വിജയരാജമല്ലിക | Photos: facebook.com/vijayarajamallikaa
ആണ്-പെണ്ണ് -പ്രജനനം എന്ന പൗരാണികബോധത്തിൽനിന്ന് മുക്തമാകാത്ത സമൂഹമാണ് നമ്മുടേത്. പുരോഗമനം പ്രസംഗിക്കുമെങ്കിലും അടിസ്ഥാന വിഷയങ്ങളിൽപ്പോലും മലയാളിയുടെ ഉപബോധമനസ്സിനെ ഭരിക്കുന്ന ചില കാലഹരണപ്പെട്ട ആശയങ്ങളുണ്ട്. വിദ്യാഭ്യാസം നേടി, സ്വന്തം ആത്മാവിനെയും ചിന്തകളെയും സത്യത്തെയും ഉൾക്കൊള്ളാനുള്ള പാകപ്പെടുത്തലാണ് ഏറ്റവും അത്യാവശ്യം. മനുഷ്യനെ വൈവിധ്യമായി തിരിച്ചറിയാനുള്ള കെൽപ്പ് ആദ്യഘട്ടത്തിലേ കൈക്കൊള്ളാൻ വിലങ്ങുതടിയാകുന്നത് എന്തുതന്നെ ആയാലും അതിനെ യുക്തികൊണ്ട് നേരിടാൻ കഴിയുന്ന ഇടത്താണ് വിപ്ലവമെന്ന വാക്കിന് അർഥം പിറക്കുന്നത്. ധീരമായി ജീവിക്കാനും പ്രതിസന്ധികളെ മറികടക്കാനുമുള്ള ആർജവം നേടിയെടുക്കേണ്ടതുണ്ട്. അതിന് അനുഭവങ്ങൾമാത്രമാണ് തുണ.
എൽ.ജി.ബി.ടി.ക്യു.ഐ.എ. -എന്നിങ്ങനെ നീണ്ടുപരന്നൊഴുകുന്ന വലിയ കാൻവാസുകളിൽ അടയാളപ്പെടുത്താതെ ജീവിച്ചുമരിച്ച എത്രയോ പേരുണ്ടാകാം. ആരുടെയൊക്കെയോ നിർബന്ധബുദ്ധിക്ക് വഴങ്ങി ആണോ പെണ്ണോ ആയി മാത്രം എരിഞ്ഞുതീർന്നവർ. ആണായിരിക്കാനും പെണ്ണായിരിക്കാനും പ്രേരിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയുന്ന സമൂഹം ദ്വന്ദ്വബോധങ്ങളുടെ അതിരുകൾ വിട്ടുകൊടുക്കാതെ ദുർവാശി കാണിച്ചു മുമ്പോട്ടുപോയാൽ മനുഷ്യന്റെ കാര്യത്തിൽ സമഗ്രവും ആഗോളവുമായ വളർച്ച നേടാൻ പ്രയാസമായിരിക്കും.
പങ്കാളികളിൽ ഒരാൾ ട്രാൻസ്ജെൻഡർ ആയാൽ പുരികം ചുളിക്കുന്ന മലയാളി സോഷ്യൽ മീഡിയയിൽ അഴിച്ചുവിടുന്ന ഭാഷാപരമായ ആക്രമണങ്ങൾ കാണുന്നതല്ലേ? പറഞ്ഞുവെക്കുന്ന പല സദാചാരങ്ങളും വെറും കപടമാണെന്ന് ആവർത്തിച്ച് പറയേണ്ടിവരുംവിധം വാസ്തവം. ഇന്റർസെക്സ് വിഭാഗത്തിലെ മിശ്രലിംഗരായ കുഞ്ഞുങ്ങളെ തെരുവിലേക്ക് വലിച്ചെറിയുന്ന പത്രവാർത്തകൾ വരാത്ത കാലത്തോളം അവർ ഭീകരമായ അതിക്രമങ്ങൾ നേരിടുന്നില്ല എന്ന് പറയാൻ കഴിയുമോ? നോൺ ബൈനറി വിദ്യാർഥികൾക്ക് ഒട്ടും സൗഹൃദപരമല്ല നമ്മുടെ പല ക്ലാസ്സ് റൂമുകളും സിലബസും. അവിടെ ഉദാഹരണങ്ങളായി വരുന്നത് വീണ്ടും ആണും പെണ്ണും അവരുടെ നിത്യ പ്രശ്നങ്ങളും മാത്രം.
എൽ.ജി.ബി.ടി.യുടെ അർഥമറിയണം
സ്വന്തം മകളെ വിവാഹം ചെയ്ത പുരുഷൻ ഗേയാണെന്ന് മകൾ തിരിച്ചറിഞ്ഞാൽ അത് അവളുടെ ആങ്ങളയോട് പറയാനുള്ള കുടുംബാന്തരീക്ഷം നമ്മുടെ ഇടങ്ങളിൽ ഉണ്ടോ? കുടുംബത്തിനുള്ളിൽ അംഗങ്ങൾക്ക് ജനാധിപത്യപരമായി വളരാനും ആരോഗ്യപരമായി ആശയവിനിമയം നടത്താനുമുള്ള അവസരങ്ങൾ വളർത്തിയെടുക്കണം. ഞങ്ങൾ എൽ.ജി.ബി.ടി. മനുഷ്യരെ ചേർത്തുപിടിക്കുന്നു അല്ലെങ്കിൽ ഞങ്ങൾ ട്രാൻസ്ജെൻഡറുകളെ അംഗീകരിക്കുന്നു എന്നുപറഞ്ഞാൽ പോരാ, ആദ്യം എൽ.ജി.ബി.ടി. എന്ന അക്ഷരങ്ങളുടെ അർഥം മനസ്സിലാക്കണം.
സമസ്തമേഖലയും മാറ്റത്തിന്റെ പാതയിലാണിന്ന്. ഒരു വിഭാഗം മനുഷ്യരെ പാർശ്വവത്കരിച്ച് മൂന്നാം പിറയെന്ന് വിളിച്ച് അവരെ കളിയാക്കാൻ ഒരു തെറികൂടി എഴുതിവെക്കുകയല്ല വേണ്ടത്. മറിച്ച് ബൈനറിക്ക് അപ്പുറത്തുള്ള പോരാളികളെ കൃത്യമായി അടയാളപ്പെടുത്താൻ കഴിഞ്ഞാലേ, സ്വത്വം തുറന്നുപറയാതെ തീ വിഴുങ്ങുന്ന മനുഷ്യർക്ക് ഇരുമ്പുതിരശ്ശീല മാറ്റി പുറത്തുവരാനാകൂ. സ്വന്തം കുടുംബങ്ങളിൽതന്നെ സ്വാതന്ത്ര്യത്തോടെ നിലനിൽക്കാനും അവകാശങ്ങളും കടമകളും നിർവഹിക്കാനും കുടുംബത്തിന്റെ എല്ലാ തീരുമാനപ്രവർത്തനങ്ങളിലും പങ്കുകൊള്ളാനും സ്വസ്ഥമായി ജീവിക്കാനുമാകുന്ന അന്തരീക്ഷമാണിവിടെ ആവശ്യം. അമ്മ എന്ന് വാതോരാതെ വാത്സല്യം പൊഴിയുന്ന നമ്മുടെ എഴുത്തുകളിൽ ആണും പെണ്ണുമല്ലാത്ത മക്കളെ ബഹിഷ്കരിക്കുന്ന അമ്മമാരെപ്പറ്റി കവിതയെഴുതാൻ കഴിഞ്ഞതിൽ എനിക്ക് അഭിമാനമുണ്ട്. ഒരൊറ്റ ക്രാഫ്റ്റ് അല്ല എഴുത്തും ജീവിതവും. രണ്ടിലും കുറെയൊക്കെ സത്യസന്ധത പുലർത്താൻ കഴിയണം.
Content Highlights: writer vijayarajamallika about transgender life, lgbtq community, gay community
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..