ഒരേ ഗ്ലാസിൽ ചായ കുടിക്കുന്ന അഫ്സലും സബീനയും | Photo: instagram/ thedelhiwalla
'എന്റെ പ്രണയം കാട്ടുതേന്‍ പോലെയാണ്. അതില്‍ വസന്തങ്ങള്‍ അലിഞ്ഞുചേര്‍ന്നിരിക്കുന്നു'-പ്രണയത്തിന്റെ രാജകുമാരി കമലാ സുരയ്യയുടെ വാക്കുകള്‍ പോലെ കണ്ണിന് കുളിര്മയേകുന്ന ഒരു പ്രണയചിത്രമാണ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പാറിനടന്നത്. ഒരേ ഗ്ലാസില്‍ ചായ കുടിക്കുന്ന ഒരു യുവാവിന്റേയും യുവതിയുടേയും ചിത്രമായിരുന്നു അത്. രണ്ടു പേരുടേയും മുഖത്തെ നാണത്തില്‍ കലര്‍ന്ന സന്തോഷം ആ ചിത്രത്തെ വ്യത്യസ്മാക്കി. സ്നേഹപ്രകടനം ഇങ്ങനെയായിരിക്കണം എന്നും ഇതുപോലൊരു പ്രണയത്തിനാണ് കൊതിക്കുന്നതെന്നും പലരും സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
ഈ ചിത്രത്തിന്റെ പിന്നിലെ കഥ തേടിപ്പോയാല്‍ 'ദ ഡല്‍ഹിവാല' എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് എത്തിച്ചേരുക. ഫോട്ടോ ജേണലിസ്റ്റും എഴുത്തുകാരനും കോളമിസ്റ്റുമായ മായങ്ക് ഓസ്റ്റണ്‍ സൂഫിയാണ് ഈ പേജിന്റെ ഉടമ. ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള മനോഹരമായ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്ന മായങ്ക് മെയ് 22-നാണ് ഈ ഫോട്ടോഗ്രാഫ് പങ്കുവെച്ചത്.
ഡല്‍ഹിയിലെ സരായ കാലെ ഖാനിലെ ചായക്കടയിലാണ് ഒരേ ഗ്ലാസില്‍ ചായ കുടിക്കുന്ന യുവാവിനേയും യുവതിയേയും മായങ്ക് കണ്ടത്. കൗതുകം തോന്നി അവരെ പരിചയപ്പെട്ടു. 21-കാരനായ അഫ്സലും 19-കാരിയായ സബീനയും ഭാര്യാഭര്ത്താക്കന്മാരാണ്. ഇരുവരും എപ്പോഴും ഒരേ പാത്രത്തില്‍ ആഹാരം കഴിക്കാനും ഒരേ ഗ്ലാസില്‍ ചായ കുടിക്കാനും ഇഷ്ടപ്പെടുന്നവര്‍.
'രണ്ടു പേര്‍ക്കും ചായ വളരെ ഇഷ്ടമാണ്. ഒന്നിച്ചു ചായ കുടിക്കുമ്പോഴെല്ലാം ഒരേ ഗ്ലാസിലാണ് കുടിക്കാറുള്ളത്. അങ്ങനെ ചെയ്യുമ്പോള്‍ സന്തോഷം തോന്നും. കാരണം ഞങ്ങള്‍ പരസ്പരം സ്നേഹിക്കുന്നു.' ഇതേ കുറിച്ച് ചോദിച്ചപ്പോള്‍ അഫ്സല് പറഞ്ഞു.
ഒരു വര്‍ഷം മുമ്പായിരുന്നു ഇവര്‍ വിവാഹിതരായത്. മാതാപിതാക്കളുടെ എതിര്‍പ്പ് അവഗണിച്ച് ഇരുവരും ഒരുമിച്ചു ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു. അഫ്സല് കൂലിപ്പണിക്കാരനാണ് എന്നതും ഇരുവരും ചെറുപ്പം മുതലേ പരിചയക്കാരാണ് എന്നതുമായിരുന്നു എതിര്‍പ്പിന് കാരണം. പക്ഷേ ഇരുവര്‍ക്കുമിടയിലെ പ്രണയം തുടങ്ങിയത് 2019-ലാണ്. ബസാറിലേക്കുള്ള ഒരു യാത്രയാണ് ഇവരെ അടുപ്പിച്ചത്.
ഒരു പാര്‍ക്കില്‍വെച്ച് ഇരുവരും പരസ്പരം മാലയിട്ടു. വിവാഹിതരായെന്ന് മനസിലുറപ്പിച്ചു. ചില ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങില്‍ പെപ്സിയും രസഗുളയുമായിരുന്നു വിഭവങ്ങള്‍. വിവാഹത്തോടെ വീട്ടില്‍ നിന്ന് പുറത്തായി. തുടര്‍ന്ന് ഗ്രാമത്തില്‍തന്നെ വാടകയ്ക്ക് മുറിയെടുത്ത് താമസം തുടങ്ങി.
അഫ്സലിന്റെ ഹെയര്‍സ്റ്റൈലും സംസാരരീതിയുമാണ് സബീനയ്ക്ക് ഇഷ്ടപ്പെട്ടത്. സബീനയുടെ സ്വഭാവവും ദുപ്പട്ട ധരിക്കുന്ന ശീലവും അഫ്സലിന് പ്രിയങ്കരമാണ്. ഇങ്ങനെയൊക്കെയാണെങ്കിലും ഇരുവരും തമ്മില്‍ വഴക്കുണ്ടാകാറുണ്ട്. എല്ലാ ദിവസം വൈകുന്നേരം ജോലി കഴിഞ്ഞുവന്നാല്‍ അഫ്സല് സബീനയെ പാചകത്തിന് സഹായിക്കും.
വിവാഹത്തിന് ശേഷം കൂടുതല്‍ ഉത്തരവാദിത്തബോധം വന്നെന്ന് അഫ്സല് പറയുന്നു. 'കൂടുതല്‍ കഠിനമായി അധ്വാനിക്കാന്‍ തുടങ്ങി. 300 രൂപയാണ് ഒരു ദിവസത്തെ വരുമാനം. അതുകൊണ്ട് ഒരു കുടുംബം നടത്താനാകില്ല. ഇപ്പോള്‍ കഠിനമായി ജോലി ചെയ്യേണ്ടതുണ്ട്.' അഫ്സല് പറയുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..