41 വയസ്സിനുള്ളില്‍ 44 മക്കള്‍,ഒരു ദിവസം പുഴുങ്ങുന്നത് 25 കിലോ ചോളം; അറിയണം മറിയത്തിന്റെ ജീവിതം


ലോകത്തെ പ്രത്യുല്‍പാദന ശേഷി കൂടിയ വനിതകളില്‍ ഒരാളാണ് മറിയം

മറിയം നബാതൻസി മക്കൾക്കൊപ്പം | Photo: Reuters

ഗാണ്ടയില്‍ മറിയം നബാതന്‍സി എന്നു പേരുള്ളൊരു സ്ത്രീയുണ്ട്. അവര്‍ ലോകത്ത് അറിയപ്പെടുന്നത് 'മാമ ഉഗാണ്ട' എന്ന പേരിലാണ്. അതിന്റെ പിന്നിലുള്ള കാരണം അന്വേഷിച്ചാല്‍ അമ്പരപ്പിക്കുന്ന ജീവിതമാണ് നമ്മുടെ മുന്നില്‍ തെളിയുക.

ലോകത്തെ പ്രത്യുല്‍പാദന ശേഷി കൂടിയ വനിതകളില്‍ ഒരാളാണ് മറിയം. 41 വയസ്സിനിടയില്‍ 44 കുഞ്ഞുങ്ങള്‍ക്കാണ് അവര്‍ ജന്മം നല്‍കിയത്. ആദ്യം അമ്മയാകുന്നത് 13-ാം വയസ്സില്‍. അതും മൂന്നു കുഞ്ഞുങ്ങളുടെ. പിന്നീട് തുടര്‍ച്ചയായ പ്രസവം തന്നെയായിരുന്നു.

അഞ്ചു തവണ നാല് വീതം കുഞ്ഞുങ്ങള്‍ക്കും അത്രയും തവണ മൂന്നു വീതം കുഞ്ഞുങ്ങള്‍ക്കും ജന്മം നല്‍കി. നാലു തവണ ഇരട്ട കുഞ്ഞുങ്ങളുണ്ടായി. അവസാനത്തെ പ്രസവത്തില്‍ മാത്രമാണ് ഒരു കുഞ്ഞു മാത്രമായി ജനിച്ചത്.

36-ാം വയസിലായിരുന്നു അവസാന പ്രസവം. ഇപ്പോള്‍ വയസ് 41-ല്‍ എത്തി. ഇതിനിടയില്‍ മുതിര്‍ന്ന മക്കളിലൂടെ പേരമക്കളും മറിയത്തിനുണ്ടായി.

മെഡിക്കല്‍ സയന്‍സില്‍ അപൂര്‍വം

മെഡിക്കല്‍ സയന്‍സിലെ അപൂര്‍വമായ ഒരു അവസ്ഥയിലൂടെയാണ് മറിയം കടന്നുപോയത്. ഹൈപ്പര്‍ ഓവുലേഷന്‍ എന്നാണ് ഈ അവസ്ഥയുടെ പേര്. ഒരു സ്ത്രീയുടെ അണ്ഡോല്‍പാദന വേളയില്‍ സാധാരണയായി ഒരു അണ്ഡം മാത്രമേ വിക്ഷേപിക്കപ്പെടുന്നുള്ളു. എന്നാല്‍ മറിയത്തിന് അത് നാലും മൂന്നും രണ്ടുമൊക്കെയാണ്.

18-ാം വയസില്‍ 18 കുട്ടികള്‍ ആയപ്പോള്‍ പ്രസവം നിര്‍ത്തുന്നതിനെ കുറിച്ച് മറിയം ആലോചിച്ചിരുന്നു. തുടര്‍ന്ന് ആറുമാസം ആശുപത്രിയില്‍ കിടക്കേണ്ടി വന്നു. അസാധാരണമായ രീതിയില്‍ അണ്ഡോല്‍പാദനം നടക്കുന്നതിനാല്‍ താന്‍ പ്രസവിച്ചില്ലെങ്കില്‍ ട്യൂമറിന് സാധ്യതയുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ഇതോടെ ആ ശ്രമം ഉപേക്ഷിച്ചെന്നും റോയിറ്റേ്‌ഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ മറിയം പറയുന്നു.

ക്രൂരയായ രണ്ടാനമ്മയും ഭര്‍ത്താവും

പ്രതിസന്ധികള്‍ മാത്രം നിറഞ്ഞ ഒരു ജീവിത്തിലൂടേയാണ് മറിയം കടന്നുവന്നത്. മറിയത്തിന് മാസങ്ങള്‍ മാത്രം പ്രായമുള്ളപ്പോള്‍ അമ്മ ഉപേക്ഷിച്ചുപോയി. തുടര്‍ന്ന് വീട്ടിലെത്തിയ രണ്ടാനമ്മ അച്ഛനില്ലാത്തപ്പോള്‍ മക്കള്‍ക്കെല്ലാം ഭക്ഷണത്തില്‍ കുപ്പിച്ചില്ല് കലര്‍ത്തി നല്‍കി. മറിയം ഒഴികെ ബാക്കിയുള്ള സഹോദരങ്ങളെല്ലാം കൊല്ലപ്പെട്ടു.

12-ാം വയസ്സില്‍ അച്ഛന്‍ മറിയത്തെ വിവാഹ കമ്പോളത്തില്‍ വിറ്റു. ഭര്‍ത്താവിന്റെ അഞ്ചാമത്തെ ഭാര്യയായിരുന്നു മറിയം. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിനുള്ളില്‍ ആദ്യ പ്രസവം. പിന്നീട് മറിയത്തിന് ജീവിത്തില്‍ ഒന്നു ശ്വാസംപോലും വിടാന്‍ സമയം കിട്ടിയില്ല. ഇതിനിടയില്‍ ഭര്‍ത്താവിന്റെ ഉപദ്രവും സഹിക്കാന്‍ കഴിയാതെയായി. പിന്നീട് പല ജോലികളും ചെയ്താണ് മറിയം കുഞ്ഞുങ്ങളെ വളര്‍ത്തിയത്. തയ്യല്‍ക്കാരിയും ഹെയര്‍സ്‌റ്റൈലിസ്റ്റും വന്ധ്യതാനിവാരണ ചികിത്സയുമെല്ലാമായിരുന്നു വരുമാന മാര്‍ഗങ്ങള്‍. പരിപാടികള്‍ക്കായി സ്റ്റേജ് ഒരുക്കിക്കൊടുത്തും ആക്രസാധനങ്ങള്‍ പെറുക്കിവിറ്റും ഹെര്‍ബല്‍ മരുന്നുകള്‍ വിറ്റും മറിയം പൈസ കണ്ടെത്തി.

ഒരു ദിവസം 25 കിലോ ചോളമാണ് മറിയത്തിന്റെ വീട്ടില്‍ പുഴുങ്ങിയെടുക്കുക. മത്സ്യവും മാംസവുമെല്ലാം അപൂര്‍വ്വമായി മാത്രമേ പാചകം ചെയ്യാറുള്ളൂ. വിശപ്പടക്കാന്‍ തന്നെ പണം തികയാതെ വരുമ്പോള്‍ മീന്‍ എല്ലാം എങ്ങനെ വാങ്ങുമെന്ന് മറിയം ചോദിക്കുന്നു.

ഭര്‍ത്താവിന്റെ ഉപദ്രവം സഹിക്കാന്‍ കഴിയാതെയായപ്പോള്‍ മറിയം അച്ഛന്റെ അരികിലേക്കാണ് രക്ഷതേടി ഓടിയത്്. എന്നാല്‍ വിവാഹ സമയത്ത് മഹര്‍ ഇനത്തില്‍ കൈപ്പറ്റിയ തുക തിരിച്ചുനല്‍കാന്‍ നിവൃത്തിയില്ലെന്ന് പറഞ്ഞ് മറിയത്തെ അച്ഛന്‍ തിരിച്ചയക്കും. ഈ ഓട്ടപ്പാച്ചിലിനിടയില്‍ ആറു മക്കള്‍ മരണപ്പെട്ടു. മറിയത്തിന്റെ അര്‍ധ സഹോദരിയുടെ സംരക്ഷണയിലിരിക്കേയാണ് രണ്ട് കുഞ്ഞുങ്ങള്‍ മരണപ്പെട്ടത്.

ഭര്‍ത്താവും രണ്ടാനമ്മയും തമ്മിലുള്ള ബന്ധമായിരുന്നു അടുത്ത പ്രതിസന്ധി. ഇതോടെ ഭര്‍ത്താവുമായുള്ള ബന്ധം പിരിഞ്ഞു. എന്നാല്‍ മക്കളുടെ ഉത്തരവാദിത്തം മറിയത്തിന്റെ ചുമലിലായി. ഇതോടെ കിലോമീറ്ററുകള്‍ നടന്ന് മുത്തശ്ശിയുടെ അടുത്ത് അഭയം തേടി. ഉഗാണ്ടയുടെ തലസ്ഥാനമായ കാമ്പലയില്‍ നിന്ന് 50 കിലോമീറ്റര്‍ ദൂരേയുള്ള ഒരു ഗ്രാമത്തിലായിരുന്നു മുത്തശ്ശി താമസിച്ചിരുന്നത്.

പലപ്പോഴും ഭക്ഷണം തേടി ഒരുപാട് ദൂരം നടന്നിട്ടുണ്ട്. കുഞ്ഞുങ്ങള്‍ വിശന്നു കരയുന്നത് കാണുമ്പോള്‍ ആത്മഹത്യയെ കുറിച്ച് പലതവണ ആലോചിച്ചിട്ടുണ്ട്. എന്നാല്‍ താന്‍ പോയാല്‍ തന്റെ കുഞ്ഞുങ്ങള്‍ക്ക് ആരുമില്ലാതാകുമല്ലോ എന്നോര്‍ത്ത് അതില്‍ നിന്ന് പിന്തിരിയും. മറിയം പറയുന്നു.

മക്കള്‍ക്കെല്ലാം മികച്ച വിദ്യാഭ്യാസം നല്‍കണമെന്നാണ് മറിയത്തിന്റെ ആഗ്രഹം. മൂത്തമകള്‍ പഠിച്ച് നഴ്‌സായി. ഇപ്പോള്‍ റഷ്യയില്‍ ഭര്‍ത്താവിനൊപ്പമാണ് താമസം. ഒരു മകന്‍ മെക്കാനിക്കല്‍ എഞ്ചിനീയറാണ്. മറ്റുള്ളവര്‍ യൂണിവേഴ്‌സിറ്റിയിലും കോളേജിലും സ്‌കൂളുകളിലും ഒക്കെയായി പഠിക്കുന്നു. ഇത്രയും മക്കളുണ്ടെങ്കിലും ഓരോരുത്തരും തനിക്ക് പ്രിയപ്പെട്ടവരാണെന്ന് മറിയം പറയുന്നു.

Content Highlights: woman with rare medical condition gives birth to 44 kids by age 40


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented