Photo: Freepik.com
കരിയറും കുടുംബത്തിലെ ഉത്തരവാദിത്തങ്ങളും ഒന്നിച്ചുകൊണ്ടുപോകുക എന്നത് സ്ത്രീകള്‍ക്ക് വലിയ വെല്ലുവിളിയാണ് എന്നും. പ്രത്യേകിച്ചും ഇതെല്ലാം അവളുടെ ഉത്തരവാദിത്തമാണ്, അല്ലെങ്കില്‍ ജോലി രാജിവയ്ക്കട്ടെ എന്ന ചിന്തയോടെ വേണ്ടപ്പെട്ടവര്‍ കൈകെട്ടി മാറി നില്‍ക്കുമ്പോള്‍. കൊറോണ പടര്‍ന്നു പിടിച്ചതോടെ ഏറ്റവും കൂടുതല്‍ ജോലി സമ്മർദത്തിന് അടിമപ്പെട്ടത് സ്ത്രീകളാണ്. ഓഫീസ് ജോലിയും വീട്ടിലെ ഉത്തരവാദിത്തങ്ങളും എല്ലാം ഒരേ സമയം നോക്കേണ്ട അവസ്ഥയായി അവര്‍ക്ക്. പ്രത്യേകിച്ചു കുട്ടികളുടെ കാര്യങ്ങള്‍.
ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ് ബ്രിട്ടണില്‍ നടത്തിയ ഒരു സര്‍വേയില്‍ അമ്മമാരില്‍ ഭൂരിഭാഗവും കരിയറും കുഞ്ഞുങ്ങളുടെ പരിചരണവും ബാലന്‍സ് ചെയ്യാന്‍ നന്നേ പണിപ്പെടുന്നതായാണ് കണ്ടെത്തല്‍. പത്ത് വയസ്സില്‍ താഴെയുള്ള മക്കളുള്ള 41 ശതമാനം സ്ത്രീകളും ജോലി ചെയ്യാനായി കുട്ടികളെ നോക്കാന്‍ ഏല്‍പ്പിക്കാന്‍ ആരുമില്ലാതെ ബുദ്ധിമുട്ടുകയാണെന്നാണ് സര്‍വേ. അതോടെ പലരും ജോലി തന്നെ ഉപേക്ഷിക്കേണ്ടി വരുന്നു.
45 ശതമാനം സ്ത്രീകളും പറയുന്നത് കുഞ്ഞുങ്ങളെ നോക്കാന്‍ അവര്‍ക്ക് ആരുടെയും സഹായം ലഭിക്കാറില്ല എന്നാണ്. 35 ശതമാനം ആളുകള്‍ ഭര്‍ത്താവിന്റെ സഹായം പോലും ലഭിക്കാറില്ല എന്ന് പറയുന്നു. 43 ശതമാനം വര്‍ക്കിങ് മദേഴ്‌സും അവരുടെ ജോലിയും കുഞ്ഞിന്റെ പരിചരണവും ഒന്നിച്ച് കൈകാര്യം ചെയ്യേണ്ടി വരുന്നവരാണ്. എന്നാല്‍ പിതാക്കന്‍മാരില്‍ അത് 29 ശതമാനം മാത്രമാണ്.
'ജോലിക്കാരായ സ്ത്രീകള്‍ പലപ്പോഴും തകര്‍ന്നു പോകുകയാണ് പതിവ്. ഇത് തുടരാനാവില്ല. ലോകമെങ്ങുമുള്ള സ്ത്രീകള്‍ ഇത്തരത്തില്‍ കരിയറില്‍ പന്തള്ളപ്പെട്ടു പോകുന്നുണ്ട്. ജോലി സ്ഥലങ്ങളിലും മാറ്റമുണ്ടാവണം. കുഞ്ഞിനെ നോക്കേണ്ടതുകൊണ്ട് അമ്മമാര്‍ക്കോ പിതാക്കന്‍മാര്‍ക്കോ ജോലിയില്‍ നിന്ന് വിട്ടുപോകേണ്ടി വരരുത്.' ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ് സെക്രട്ടറി ഫ്രാന്‍സിസ് ഗ്രാഡി പറയുന്നു.
Content Highlights: Women may be forced to leave workforce due to childcare crisis during corona pandemic
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..