
-
നിറഞ്ഞ സദസ്സിനുമുമ്പില്‍ ഉയര്‍ന്ന വേദികളില്‍ മാത്രം നൃത്തംചെയ്തിരുന്ന നര്‍ത്തകര്‍ എല്ലായിടങ്ങളും വേദികളാക്കാം എന്ന ചിന്തയിലാണ്. ചിദംബരം എന്ന സങ്കല്പത്തിലേക്ക് അറിയാതെ മനസ്സു പോകുന്നു. ചിദംബരം എന്നാല്‍, ജ്ഞാനത്തിന്റെ പരിസരം എന്നാണ്. ജ്ഞാനത്തിന്റെ പരിസരത്തില്‍നിന്ന്, അല്ലെങ്കില്‍ മനസ്സില്‍ മാത്രം നൃത്തംചെയ്യുന്ന അവസ്ഥയിലേക്ക് നര്‍ത്തകര്‍ ചിലപ്പോഴെങ്കിലും ഒന്ന് തിരിച്ചുപോകേണ്ട ഒരു കാലഘട്ടംകൂടിയാണിത്.
എല്ലാ നൃത്തവും വേദിക്കുവേണ്ടി മാത്രമുള്ളതല്ല. ചിലത് നമ്മുടെ മനസ്സിലേക്കുകൂടിയുള്ളതാണ്. നമ്മളെത്തന്നെ അറിയാനും നമ്മുടെ ചുറ്റുപാടിനെ അറിയാനുമുള്ളത്. അതിനുവേണ്ടിയാകാം പ്രകൃതിയിപ്പോള്‍ മറ്റു ജീവികളെയെല്ലാം പുറത്തിറക്കിവിട്ട് അവയ്ക്കൊരു പോറലുപോലുമേല്‍ക്കാതെ ഒരു മഹാമാരിപോലും പിടിക്കാതെ കാത്തുരക്ഷിച്ച് മനുഷ്യനെ മാത്രം വീടുകള്കള്ക്കുള്ളില് തളച്ചിട്ടിരിക്കുന്നത്. മനുഷ്യനെ മണ്ണാണ് വലുത് എന്ന് പഠിപ്പിച്ചുകൊണ്ട് പ്രകൃതി ഒരു പുതിയ അറിവിലേക്ക് തള്ളിവിട്ടിരിക്കുകയാണ്.
നമ്മുടെ ചുറ്റുപാട് എന്താണെന്നും നമ്മുടെ പരിസരം എന്താണെന്നും മനസ്സിലാക്കുക. പരിസരം എന്നത് ഒരു ജ്ഞാനമാണ്. നമ്മുടെ ചുറ്റുപാട് എന്താണെന്ന് നാം തിരിച്ചറിയുന്നതും നാം എവിടെനില്‍ക്കുന്നു എന്ന് തിരിച്ചറിയുന്നതും മണ്ണാണ് മനുഷ്യന് എന്ന് തിരിച്ചറിയുന്നതും വലിയൊരു അറിവാണ്. ആ അറിവാണ് ഒരുപക്ഷേ, ചിദംബരം എന്ന സങ്കല്പത്തിലും ഉള്ളത്.
ചിദ് അഥവാ വിവേകം, ജ്ഞാനം. ആ ജ്ഞാനപരിസരത്തുനിന്നുവേണം മനുഷ്യന് നൃത്തംചെയ്യാന്‍. അല്ലാതെ മനുഷ്യന്‍തന്നെ കെട്ടിടങ്ങള്‍ കെട്ടിയുണ്ടാക്കി അതിന്റെ പുറത്തുനിന്നല്ല നൃത്തം ചെയ്യേണ്ടത്. അതുകൂടി നമ്മെ പഠിപ്പിക്കുകയാണ് പ്രകൃതി എന്നാണ് എനിക്കുതോന്നുന്നത്. ലോകനൃത്തദിനമാണിന്ന്. എന്നും നൃത്തംചെയ്യുന്ന നര്‍ത്തകരെ സംബന്ധിച്ചിടത്തോളം ഈ ദിനത്തിന് പ്രത്യേകതയുണ്ടാകണമെന്നില്ല. പക്ഷേ, നമ്മളിപ്പോള്‍ നില്ക്കുന്ന ചുറ്റുപാടില്‍ ഈ ദിനത്തിന് വളരെ പ്രാധാന്യമുണ്ട്. വേദികളില്ല. വലിയ ആഘോഷങ്ങളില്ല. ആള്‍ക്കൂട്ടത്തിനു മുമ്പിലല്ല ഒരു നര്‍ത്തകരും ഇരിക്കുന്നത്. ആചാര്യന്മാര് പറഞ്ഞത് ഞാനോര്‍ത്തുപോവുകയാണ്. ഒരു വിളക്കിന്റെ മുമ്പില്‍ ഒരു തിരിനാളത്തിന്റെ മുമ്പില്‍, തിരിനാളം ഭഗവാനാണെന്നും അതാണ് വെളിച്ചമെന്നും ആ വെളിച്ചത്തിനുവേണ്ടിയാണ് ഞാന്‍ നാട്യം അനുഭവിക്കേണ്ടതെന്നും കൂടി തിരിച്ചറിയാന്‍ പാകത്തിന് ഇന്നത്തെ ഈ നൃത്തദിനം വന്നെത്തിയിരിക്കുന്നു എന്നുവേണം കരുതാന്‍.
Content Highlights: World Dance day 2020
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..