-
ഏറ്റവും ദുര്‍ഘടമായ ഒരു കാലഘട്ടത്തിലൂടെ ലോകജനത കടന്നു പൊയ്ക്കൊണ്ടിരിക്കുന്ന സമയത്താണ് ഈ വര്‍ഷത്തെ ലോകനൃത്തദിനം എന്നത് സങ്കടകരമാണ്. ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ നാം തരണം ചെയ്യേണ്ടത് ഒരേ മനസ്സോടെയും ഉറച്ച ധൈര്യത്തോടെയുമാണ്. മനുഷ്യര്‍ ഒന്നിച്ചു നിന്ന് ആപത്തിനെ തരണം ചെയ്യുന്ന സന്ദേശങ്ങള്‍ മാനവഹൃദയങ്ങളില്‍ പകര്‍ന്നു നല്കാന് കഴിയുന്നത് കലകള്‍ക്കാണ്.
അതുകൊണ്ട് തന്നെ കലകള്‍ ഏറ്റവും പ്രസക്തമായിത്തീര്‍ന്നിരിക്കുന്ന ഒരു കാലഘട്ടം കൂടെയാണിത്. ടി.വി.യിലും സാമൂഹിക മാധ്യമങ്ങളിലും കലയുടെ ഒട്ടേറെ കാഴ്ചാനുഭവങ്ങള്‍, നമ്മുടെ ഉള്ളിലേക്ക് നമ്മെത്തന്നെ നയിക്കുന്നുണ്ട്. കലാകാരന് മറ്റുള്ളവര്‍ക്കായി പങ്കിടാനുള്ളത് അവന്റെ ആത്മാവിഷ്കാരമായ കല തന്നെയാണ്. മറ്റുള്ളവര്‍ക്ക് നന്മയുടെ ഊര്‍ജമായി മാറേണ്ടതും കല തന്നെ. അതുകൊണ്ട് നര്‍ത്തകര്‍ ഈ സന്ദര്‍ഭത്തില്‍ തളര്‍ന്നുകൂടാ. കലാകാരന്മാര് തളര്‍ന്നു കൂടാ. സാഹോദര്യത്തിലൂടെയുള്ള മുന്നേറ്റമാണ് നമുക്കാവശ്യം. പരസ്പരം അറിഞ്ഞും ആസ്വദിച്ചും, നമുക്കു വേണ്ടി അധ്വാനിക്കുന്ന ആരോഗ്യ സന്നദ്ധ പ്രവര്‍ത്തകര്‍ക്കും മാനസിക പിന്തുണയേകാം. മോശമായ ശീലങ്ങളുടെ മേലുടയാടകള്‍ എന്നന്നേക്കുമായി ഉപേക്ഷിച്ച്, ഉത്തരവാദിത്വത്തിന്റെ പുതിയ കുപ്പായങ്ങളണിയാം. നമ്മുടെ താളാത്മകവും ലയസമ്പൂര്ണവുമായ ഉടലഴകുകള്‍ മാനവികതയുടെ ആഘോഷമാക്കാം. പ്രത്യാശയോടെ അതിജീവനത്തിന്റെ പുതിയ പാതയില്‍ സമൂഹത്തോടൊപ്പം നമുക്കും മുന്നോട്ടു പോകാന്‍ സമയമായിരിക്കുന്നു.
ഇനി നമ്മുടെ നൂപുരധ്വനികള്‍ ഭേദിക്കേണ്ടത് നാമിന്നുവരെ പടുത്തുയര്‍ത്തിയ സ്വാര്ഥശീലങ്ങളുടെ മായാ കവചങ്ങളെയാണ്. ഉയര്‍ത്തേണ്ടത്, പരസ്പര സ്നേഹത്തിന്റെയും പ്രത്യാശയുടെയും പുതിയ ഹൃദയമിടിപ്പുകളാണ്. അതുകൊണ്ടു തന്നെ ഈ ലോക നൃത്തദിനത്തിലുയരുന്ന നൂപുരലയങ്ങളിലെല്ലാം ഏകാത്മകമായി ഞാന്‍ കാണുന്ന ഒരു ഹൃദയ വിശുദ്ധിയുണ്ട്.
Content Highlights: World dance Day
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..