എസ്കേപ്പ് നൗവിന്റെ നേതൃത്വത്തിൽ നടത്തിയ ട്രിപ്പിൽനിന്ന്
കോവിഡ് പിടികൂടുമോയെന്ന ആശങ്കയായിരുന്നു ജമ്മു കശ്മീരിലേക്കു പുറപ്പെടുമ്പോള്‍ എസ്‌കേപ്പ് നൗവിന്റെ അമരക്കാരി ഇന്ദുവിനും സംഘത്തിനുമുണ്ടായിരുന്നത്. എന്നാല്‍, കശ്മീരിലെത്തിയതോടെ ആശങ്കകള്‍ ആശ്വാസത്തിനു വഴിമാറി. മാസ്‌ക് കൃത്യമായി ധരിച്ചും കൃത്യമായ ഇടവേളകളില്‍ കൈകള്‍ സാനിറ്റൈസ് ചെയ്തും മറന്നുപോകുന്ന അവസരങ്ങളില്‍ പരസ്പരം സാനിറ്റൈസ് ചെയ്യാന്‍ ഓര്‍മിപ്പിച്ചുമായിരുന്നു യാത്ര.
കോവിഡും കശ്മീര്‍-ലേ-ലഡാക്ക്-മണാലി യാത്രയും
ഓഗസ്റ്റ് 21-ന് ആണ് ഏഴു പേരടങ്ങുന്ന സംഘം എറണാകുളത്ത് നിന്ന് ശ്രീനഗറിലേക്ക് യാത്ര തിരിച്ചത്. സെപ്റ്റംബര്‍ രണ്ടുവരെ നീളുന്ന ട്രിപ്പിൽ ശ്രീനഗർ, കശ്മീർ, കാർഗിൽ, ലേ, ലഡാക്ക്, മണാലി എന്നീ സ്ഥലങ്ങളാണ് ഈ പെൺസംഘം സന്ദർശിച്ചത്. പോകുമ്പോള്‍ കോവിഡിനെക്കുറിച്ചായിരുന്നു ആശങ്കകള്‍ മുഴുവന്‍. എല്ലാവരും ഒരു ഡോസ് വാക്‌സിനെങ്കിലും എടുത്തിരുന്നെങ്കിലും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും കോവിഡിനെക്കുറിച്ചായിരുന്നു ആശങ്ക. കോവിഡ് റിപ്പോർട്ട് ചെയ്തതിനുശേഷം എസ്‌കേപ്പ് നൗവിന്റെ നേതൃത്വത്തില്‍ നടത്തിയ ആദ്യ ദീർഘദൂര യാത്രയായിരുന്നു ഇത്.

കേരളത്തിലേതു പോലുള്ള ജനത്തിരക്ക് കശ്മീരിലില്ലായിരുന്നതിനാല്‍ അവിടെ എത്തിയപ്പോള്‍ എല്ലാവര്‍ക്കും ആശ്വാസമായതായി ഇന്ദു പറഞ്ഞു. വിമാനത്താവളങ്ങളില്‍ വെച്ചും ഓരോ പോയിന്റിലേക്ക് പോകുന്നതിനു മുമ്പും ആര്‍.ടി.പി.സി.ആർ പരിശോധന നിര്‍ബന്ധമായിരുന്നു. പരിശോധനാ റിസല്‍ട്ട് നെഗറ്റീവ് ആകുന്നതും സംഘത്തിന്റെ ആത്മവിശ്വാസം കൂട്ടിയതായി അവര്‍ കൂട്ടിച്ചേര്‍ത്തു. കോവിഡും ലോക്ഡൗണും കാരണം വീടുകളില്‍ അടച്ചിരുന്നവര്‍ക്ക് വലിയൊരു ഉണര്‍വായിരുന്നു ഈ യാത്രയെന്ന് ഇന്ദു പറഞ്ഞു. യാത്രയുടെ തുടക്കത്തില്‍ ചെറിയൊരു പേടി ഉണ്ടായിരുന്നുവെങ്കിലും രണ്ടുദിവസം കഴിഞ്ഞപ്പോഴേക്കും എല്ലാവരും ഉത്സാഹത്തിലായി.
കശ്മീര്‍ വിശേഷങ്ങള്‍
ശ്രീനഗറില്‍ തുടങ്ങിയ യാത്ര മണാലിയിലാണ് അവസാനിച്ചത്. അവധിക്കാലമായതിനാല്‍ എറണാകുളത്തുനിന്ന് ഡല്‍ഹിയിലേക്ക് ട്രെയിനിനാണ് യാത്ര തിരിച്ചത്. ഡല്‍ഹിയില്‍നിന്ന് ശ്രീനഗര്‍ വരെ വിമാനത്തിലായിരുന്നു യാത്ര. അവിടെനിന്ന് കശ്മീരും ലേയും ചുറ്റുപാടുകളും കണ്ടത് ട്രാവലറിലാണ്. പലര്‍ക്കും ഇത്ര ദൈര്‍ഘ്യമേറിയ റോഡ് ട്രിപ് ആദ്യത്തെ അനുഭവമായിരുന്നു.
ശ്രീനഗര്‍, കശ്മീര്‍, കാര്‍ഗില്‍, ലേ, ലഡാക്ക്, മണാലി എന്നീ സ്ഥലങ്ങള്‍ ഉള്‍പ്പെടെ 11 ദിവസം നീളുന്നതായിരുന്നു എസ്‌കേപ്പ് നൗവിന്റെ ട്രിപ്പ്.
ലഡാക്ക് സന്ദര്‍ശിക്കുന്നതിനുമുമ്പ് ഒരു ദിവസം അക്ലൈമറ്റൈസേഷനുവേണ്ടി(കാലാവസ്ഥയുമായി പൊരുത്തപ്പെട്ട് പോകാന്‍ തയ്യാറെടുക്കുന്നത്) നീക്കിവെച്ചിരുന്നു. ഈ ദിവസം സംഘത്തിലുണ്ടായിരുന്ന ആറുപേര്‍ സ്‌കൂട്ടറില്‍ സൻസ്കറിലേക്ക് യാത്ര ചെയ്തു. സൻസ്കർ നദിയിൽ റിവർ റാഫ്റ്റിങ്ങും നടത്തിയാണ് അവർ മടങ്ങിയത്. ലോകത്തിലെ തന്നെ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന റാഫ്റ്റിങ് പോയന്റുകളിലൊന്നാണിത്. ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ പറ്റാത്ത ഒരനുഭവമായിരുന്നു അതെന്ന് സംഘത്തിലുണ്ടായിരുന്ന ആലപ്പുഴയിലെ വയലാർ സ്വദേശി 18-കാരി കല്യാണി പറഞ്ഞു.

'കോവിഡിനെത്തുടര്‍ന്ന് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത് മനസ്സിനെ ആകെ വിഷമിച്ചിരുന്നു. പ്ലസ് ടുവിന്റെ റിസല്‍ട്ട് അറിഞ്ഞശേഷം സമ്മാനമായി എന്തുവേണമെന്ന് അച്ഛന്‍ ചോദിച്ചപ്പോള്‍ ആവശ്യപ്പെട്ടത് കശ്മീര്‍-മണാലി ട്രിപ്പായിരുന്നു. സമ്മതം കിട്ടിയ അപ്പോള്‍ തന്നെ ഇന്ദുവിനെ വിളിച്ച് ട്രിപ്പ് ബുക്ക് ചെയ്യുകയായിരുന്നു'-കല്യാണി പറഞ്ഞു. 'എന്റെ ആദ്യത്തെ കശ്മീര്‍-മണാലി ട്രിപ്പായിരുന്നു ഇത്. ചിത്രങ്ങളില്‍ കണ്ടതുപോലെ ഒന്നായിരുന്നില്ല നേരിട്ട് കണ്ട ജമ്മു കശ്മീര്‍. പറഞ്ഞു കേട്ടതിനേക്കാളും സങ്കൽപത്തിലുള്ളതിനേക്കാളും കൂടുതലുണ്ടായിരുന്നു അവിടെ കാണാന്‍'-കല്യാണി കൂട്ടിച്ചേര്‍ത്തു.
യാത്രയുടെ മൂഡ് മാറ്റിയ മഞ്ഞുവീഴ്ച
ഓഫ് സീസണായിരുന്നതിനാല്‍ കശ്മീരില്‍ മഞ്ഞും തണുപ്പും കിട്ടാതിരുന്നത് യാത്രാ സംഘത്തിലുള്ള ചിലരെ നിരാശരാക്കി. എന്നാല്‍, അഞ്ചാംദിനം ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള മോട്ടോറബിള്‍ റോഡുകളിലൊന്നായ ഖാര്‍ഡുന്‍ഗ്ലയില്‍(സമുദ്രനിരപ്പില്‍നിന്ന് 18,380 അടി ഉയരത്തില്‍) വെച്ച് മഞ്ഞുപെയ്തത് യാത്രയുടെ മൂഡ് തന്നെ മാറ്റിയെന്ന് ഇന്ദു പറഞ്ഞു. നല്ലൊരു അനുഭവമായിരുന്നു മഞ്ഞുവീഴ്ച. ഓഫ് സീസണ്‍ ആയിരുന്നുവെങ്കില്‍ ജമ്മു കശ്മീര്‍ട്രിപ്പ് എന്നാല്‍ ആദ്യം ആഗ്രഹിക്കുക മഞ്ഞുവീഴ്ച അനുഭവിക്കണമെന്നാണ്. ആദ്യ ദിവസങ്ങളില്‍ അത് കിട്ടാതിരുന്നത് ചെറിയ നിരാശയുണ്ടാക്കി. എന്നാല്‍, ഖാര്‍ഡുന്‍ഗ്ലയിലെ അനുഭവം ഒരിക്കലും മറക്കാന്‍ കഴിയില്ല-തൃശ്ശൂര്‍ സ്വദേശിനിയും വടക്കാന്‍ചേരി താലൂക്ക് ഓഫീസിലെ ക്ലര്‍ക്കുമായ ചിത്തിര പറഞ്ഞു.

സ്ത്രീകൾക്കുവേണ്ടി വിനോദയാത്രകൾ സംഘടിപ്പിക്കുന്ന സംരംഭമാണ് എസ്കേപ്പ് നൗ. കൊച്ചി സ്വദേശിനിയായ ഇന്ദുവിന്റെ നേതൃത്വത്തിൽ 2015 ഒക്ടോബറിലാണ് അനൗദ്യോഗികമായി എസ്‌കേപ്പ് നൗ പ്രവര്‍ത്തനം തുടങ്ങിയത്. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു പ്രചാരണം. 2016 മാര്‍ച്ച് എട്ടിന് വനിതാ ദിനത്തില്‍ എസ്‌കേപ്പ് നൗ ഔദ്യോഗികമായി പെണ്‍യാത്ര തുടങ്ങി. ഇക്കഴിഞ്ഞ വര്‍ഷങ്ങള്‍ക്കിടെ ഇന്ത്യക്കകത്തും പുറത്തുമായി ഒട്ടനവധി യാത്രകള്‍ ഇന്ദുവിന്റെ എസ്‌കേപ്പ് നൗ നടത്തിക്കഴിഞ്ഞു. ഇന്ദു തനിച്ച് പൈലറ്റ് ട്രിപ്പ് നടത്തിയതിനുശേഷമാണ് ഓരോ യാത്രയും സംഘടിപ്പിക്കാറ്.
Content highlights: women only jammu kashmir trip escape now indu
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..