Photo: facebook.com|humansofbombay
എസ്.ബി. പാട്ടീല്‍ എന്ന് വനിതാ അഗ്നിസുരക്ഷാ സേനാംഗം 2018 ല്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. മുംബൈയിലെ ക്രിസ്റ്റല്‍ ടവറില്‍ ഉണ്ടായ തീപിടുത്തത്തില്‍ പതിമൂന്ന് ആളുകളെ രക്ഷപ്പെടുത്തിയാണ് അവര്‍ ധീരനായികയായത്. രക്ഷപ്പെട്ടവരില്‍ രണ്ട് ഗര്‍ഭിണികളും രണ്ട് കുട്ടികളും ഉള്‍പ്പെട്ടിരുന്നു. സത്രീകള്‍ക്ക് പറ്റില്ല എന്ന് സമൂഹം പറഞ്ഞുവച്ച ഒരു ജോലിയെ ധീരതയോടെ ഏറ്റെടുത്ത തന്റെ അനുഭവം പങ്കുവയക്കുകയാണ് എസ്.ബി. പാട്ടീല്‍ ഹ്യൂമന്‍സ് ഓഫ് ബോംബെയുടെ ഫെയ്‌സ് ബുക്ക് പേജില്‍
ഫെയ്‌സ് ബുക്ക് കുറിപ്പ് വായിക്കാം
എനിക്ക് 24 വയസ്സുള്ളപ്പോഴാണ് പത്രത്തില്‍ വന്ന ഒരു ജോലി ഒഴിവിന്റെ പരസ്യവുമായി എന്റെ അങ്കിള്‍ വീട്ടില്‍ വന്നത്. മുംബൈയിലെ അഗ്നി സുരക്ഷാ സേനയിലേക്ക് ആദ്യമായി സ്ത്രീകളെ റിക്രൂട്ട് ചെയ്യുന്നതിന്റെ പരസ്യമായിരുന്നു അത്. എന്റെ അച്ഛനായിരുന്നു അതറിഞ്ഞപ്പോള്‍ എന്നെക്കാള്‍ ഉത്സാഹം. നല്ല ജോലിയാണെന്നും ഇത് സ്ത്രീകള്‍ക്ക് വലിയൊരു അവസരമാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. എന്നെ നിര്‍ബന്ധിച്ച് ജോലിക്ക് അപേക്ഷ അയപ്പിച്ചത് അങ്കിളും പിതാവും കൂടിതന്നെ. എന്റെ വിചാരം സ്ത്രീകളായതിനാല്‍ ഒന്‍പത് മുതല്‍ അഞ്ച് വരെയുള്ള സാധാരണ ഓഫീസ് ജോലിയായിരിക്കും അവിടെ ലഭിക്കുക എന്നതായിരുന്നു. കാരണം അന്നുവരെ അഗ്നിരക്ഷാ സേനയില്‍ ഞാന്‍ പുരുഷ ഉദ്യോഗസ്ഥരെ മാത്രമെ കണ്ടിരുന്നുള്ളു, അതും സിനിമകളില്‍.
റിക്രൂട്ട്‌മെന്റില്‍ പങ്കെടുക്കാന്‍ സെന്ററില്‍ എത്തിയപ്പോഴാണ് ഈ ജോലിയുടെ മറ്റൊരു മുഖം തന്നെ ഞാന്‍ കാണുന്നത്. എവിടെയോ രക്ഷാദൗത്യത്തിനായി 60 സെക്കന്‍ഡുകള്‍ക്കൊണ്ട് റെഡിയായി വണ്ടിയില്‍ പുറപ്പെടുന്ന സേനാംഗങ്ങളെ കണ്ട് എന്റെ കണ്ണുതള്ളി. സ്‌കൂളില്‍ കായിക താരമായിരുന്നതിനാല്‍ ശാരീരിക ക്ഷമതാ പരീക്ഷകളില്‍ വിജയിക്കാന്‍ എനിക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ല. ഞങ്ങള്‍ പത്തുപേരാണ് ആ ബാച്ചിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. സാഹസികമായ ജോലികള്‍ ചെയ്യാന്‍ എനിക്ക് ഇഷ്ടമായിരുന്നു. പെണ്‍കുട്ടി എന്ന വേര്‍തിരിവില്ലാതെ എന്റെ മാതാപിതാക്കള്‍ അതിന് പ്രോത്സാഹനവും നല്‍കി.
പരിശീലനത്തിനായി എന്നും ആദ്യമെത്തുക ഞാനായിരുന്നു. എന്നേരക്കാള്‍ ഭാരമുള്ള ഹോസ് ഉയര്‍ത്താനും ഡമ്മീസ് എടുക്കാനുമൊന്നും ഒരു മടിയും തോന്നിയിരുന്നില്ല. വെളുപ്പിനെയുള്ള പരിശീലനത്തിനായി എത്തുമ്പോള്‍ സ്‌റ്റോര്‍ റൂമില്‍ എന്റെ ആദ്യത്തെ പുഷ് അപ്പുകള്‍ ഞാന്‍ എടുക്കും. പുരുഷ സേനാംഗങ്ങളേക്കാള്‍ താഴെയാണ് സ്ത്രീ അംഗങ്ങള്‍ എന്ന് ഒരിക്കലും തോന്നരുതെന്ന് എനിക്ക് വാശിയുണ്ടായിരുന്നു. ധീരന്മാരെ സൃഷ്ടിക്കുക ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളല്ല, അത്തരം സാഹചര്യങ്ങളില്‍ നമ്മുടെ ഉള്ളിലെ ധീരത പുറത്തു വരുകയാണ് ചെയ്യുന്നതെന്നാണ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഞങ്ങള്‍ക്ക് നല്‍കിയിരുന്ന ഉപദേശം.
ആദ്യത്തെ എന്റെ രക്ഷാ ദൗത്യം ഒരു ക്ഷേത്രത്തിലായിരുന്നു. സീലിങ് തകര്‍ന്നു വീണതിന് കീഴില്‍ പെട്ടുപോയ ഒരു സ്ത്രീയെയാണ് അന്ന് ഞാന്‍ രക്ഷപ്പെടുത്തിയത്. പണി നടന്നുകൊണ്ടിരുന്ന ഭാഗത്തെ സിമന്റ് സീലിങ് പെളിഞ്ഞുവീണ് അതിനിടയിലാണ് അവര്‍ പെട്ടുപോയത്. സിമന്റ് ശരിക്ക് ഉണങ്ങിയിരുന്നില്ല. അവരെ ഞാന്‍ അതിനടിയില്‍ നിന്ന് വലിച്ച് പുറത്തെടുത്തു. ആ സ്ത്രീയുടെ അമ്മ കരഞ്ഞുകൊണ്ടാണ് അന്നെനിക്ക് നന്ദി പറഞ്ഞത്.
2018 ലാണ് എന്റെ ജീവിതത്തില്‍ ഞാന്‍ ഏറ്റവും വലിയ രക്ഷാ പ്രവര്‍ത്തനത്തിന്റെ ഭാഗമായത്. മുംബൈയിലെ ക്രിസ്റ്റല്‍ ടവറിലുണ്ടായ വലിയ തീപിടുത്തം. അന്ന് പതിമൂന്ന് ആളുകളെ എനിക്ക് രക്ഷിക്കാന്‍ പറ്റി, അതില്‍ രണ്ട് പേര്‍ ഗര്‍ഭിണികളായിരുന്നു.
ഈ ജോലിയിലെ ഏറ്റവും വലിയ സന്തോഷം രക്ഷപ്പെടുത്തിയവര്‍ എന്നും നമ്മളെ ഓര്‍ത്തിരിക്കും എന്നതാണ്. ഒരിക്കല്‍ ഒരു ചടങ്ങിനിടെ ഒരു സ്ത്രീ എന്റെ അരികിലെത്തി കൈയില്‍ പിടിച്ചു, നിങ്ങള്‍ കാരണമാണ് ഞാനിപ്പോള്‍ ജീവിച്ചിരിക്കുന്നതെന്ന് പറഞ്ഞു. അതൊക്കെ മറക്കാനാവാത്ത അനുഭവങ്ങളാണ്.
എന്റെ കുടുംബമാണ് എന്റെ ബലം. അവര്‍ ഒരിക്കലും എന്റെ പ്രൊഫഷന്‍ ഉപേക്ഷിക്കാനോ വിവാഹം കഴിച്ച് വീട്ടമ്മയാവാനോ എന്നോട് പറഞ്ഞിട്ടേയില്ല. പകരം ധീരയായ നിങ്ങളുടെ സഹോദരിയെ കണ്ടുപഠിക്കൂ എന്ന് എന്റെ സഹോദരന്മാരെ ഉപദേശിക്കുകയാണ് ചെയ്തത്. എനിക്ക് വിവാഹാലോചനകള്‍ വന്നപ്പോള്‍ എല്ലാവര്‍ക്കും ഞാന്‍ ഒരു നല്ലവീട്ടമ്മയാവില്ല എന്ന പരാതികളായിരുന്നു. ചിലര്‍ എന്നോട് നൈറ്റ് ഷിഫ്റ്റ് ഉപേക്ഷിക്കാമോ എന്നാണ് ചോദിച്ചത്, ചിലര്‍ നീ ജോലിക്കു പോയാല്‍ വീട്ടുകാര്യങ്ങള്‍ ആരു നോക്കുമെന്നും.
2016- ലാണ് ഞാന്‍ എനിക്ക് മനസ്സിനിണങ്ങിയ ആളെ കണ്ടെത്തുന്നത്. എന്റെ ജോലിക്ക് പിന്തുണ നല്‍കുന്ന ഒപ്പം നില്‍ക്കുന്നയാള്‍. ഒരു വര്‍ഷം കഴിഞ്ഞ് ഞാന്‍ ഞങ്ങളുടെ മകന് ജന്മം നല്‍കി. എനിക്ക് ജോലിക്ക് പോകേണ്ടി വരുമ്പോള്‍ അദ്ദേഹമോ എന്റെ മാതാപിതാക്കളോ ആണ് കുഞ്ഞിനെ നോക്കിയത്.
ചിലപ്പോള്‍ ഞാന്‍ ഭയക്കാറുണ്ട്, ഏതെങ്കിലും ഒരു തീപിടുത്തത്തില്‍ എന്റെ ജീവന്‍ നഷ്ടമാകാം എന്ന്. എല്ലാ അഗ്നിസുരക്ഷാ സേനാംഗങ്ങളുടെയും ഭയം തന്നെയാണ് അത്. എന്നാല്‍ യൂണിഫോമില്‍ ഞാന്‍ നടന്നു പോകുമ്പോള്‍ വഴിയില്‍ നിന്ന് കൈ വീശുന്ന കുട്ടികളെയും മറ്റും കാണുമ്പോള്‍ മനസ്സില്‍ ഒരു അഭിമാനം ഉണരും. ഭയത്തേക്കാള്‍ മുകളിലാണ് ആ അഭിമാനം. എല്ലാ സ്ത്രീകള്‍ക്കും അത് തോന്നണമെന്നാണ് എന്റെ ആഗ്രഹം. നമ്മുടെയെല്ലാവരുടെയും ഉള്ളില്‍ ചെറിയൊരു തീക്കനലുണ്ട്, അത് ആളിക്കത്തിക്കുകയാണ് വേണ്ടത്.
Content Highlights: Woman firefighter share her life story who saves 13 on a fire affected building
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..