-
മിഷിഗണ്‍ സ്വദേശിനിയും സ്‌കൂള്‍ അധ്യാപികയുമായ ബെദനി മാക്മില്ലന്‍ തന്റെ പതിവ് പരിശോധനകള്‍ക്ക് ആശുപത്രിയില്‍ എത്തിയതായിരുന്നു. പത്താഴ്ച ഗര്‍ഭിണിയാണ് ആ സമയത്ത് ബദനി. ഡോക്ടര്‍ അള്‍ട്രാസൗണ്ട് സ്‌കാനിങിന് നിര്‍ദേശിച്ചപ്പോഴും ഇങ്ങനെയൊന്ന് അവര്‍ പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. അപൂര്‍വമായി മാത്രം കാണുന്ന യൂട്രെസ് ഡിഡെല്‍ഫിസ് എന്ന അവസ്ഥയായിരുന്നു ബദനിക്ക്. രണ്ട് വജൈനകളും രണ്ട് ഗര്‍ഭപാത്രവും രണ്ട് ഗര്‍ഭ നാളികളും ഒരാളില്‍ കാണപ്പെടുന്നതാണ് ഇത്.
ഇരുപത്തേഴ്കാരിയായ ബദനിയുടെ ആദ്യത്തെ കുഞ്ഞിനെ അവര്‍ക്ക് നഷ്ടമായിരുന്നു. അന്ന് ഈ അവസ്ഥ തിരിച്ചറിഞ്ഞിരുന്നില്ല. ഇതറിഞ്ഞതോടെ താന്‍ തകര്‍ന്ന് പോയെന്ന് ബദനി പറയുന്നു. താനൊരിക്കലും അമ്മയാവില്ല എന്നാണ് കരുതിയത്. ആദ്യത്തെ കുഞ്ഞ് ആറ് മാസം വളര്‍ച്ചയുള്ളപ്പോഴാണ് നഷ്ടമായത്. വീണ്ടും കുഞ്ഞിനെ നഷ്ടമാകാനോ കാലം തികയും മുമ്പേ പ്രസവിക്കാനോ ഉള്ള സാധ്യതയായിരുന്നു കൂടുതല്‍.
ഡോക്ടര്‍മാര്‍ക്ക് ഞാനൊരു അത്ഭുത വസ്തുവായിരുന്നു. അവരെന്നെ പോലെ ഒരാളെ കാണുന്നത് ആദ്യമായിരുന്നു. ഒരു മാസം മുമ്പ് പരിശോധനക്കായി എത്തിയപ്പോഴാണ് മറ്റൊരു വിവരം അറിയുന്നത്. രണ്ടു വജൈനയും തനിക്കുണ്ടെന്ന്, വജൈനയെ രണ്ടാക്കി തിരിച്ചു കൊണ്ട് ഒരു പാളി ഉണ്ടെന്നാണ് ഗൈനക്കോളജിസ്റ്റ് പറഞ്ഞത്. പക്ഷേ താന്‍ അത് വിശ്വസിക്കാന്‍ തയ്യാറായില്ല.
പിന്നെ ടെന്‍ഷന്റെ ദിനങ്ങളായിരുന്നു. ഡോക്ടര്‍മാര്‍ക്കും ഈ അവസ്ഥയെ പറ്റി തീരെ അറിവുണ്ടായിരുന്നില്ല. ഓരോ സ്‌കാനിലും അവളുടെ നെഞ്ചിടിപ്പ് കാണുമ്പോഴാണ് തനിക്ക് സമാധാനമായിരുന്നതെന്ന് ബദനി പറയുന്നു.
മറ്റ് സ്ത്രീകള്‍ക്കും ഇതേ പറ്റി അറിയാന്‍ വേണ്ടിയാണ് താനിത് തുറന്ന് പറയുന്നതെന്നും ബദനി പറഞ്ഞു. നമ്മുടെ ശരീരത്തെ നമ്മള്‍ തന്നെ അറിയണം. ഇത്തരം അവസ്ഥകളെ മറി കടക്കണം. ബദനി തന്റെ അനുഭവം പങ്കു വച്ചു.
എല്ലാ പ്രതിസന്ധികളെയും തോല്‍പിച്ചുകൊണ്ട് ബദനിയുടെ പെണ്‍കുഞ്ഞ് മാവേ കഴിഞ്ഞ സെപ്റ്റംബറില്‍ പിറന്നു.
Content Highlights: Woman has two vaginas and two wombs give birth on healthy baby
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..