-
വണ്ണം കുറയ്ക്കലിന് മുമ്പും ശേഷവും എന്നു വിശേഷിപ്പിച്ചുകൊണ്ടുളള ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിൽ സ്ഥിരമാണ്. വണ്ണം കുറയ്ക്കുന്നതിനു മുമ്പുള്ള കാലം എത്ര ദുസ്സഹമായിരുന്നുവെന്നും വണ്ണം കൂടുന്നത് അസാധാരണമാണ് എന്നുമൊക്കെ പറയുന്ന ചിത്രങ്ങളായിരുന്നു അവ. ഇക്കാര്യത്തിൽ തിരിച്ചു ചിന്തിക്കുന്നവര്‍ വിരളവുമാണ്. വണ്ണം കുറഞ്ഞ കാലത്തു നിന്ന് കൂടിയ കാലത്തിലേക്കുള്ള ചിത്രം പങ്കുവെക്കുന്നവര്‍ അധികം ഉണ്ടാകില്ല. ഈ സാഹചര്യത്തില്‍ ശ്രദ്ധേയമാവുകയാണ് ഒരുകൂട്ടം സ്ത്രീകളുടെ ഫോട്ടോചലഞ്ച്.

ഇത്തിരി വണ്ണം കൂടിയാല്‍പ്പോലും ഫോട്ടോകളില്‍ നിന്ന് ഓടിയൊളിക്കുന്നവര്‍ കണ്ടിരിക്കേണ്ട ചിത്രങ്ങളാണിവ. മെലിഞ്ഞിരിക്കുന്ന കാലത്തേയും പിന്നീട് ക്രമാതീതമായി വണ്ണം വച്ച കാലത്തേയും ചിത്രങ്ങളാണ് ഇവര്‍ പങ്കുവച്ചിരിക്കുന്നത്. ടേയ്‌ലര്‍ റെയ്ന്‍ എന്ന യുവതിയാണ് ഈ ചലഞ്ചിന് തുടക്കം കുറിച്ചത്. വണ്ണം ഇല്ലാത്തപ്പോഴും വണ്ണം വച്ചപ്പോഴുമുള്ള തന്റെ രണ്ടു ബിക്കിനി ചിത്രങ്ങളാണ് ടേയ്‌ലര്‍ പോസ്റ്റ് ചെയ്തത്. വണ്ണം കൂടിയാലും കുറഞ്ഞാലും സ്വന്തം ശരീരത്തെ സ്‌നേഹിക്കാന്‍ പഠിക്കുക എന്ന ആശയമാണ് ടേയ്‌ലര്‍ പങ്കുവച്ചത്.
ഇത് വണ്ണം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട പോസ്റ്റല്ലെന്ന ആമുഖത്തോടെയാണ് ടേയ്‌ലര്‍ കുറിക്കുന്നത്. വണ്ണംവച്ച കാലത്ത് തന്റെ ആത്മവിശ്വാസം കുറഞ്ഞുവെന്നും വണ്ണം വെക്കുമ്പോഴും അവനവനെ സ്‌നേഹിക്കേണ്ടതിനെക്കുറിച്ചാണ് താന്‍ പറയുന്നതെന്നും ടേയ്‌ലര്‍ കുറിക്കുന്നു. 58 കിലോയില്‍ നിന്ന് 104 കിലോയിലേക്കെത്തിയ ചിത്രം സഹിതമാണ് ടേയ്‌ലര്‍ കുറിച്ചത്.

അത്ഭുതപ്പെടുത്തുന്ന പ്രതികരണമാണ് ടെയ്ലർക്ക് ലഭിച്ചത്. സംഗതി വൈറലായതോടെ നിരവധി പേര്‍ തങ്ങളുടെ വണ്ണംവച്ച കാലത്തെയും അതിനു മുമ്പത്തെയും ചിത്രങ്ങള്‍ ചേര്‍ത്ത് പോസ്റ്റ് ചെയ്തു. പ്രസവശേഷം വണ്ണം വച്ചെന്നും പ്രായം കൂടുന്നതിന് അനുസരിച്ച് വന്ന മാറ്റമാണെന്നുമൊക്കെ പറഞ്ഞ് അവര്‍ തങ്ങളുടെ വണ്ണമുള്ള ശരീരത്തിന്റെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തു.

ജീവിതത്തിലെ ഓരോ ഘട്ടങ്ങളാണ് ഇവയെന്നും അവയെ പൂര്‍വാധികം സ്‌നേഹത്തോടെ ചേര്‍ത്തുനിര്‍ത്താന്‍ ഇത്തരം ചലഞ്ചുകള്‍ പ്രചോദനമാകുന്നുവെന്നും കാലങ്ങള്‍ക്കു ശേഷം ആത്മവിശ്വാസത്തോടെ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു എന്നുമൊക്കെ പറഞ്ഞ് ചിത്രങ്ങള്‍ പങ്കുവെക്കുന്നവരും ഏറെയാണ്.
Content Highlights: Women Are Posting Weight Gain Pics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..