്ങനെയാണ്?

കഴിഞ്ഞ പത്ത് വര്‍ഷം കുടുംബജീവിതം കൂടി ബാലന്‍സ് ചെയ്ത് കൊണ്ടുപോയതിനാല്‍ എങ്ങനെ കരിയര്‍ മുന്നോട്ട് കൊണ്ടുപോകണം എന്നൊരു കണ്‍ഫ്യൂഷന്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ അതില്ല, എന്റെ മുന്നോട്ടുള്ള പാത വളരെ തെളിഞ്ഞതാണ്. സംഗീതത്തില്‍ തന്നെ മുന്നോട്ട് പോകാനാണ് തീരുമാനം. സ്‌റ്റേജില്‍ പാടുമ്പോള്‍ കിട്ടുന്ന സന്തോഷം വളരെ വലുതാണ്. അത് എന്റെ ജീവിതത്തെ ഇപ്പോള്‍ കൂടുതല്‍ രസകരമാക്കുന്നുണ്ട്.

ഗൃഹലക്ഷ്മിയിൽ പ്രസിദ്ധീകരിച്ചത്

Content Highlights: abhaya hiranmayi speaking


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022

Most Commented