Photo: Pixabay
കവിത പോസ്റ്റ് ഗ്രാജ്വേഷന്‍ കഴിഞ്ഞതാണ്. വിവാഹശേഷം ജോലിക്ക് പോകുമെന്ന് ഉറപ്പിച്ചു പറഞ്ഞിട്ടാണ് വിവാഹം നടന്നത്. ജോലിക്ക് പോവുകയും ചെയ്തു. പക്ഷെ ആദ്യശമ്പളം ഒരു ആവേശത്തിന് അവള്‍ ഭര്‍ത്താവിന്റെ കൈയിലാണ് കൊടുത്തത്. ഉദാരമനസ്‌കനായ ഭര്‍ത്താവ് അതില്‍ നിന്ന് തുച്ഛമായ ഒരു തുക അവളുടെ കൈയില്‍ കൊടുത്തു.. 'നിനക്ക് ആവശ്യങ്ങള്‍ ഉള്ളതല്ലേ ഇതിരിക്കട്ടെ' എന്നൊരു ഡയലോഗും... അവള്‍ക്കും സന്തോഷമായി. ഭര്‍ത്താവ് ഉയര്‍ന്ന ശമ്പളം ഉള്ള ഉദ്യോഗസ്ഥനാണ് എന്നുള്ളത് കൊണ്ട് തന്നെ തന്റെ അടുത്ത ശമ്പളം കൊണ്ട് സ്വന്തം പേരില്‍ ചിട്ടി ചേരുകയോ അത് പോലെ മറ്റുള്ള ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയും ചെയ്യാം എന്നവള്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ രണ്ടാം മാസം തൊട്ട് അവളുടെ ശമ്പളം വരുമ്പോള്‍ കാത്തിരിക്കുന്ന ഭര്‍ത്താവായി അയാള്‍ മാറി. അവളുടെ കൈയില്‍ കൊടുക്കുന്ന തുകയുടെ കണക്കു ചോദിക്കുകയും അവളുടെ വീട്ടിലേക്ക് വല്ലപ്പോഴും കൊടുക്കുന്ന തുകയില്‍ അയാള്‍ അസ്വസ്ഥനാവുകയും ചെയ്ത് കൊണ്ടിരുന്നു... മെല്ലെ അവളുടെ ഡെബിറ്റ് കാര്‍ഡ് മുതല്‍ ഇന്റര്‍നെറ്റ് ബാങ്കിംഗ് വരെ അയാളുടെ കൈയിലായി. ഒരു നാരങ്ങ വെള്ളം മേടിച്ചു കുടിച്ചാല്‍ പോലും കണക്ക് പറയേണ്ട അവസ്ഥയില്‍ അവള്‍ സ്വയം വെറുത്തുതുടങ്ങി.
മറ്റൊരു കഥയാണ് മീരയുടേത്.. വിവാഹത്തിന് മുന്‍പ് തന്നെ താന്‍ ജോലിക്ക് പോകും എന്നവള്‍ ഉറപ്പിച്ചു പറഞ്ഞിരുന്നു. അതയാള്‍ സമ്മതിക്കുകയും ചെയ്തു. തന്നെക്കാള്‍ ഉയര്‍ന്ന ശമ്പളത്തില്‍ ജോലിക്ക് പോയി തുടങ്ങിയ ഭാര്യ അയാള്‍ക്ക് വേണ്ടത്ര വിലകൊടുക്കുന്നില്ല എന്ന തോന്നല്‍ സുഹൃത്തുക്കളുടെ അത്ര നിഷ്‌കളങ്കമല്ലാത്ത കളിയാക്കലുകളില്‍ നിന്നാണ് അയാള്‍ക്ക് തോന്നിത്തുടങ്ങിയത്. ജോലി രാജി വയ്പ്പിക്കാനുള്ള അയാളുടെ ആദ്യത്തെ അടവ് പെട്ടെന്നൊരു കുഞ്ഞിനെ വേണം എന്ന ആഗ്രഹം അവള്‍ക്ക് മുന്നില്‍ അവതരിപ്പിക്കലായിരുന്നു. ന്യായമായ ആവശ്യമെന്ന് തോന്നിയത് കൊണ്ട് അവളും അതിനു വഴങ്ങി. കുഞ്ഞിനെ നോക്കാന്‍ സ്വന്തം അമ്മയെ വീട്ടില്‍ നിര്‍ത്താനൊരുങ്ങിയപ്പോള്‍ തടഞ്ഞ അയാള്‍ ആ പേരില്‍ അവളെക്കൊണ്ട് ജോലി രാജി വെപ്പിച്ചു. ആ കുഞ്ഞിന് ഒന്നര വയസ്സായപ്പോള്‍ അവള്‍ രണ്ടാമത് ജോലി നോക്കിത്തുടങ്ങി. അപ്പോള്‍ വീണ്ടും മറ്റൊരു കുഞ്ഞെന്ന ആവശ്യം അയാള്‍ മുന്നോട്ട് വച്ചു... അതിനേ കൃത്യമായി എതിര്‍ത്ത അവളോടുള്ള കലി അയാള്‍ തീര്‍ക്കുന്നത്, പകല്‍ മുഴുവനുമുള്ള വീട്ടുജോലിക്ക് ശേഷം തളര്‍ന്നുകിടക്കുന്ന അവള്‍ക്ക് മേല്‍ കിടക്കയില്‍ ആധിപത്യം സ്ഥാപിച്ചായിരുന്നു. മാരിറ്റല്‍ റേപ്പ് എന്ന ക്രൂരത സഹിക്കുക എന്നതിനേക്കാള്‍ ഭയാനകമായി എന്താണുള്ളത്?! ആത്മഹത്യയുടെ വക്കിലാണ് അവളിപ്പോള്‍.
പെണ്ണ് പഠിച്ചു നേടിയ ജോലിക്ക് അവള്‍ പോകുന്നതിന് ഭര്‍ത്താവിന്റെയും പോരാത്തതിന് ഭര്‍ത്താവിന്റെ വീട്ടുകാരുടെയും അനുവാദം മേടിച്ചു കരാറുറപ്പിച്ചു കല്യാണം നടത്തുന്ന ഗതികേട് ഇന്നും നിലനില്‍ക്കുന്നു.. അതിനും മുകളിലാണ് സ്വന്തമായി വരുമാനമുണ്ടാക്കുന്ന പെണ്ണിന് മേലുള്ള മുതലെടുപ്പ് !!!
വിവാഹം കഴിഞ്ഞാല്‍ ജോലിക്ക് പോകും എന്ന ആവശ്യം മുന്നോട്ട് വയ്ക്കാന്‍ സ്ത്രീ പഠിച്ചു കഴിഞ്ഞു. പക്ഷെ സ്വന്തം ശമ്പളം എന്ത് ചെയ്യണമെന്നോ കുടുംബജീവിതത്തിന്റെ ഓരൊ ഘട്ടവും എങ്ങനെ മുന്നോട്ട് കൊണ്ടുപോകണമെന്നോ ഉള്ള തീരുമാനം ഇന്നും അവളുടേതല്ല !!
ഇപ്പോഴും ഇങ്ങനെയൊക്കെയുണ്ടോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല... ഈ അവസ്ഥയിലുള്ള കുറച്ചു പേരോട് സംസാരിച്ചപ്പോള്‍ ലഭിച്ച മറുപടികള്‍ ഈവിധമാണ്...
'എന്റെ ശമ്പളം എന്തിനെടുക്കുന്നു എന്ന് ചോദിച്ചാല്‍, അല്ലെങ്കില്‍ അയാള്‍ക്കെന്തിനാണ് എന്റെ ശമ്പളം എന്നൊന്ന് ചോദിച്ചു പോയാല്‍ പിന്നെ ഞാന്‍ കണക്ക് പറയുന്ന ഭാര്യയായി!'
'അടിപിടി കൂടി എന്റെ വീട്ടിലേക്ക് കയറിച്ചെല്ലാന്‍ കഴിയില്ല.. ഇതൊക്കെ നിസ്സാരസംഭവങ്ങള്‍ ആണെന്നും കുടുംബസമാധാനത്തിന് ഇതൊക്കെ സഹിക്കണമെന്നുമാണ് അമ്മ പറയുന്നത്...'
'ആരുടെ ശമ്പളം കൊണ്ടാണെകിലും ഭര്‍ത്താവ് കുടുംബത്തിലെ കാര്യങ്ങള്‍ നടത്തുന്നുണ്ടല്ലോ എന്ന് കരുതി അങ്ങു സഹിക്കും.. ഉള്ള സ്‌നേഹം കളഞ്ഞു മക്കളെ കൂടി കരയിക്കണ്ടല്ലോ...'
ഇതെല്ലാം സഹനമാണ്.. നാളെ ഡിപ്രെഷന്‍ എന്ന അവസ്ഥയിലേക്ക് നമ്മെ കൂപ്പുകുത്തിക്കാനുള്ള സഹനം!
എന്ത് ചെയ്യാനാകും?
1. വിവാഹത്തിന് മുന്‍പ് തന്നെ ഭര്‍ത്താവാകാന്‍ പോകുന്ന ആളുമായി സംസാരിക്കാന്‍ അവസരം കിട്ടണം. പക്ഷെ ജോലിക്ക് പോകണം എന്നല്ലാതെ എന്റെ ശമ്പളം എന്റെ കൈയില്‍ വയ്ക്കുമെന്നൊന്നും ആ സമയത്ത് പറയുക എളുപ്പമല്ല. അത് അങ്ങനെ വെട്ടിതുറന്നു പറയാന്‍ കഴിയുന്ന ഒരു സ്‌പേസ് പുതുതായി പരിചയപ്പെട്ട ഈ രണ്ടു പേര്‍ക്കിടയില്‍ കിട്ടണമെന്നും ഇല്ല..
വിവാഹത്തിന് മുന്‍പ് തന്നെ ചെറിയ ചിട്ടികള്‍ ചേര്‍ന്നിടുക... ശമ്പളം കിട്ടിയാല്‍ ആദ്യം തന്നെ അതിലേക്ക് അടയ്ക്കുന്ന വിധത്തിലാവണം അത് ക്രമീകരിക്കേണ്ടത്. സ്വന്തം ശമ്പളത്തില്‍ നിന്ന് തന്റെ വീട്ടിലേക്ക് പൈസ കൊടുക്കേണ്ടതുണ്ടെന്നും, അത് പോലെ തന്റെ പേരില്‍ ചിട്ടികളുണ്ടെന്നും വിവാഹത്തിന് മുന്‍പ് തന്നെ ഭര്‍ത്താവാകാന്‍ പോകുന്നയാളെ അറിയിക്കാം..
2. വിവാഹശേഷം ബാങ്ക് അക്കൗണ്ട്, ഡെബിറ്റ്, ക്രഡിറ്റ് കാര്‍ഡും എന്നിവ ഒന്നും ഒരു കാരണവശാലും ഭര്‍ത്താവിന്റെ കൈയ്യില്‍ 'പണയം' വയ്ക്കാതിരിക്കുക. അദ്ദേഹത്തിന് ആവശ്യങ്ങള്‍ വന്നാല്‍ കാര്‍ഡ് കൊടുക്കാം. എന്നാല്‍ അത് തിരികെവാങ്ങി കൈയില്‍ വയ്ക്കുക. എന്റേത് നിന്റേത് എന്ന വിവേചനമല്ല ഇവിടെ പ്രശ്‌നം.. നമ്മുടെ നിലനില്‍പ്പ് നമ്മുടെ സാമ്പത്തികസ്വാതന്ത്ര്യത്തിലാണ് എന്ന ഉള്‍ബോധം വേണം. സ്‌നേഹത്തിന്റെ പുറത്ത് പൊതുവെ ഒരു ഭര്‍ത്താവും സ്വന്തം എ.ടി.എം കാര്‍ഡ് ഭാര്യയ്ക്ക് സ്ഥിരമായി ഉപയോഗിക്കാന്‍ കൊടുക്കാറില്ലല്ലോ? എന്നാല്‍ ആവശ്യങ്ങള്‍ വന്നാല്‍ പണം നല്‍കാറുണ്ട്.. അത് തന്നെയാവട്ടെ തിരിച്ചുമുള്ള രീതി.
3. കുഞ്ഞുങ്ങള്‍ എപ്പോള്‍ വേണമെന്നും അതിന് ശേഷം ജോലിക്ക് പോകാനായി എന്തൊക്കെ ക്രമീകരണങ്ങള്‍ ചെയ്യണം എന്നും ചേര്‍ന്നാലോചിച്ചു തീരുമാനിക്കാം... അല്ലാതെ ആദ്യം കുഞ്ഞാവട്ടെ, എന്നിട്ട് പിന്നേ പറ്റുമ്പോള്‍ ജോലിക്ക് പോകാം എന്ന് കരുതുന്നതും അങ്ങനെ ഒരു നിര്‍ദേശം ഭര്‍ത്താവില്‍ നിന്നോ വീട്ടുകാരില്‍ നിന്നോ വന്നാല്‍ അത് മൂളിക്കേള്‍ക്കുന്നതും വലിയ അബദ്ധമാണ്. കുഞ്ഞുണ്ടായ ശേഷവും ഉറപ്പായും ജോലിക്ക് പോകണം എന്നൊരു നിശ്ചയദാര്‍ഢ്യം നമുക്കുണ്ടായാല്‍ മാത്രമേ കുഞ്ഞ് നമ്മുടെ മാത്രം ഉത്തരവാദിത്തമെന്ന ചിന്ത ചുറ്റുമുള്ളവരില്‍ നിന്ന് വേരോടെ പിഴുതെറിയാന്‍ കഴിയൂ... അതിനുള്ള വഴികള്‍ നമ്മള്‍ തന്നെ കണ്ടെത്തണം..
അപ്പോള്‍, കുഞ്ഞിനെ ഒരു കുറവും വരാതെ, എന്നാല്‍ സ്വന്തം ജോലി നഷ്ടപ്പെടുത്താതെ,എങ്ങനെ നോക്കണമെന്ന് ആലോചിച്ചു ചിട്ടപ്പെടുത്തിയ ശേഷമാവട്ടെ കുഞ്ഞിനായുള്ള പ്ലാനിങ്! അങ്ങനെ ചെയ്യുന്ന മിടുക്കികള്‍ നമുക്ക് ചുറ്റുമുണ്ട്... അവരില്‍ നിന്ന് ഉപദേശങ്ങള്‍ സ്വീകരിക്കാം..
4. വിവാഹത്തിന് മുന്‍പ് ബാങ്കിംഗിനെ പറ്റി കൃത്യമായി പഠിക്കുക.. ചെക്ക് എന്താണെന്നും ഡ്രാഫ്റ്റ് എന്താണെന്നും അറിവില്ലാത്ത പെണ്ണുങ്ങള്‍ ഇപ്പോഴും നമുക്കിടയിലുണ്ട്... നമ്മുടെ പണമിടപാടുകള്‍ക്ക് മറ്റൊരാളെ ആശ്രയിക്കേണ്ടി വരാതിരിക്കുന്നതാണ് നല്ലത്.
5. വിവാഹശേഷം സ്വന്തം സൗഹൃദങ്ങളെ മുഴുവന്‍ ഒഴിവാക്കി ഭര്‍ത്താവിലേക്ക് ഒതുങ്ങുന്ന പ്രവണതയും മറ്റൊരു വിധത്തില്‍ സാമ്പത്തികസ്വാതന്ത്ര്യത്തെ ബാധിക്കുന്നുണ്ട്... ചുറ്റുമുള്ള ലോകത്തിലുള്ള തൊഴിലവസരങ്ങള്‍, അത് പോലെ ലോകത്ത് നടക്കുന്ന സംഭവങ്ങളോക്കെ നമ്മിലേക്ക് എത്തുക പലപ്പോഴും സൗഹൃദങ്ങളിലൂടെയാണ്.. ഒറ്റപ്പെട്ട് ഒരു തുരുത്തില്‍ അകപ്പെട്ടു പോകുന്ന പെണ്ണുങ്ങള്‍ക്ക് പിന്നീട് നേരിടേണ്ടി വരുന്ന ഒരു ചോദ്യമുണ്ട് ' നീ ഇവിടുന്നു പുറത്ത് പോകുന്നില്ല, ലോകത്ത് എന്താണ് നടക്കുന്നതെന്ന് വല്ലോം നിനക്കറിയാമോ? നിനക്കെന്തിനാ പൈസ? ' സൗഹൃദങ്ങള്‍ നിലനിര്‍ത്തുക, സൗഹൃദസദസ്സുകളില്‍ വിവാഹശേഷവും ഭാഗമാകുക...
6. കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്നത് മുഴുവനായി ഭര്‍ത്താവിനെ ഏല്‍പ്പിക്കാതിരിക്കുക.. ജോലി കഴിഞ്ഞു വരുന്ന വഴി സ്വയം ഷോപ്പിംഗ് നടത്തുക..
7. എല്ലാ മാസത്തേയും ശമ്പളത്തില്‍ നിന്ന് വീട്ടാവശ്യങ്ങള്‍ക്ക് എന്ന പോലെ സ്വന്തം ആരോഗ്യത്തിനും സൗന്ദര്യത്തിനും മാനസിക ഉല്ലാസത്തിനുമൊക്കെയുള്ള അല്‍പം പണം നീക്കി വയ്ക്കുക... ഈ കാര്യത്തില്‍ വിവാഹജീവിതത്തിന്റെ തുടക്കത്തില്‍ തന്നെ ഭര്‍ത്താവുമായി സംസാരിച്ചു തീരുമാനം ഉണ്ടാക്കി വയ്ക്കുക.
8. ആരോഗ്യഇന്‍ഷുറന്‍സ് നിര്‍ബന്ധമായും എടുക്കുക.. ഭര്‍ത്താവ് അതിന് തയ്യാറല്ലെങ്കില്‍ അതിന്റെ പ്രീമിയം നമ്മുടെ ശമ്പളത്തില്‍ നിന്നടയ്ക്കുക.. ഇതെല്ലാം നാളെയ്ക്കുള്ള നമ്മുടെ കരുതലാണ്.. അതില്‍ നമ്മുടെ ഭാഗം കൃത്യമായ കണക്കോടു കൂടി ചെയ്യുക..
9. ഭാര്യയുടെ ശമ്പളം മുഴവന്‍ എടുത്ത ശേഷം അവളെ കൊണ്ട് ഈ വീടിനെന്ത് പ്രയോജനം എന്ന് പറയുന്ന ഭര്‍ത്താക്കന്‍മാരെ ധാരാളം കണ്ടിട്ടുണ്ട്. കുടുംബസമാധാനം പോകാതിരിക്കാന്‍ വേണ്ടി 'കണക്ക് പറയാതെയും കണക്ക് വയ്ക്കാതെയുമരിക്കുന്ന പെണ്ണുങ്ങള്‍ ഒന്നോര്‍ക്കുക... കണക്കില്ലാത്തത് നമുക്ക് മാത്രമാണ്. കുടുംബസമാധാനത്തിന് വേണ്ടി ഭര്‍ത്താവോ വീട്ടുകാരോ ഒന്നും വേണ്ടെന്നു വയ്ക്കുന്നില്ല. അവര്‍ക്ക് പറയേണ്ടത്, കിട്ടേണ്ടത് കൃത്യമായി അവര്‍ ചോദിച്ചു മേടിക്കുന്നുണ്ട്...അത് കൊണ്ട് കുടുംബബജറ്റില്‍ തന്റെ ശമ്പളത്തിന്റെ പങ്കെന്താണെന്നും തന്റെ ഭാഗം കൃത്യമായി ചെയ്യുന്നുണ്ടെന്നും അവരെ ഇടയ്‌ക്കൊന്നു ബോധവല്‍ക്കരിക്കുന്നതില്‍ ഒരു തെറ്റുമില്ല.
10. ഒരു ഭര്‍ത്താവിന്റെ വാക്കുകളിലേക്ക്: 'അവള്‍ക്ക് പത്തു പൈസയ്ക്ക് വിവരമില്ല, പത്രം വായിക്കില്ല, ലോകത്തെ ഒരു കാര്യവും അറിയില്ല, ഒറ്റയ്ക്ക് ഒരു കാര്യത്തിന് പുറത്തേക്ക് പോകാന്‍ മടി, ഞാനും കൂടെ ചെല്ലണം.. എന്നിട്ട് സമത്വം വേണം, സ്വാതന്ത്ര്യം വേണം എന്ന് മുറവിളി!' ഭര്‍ത്താവിനെ എന്നല്ല ഒരാളെയും കഴിവതും ആശ്രയിക്കാതെ ജീവിക്കാന്‍, എല്ലാ ദിവസവും ന്യൂസ് കാണാന്‍, കടയില്‍ പോയി സാധനങ്ങള്‍ വാങ്ങാന്‍, പ്രതികരിക്കാന്‍ പെണ്മക്കളെ പഠിപ്പിക്കേണ്ടതിന്റെ ആവശ്യകതയാണ് ഇവിടെ മനസിലാക്കേണ്ടത്. ഇന്നും 'അവന്‍' പോട്ടെ കടയിലെന്നും, 'അവന്‍' ആണ്‍കുട്ടിയല്ലേ എന്നുമുള്ള ചൊല്ല് നിരന്തരം പാടുന്ന വീടുകളുണ്ടെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ?
11. കുടുംബത്തില്‍ ഭര്‍ത്താവ് ചെയ്യുന്ന സാമ്പത്തികകാര്യങ്ങള്‍ ചോദിച്ചു മനസിലാക്കുക. ഏതൊക്കെ ബാങ്കുകളില്‍ ലോണ്‍ ഉണ്ട്, കടങ്ങളും നിക്ഷേപങ്ങളും എവിടെയൊക്കെയാണ് എത്രയാണ്, ഇതെല്ലാം നിര്‍ബന്ധമായും ചോദിച്ചറിഞ്ഞു വയ്ക്കുക.. ബാങ്ക് പാസ്സ്ബുക്കുകള്‍, എഫ് ഡി റെസിപ്പ്റ്റ് തുടങ്ങിയവ എവിടെ സൂക്ഷിച്ചിരിക്കുന്നു എന്ന് ഭാര്യയും അറിഞ്ഞിരിക്കണം. പെട്ടെന്ന് തനിച്ചാക്കപ്പെടുന്ന കുടുംബിനകള്‍ ഭര്‍ത്താവിന്റെ കടങ്ങളോ സമ്പാദ്യമോ എവിടെഎന്നോ എന്തെന്നോ അറിയാതെ പകച്ചു നില്‍ക്കുന്ന കാഴ്ചയ്ക്ക് പലപ്പോഴും സാക്ഷിയാകേണ്ടി വന്നിട്ടുണ്ട്..
അപ്പോള്‍ എന്റെ പെണ്ണുങ്ങളെ, ഇനി മുതല്‍ നമ്മുടെ കുടുംബജീവിതത്തിന്റെ സകല വരവ്‌ചെലവ് കണക്കുകളും നമ്മുടെ ഡയറിയില്‍ കുറിച്ചു തുടങ്ങൂ... സ്വന്തം ജീവിതവും ആത്മാഭിമാനവും ആര്‍ക്കും പണയം വയ്ക്കാതിരിക്കൂ..
Content Highlights: Workingwomen Issues
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..