വുമൺ ചേംബർ ഓഫ് കൊമേഴ്സ് ബോർഡ് അംഗങ്ങൾ | Photo: Mathrubhumi
റിസ്കെടുക്കാന്‍ എല്ലാവരും മടിക്കുന്നിടത്ത് അതങ്ങ് യാഥാര്ഥ്യമാക്കുന്നവരാണ് വയനാടന്‍ വനിതാ സംരംഭകര്‍. സംസ്ഥാനത്തുതന്നെ ഒരുവര്‍ഷത്തില്‍ ഏറ്റവുമധികം സംരംഭങ്ങള്‍ തുടങ്ങിയ ജില്ലകളിലൊന്നായി വയനാട് തിളങ്ങുമ്പോള്‍ നേട്ടത്തിനു പകിട്ടേറ്റുന്നത് വനിതകളുടെ പ്രാതിനിധ്യമാണ്. പുതുതായി ജില്ലയില്‍ തുടങ്ങിയവയില്‍ മൂന്നിലൊന്നും വനിതാസംരംഭങ്ങളാണ്. 1031 സംരംഭങ്ങളാണ് വനിതകളുടെ നേതൃത്വത്തില്‍ വയനാട്ടില്‍ കഴിഞ്ഞ ഒരുവര്‍ഷം തുടങ്ങിയത്. നഗരങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും വനിതാസംരംഭങ്ങള്‍ വിജയിക്കുകയെന്ന മനോഭാവത്തിന് മാറ്റംവരുന്നതിന്റെ നല്ല സൂചനയായാണ് വയനാട്ടില്‍നിന്നുള്ള വനിതാസംരംഭങ്ങളെ അധികൃതരും കാണുന്നത്.
രാജ്യത്തെ ആദ്യത്തെ വനിതാ സംരംഭക കൂട്ടായ്മയും വയനാട്ടില്‍ നിന്നുത്തന്നെയാണ്. വ്യവസായ -വാണിജ്യമേഖലകളില്‍ സജീവമായ 25-ലധികം വനിതാസംരംഭകരുടെ കൂട്ടായ്മ വുമണ്‍ ചേംബര്‍ ഓഫ് കൊമേഴ്സും വയനാട്ടിലാണ് രജിസ്റ്റര്‍ചെയ്തിരിക്കുന്നത്. സ്ത്രീ സൗഹാര്‍ദ വ്യവസായനയങ്ങളും വായ്പയിളവുകളുമാണ് സ്ത്രീകള്‍ക്ക് വാണിജ്യ - വ്യവസായ മേഖലയിലേക്ക് എത്താന്‍ തുണയാകുന്നത്. ജില്ലാ വ്യവസായകേന്ദ്രത്തിലെത്തുന്ന അപേക്ഷകളില്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് സ്ത്രീകളുടെ എണ്ണത്തില്‍ വലിയ വര്‍ധനയുണ്ടായിട്ടുണ്ട്.
സ്വന്തം സ്വപ്നസാക്ഷാത്കാരത്തിനൊപ്പം മറ്റുള്ളവര്‍ക്കുകൂടി ജോലി നല്കാനാവുന്നു എന്നതും സ്ത്രീകള്‍ക്ക് ഈ മേഖലയിലെത്താന്‍ പ്രചോദനമാണ്. കാര്‍ഷികോത്പന്നങ്ങളില്‍ അടിസ്ഥാനമാക്കിയുള്ള സംരംഭങ്ങള്തന്നെയാണ് വയനാട്ടില്‍ സ്ത്രീകളുടെ നേതൃത്വത്തില്‍ തുടങ്ങുന്നവയില്‍ ഏറെയും. കാപ്പി, തേയില, കരകൗശലവസ്തുനിര്മാണം, ടൂറിസം, ടെക്സ്റ്റൈല്‍, ബേക്കറി തുടങ്ങി വനിതാസംരംഭകര്‍ മുന്നിട്ടിറങ്ങാത്ത മേഖലകളിലില്ല. സ്വന്തം സംരംഭങ്ങള്ക്കൊപ്പംതന്നെ കുടുംബ ബിസിനസ്സിന്റെ സാരഥ്യത്തിലേക്കും വനിതകള്‍ മുന്നിട്ടറങ്ങുന്നതും പ്രചോദനമാണെന്ന് അധികൃതരും പറയുന്നു.
പ്രചോദനമാകാന്‍ വനിതാ ചേംബറും
പേരെടുത്ത വനിതാ സംരംഭകരുള്ള നഗരങ്ങളെ പോലും മറികടന്ന് വനിതാസംരംഭക കൂട്ടായ്മയ്ക്ക് മുന്നിട്ടിറങ്ങിയതും വയനാട്ടിലെ വനിതകള്‍ തന്നെയാണ്. വയനാട് ചേംബര്‍ ഓഫ് കൊമേഴ്സിന് കീഴിലെ വനിതാഘടകമായാണ് ആദ്യം ആലോചന നടന്നതെങ്കിലും ഒരു ഘട്ടത്തില്‍ സ്വതന്ത്ര സംഘടന എന്ന തീരുമാനമായിരിക്കും ശരിയെന്ന് നിലപാടിലെത്തുകയായിരുന്നുവെന്ന് വുമണ്‍ ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്റ് അന്ന ബെന്നി പറഞ്ഞു. മുതിര്‍ന്ന വനിതാ സംരംഭകരില്‍ നിന്ന് വലിയ പിന്തുണയാണ് കൂട്ടായ്മയ്ക്ക് ലഭിച്ചത്. സംഘടനയുടെ ഔദ്യോഗിക പേപ്പര്‍ വര്‍ക്കുകള്‍ പൂര്‍ത്തീകരിച്ചതോടെ സംസ്ഥാനത്ത് മുഴുവന്‍ വിപുലീകരിക്കാനുള്ള ശ്രമത്തിലാണ് നേതൃത്വം. വനിതകള്‍ക്കായി സംരംഭകത്വ പരിശീലന പരിപാടികളും ആലോചനയിലുണ്ട്. സംരംഭക മേഖലയിലെ വെല്ലുവിളികള്‍ നേരിടുന്നതിലും ആത്മവിശ്വാസത്തോടെ പ്രവര്‍ത്തിക്കുന്നതിലും സ്ത്രീകള്‍ എന്ന നിലയിലുള്ള കൂട്ടായ്മ സഹായമാകുന്നതായി അന്ന ബെന്നി പറഞ്ഞു. വാള്‍നട്ട്സ് ബേക്സിന്റെ മാനേജിങ് ഡയറക്ടറായ അന്ന ബെന്നി സംരംഭകയെന്ന നിലയിലുള്ള തന്റെ വിജയമാണ് കൂട്ടായ്മയ്ക്ക് മുന്നിട്ടിറങ്ങിയപ്പോഴും പ്രചോദനമായി കണ്ടത്.
വായ്പയിളവുകള് കണ്ടായിരിക്കും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ പണ്ടുമുതലേയുള്ള സംരംഭക സ്വപ്നങ്ങള്‍ പൊടിതട്ടിയെടുക്കുന്നത്. എന്നാല്‍, അതുകൊണ്ടുമാത്രമായില്ല. സ്ഥിരോത്സാഹമാണ് പ്രധാനമെന്ന് മുതിര്‍ന്ന സംരംഭകയായ എം.ഡി. ശ്യാമള പറയുന്നു. ജില്ലയിലെ ലീഡ് ബാങ്ക് മാനേജരായി പിരിഞ്ഞതിനു ശേഷമാണ് ശ്യാമള മകനൊപ്പം വെസ്റ്റ്മൗണ്ട് കോഫിയുടെ സാരഥ്യത്തിലേക്ക് എത്തുന്നത്. വിദേശ വിപണി ലക്ഷ്യമിട്ടു തുടങ്ങിയ വെസ്റ്റ്മൗണ്ട് കോഫി തുടക്കം മുതലേ മേഖലയിലെ പ്രധാന പേരുകളിലൊന്നാണ്. എന്നാല്‍ ചുമതലപ്പെട്ട ഉദ്യോഗത്തില്‍ ഇരിക്കുന്നതിന് തുല്യമായ ജാഗ്രതയും ഉദ്യോഗത്തിന് സമാനമായി നിശ്ചിതസമയം സംരംഭത്തിനായും മാറ്റിവെക്കാനും വനിതകള്‍ തയ്യാറാവണമെന്ന് ശ്യാമള പറഞ്ഞു.
2023-വര്‍ഷത്തില്‍ അടിസ്ഥാനസൗകര്യവികസനം, നൂതനാശയങ്ങള്‍, മൂലധന നിക്ഷേപം എന്നീ മേഖലകളില്‍ ഊന്നല്‍ നല്കി സംരംഭകരെ പിന്തുണയ്ക്കാനാണ് ശ്രമമാണ് ജില്ലാ വ്യവസായകേന്ദ്രം മാനേജര്‍ ലിസിയാമ്മ സാമുവല്‍ പറഞ്ഞു. 2023ന്റെ തുടക്കത്തില്‍ തന്നെ ബ്രാന്‍ഡ് വയനാട് എന്ന പേരില്‍ ജില്ലയില്‍ നിന്നുള്ള ഉത്പന്നങ്ങളെ വിപണിയിലെത്തിക്കും. രണ്ടു കരകൗശല പാര്‍ക്കുകള്‍, നാല് സംരംഭക ക്ലസ്റ്ററും തുടങ്ങും. വനിതാ സംരംഭകരെ കണ്ടെത്തി പ്രത്യേക പരിശീലനം നല്‍കുന്നതും പരിഗണനയിലുണ്ടെന്നും ലിസിയാമ്മ സാമുവല്‍ പറഞ്ഞു.
Content Highlights: women are shining as entrepreneurs in wayanad
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..