
ബൈക്ക് മോഷ്ടാക്കളെ ഓടിച്ചിട്ടുപിടിച്ച് 'താര'മായ ഡെൽസി തിരുവാങ്കുളത്തെ ഹോട്ടലിൽ പതിവുപോലെ തന്റെ ജോലിയിൽ
കൊച്ചി: മൂന്ന് ബൈക്ക് മോഷ്ടാക്കളെ ഒന്നര കിലോമീറ്ററോളം ഓടിച്ചിട്ട് അതില്‍ ഒരാളെ പിടിച്ച് പോലീസിന് കൈമാറി 'താര'മായി മാറിയതിന്റെ ലക്ഷണമൊന്നും ഡെല്സിയില് കാണാനില്ല. പതിവുപോലെ ചായക്കടയിലെ കഠിനാധ്വാനവുമായി ഒരു പകല്‍ കൂടി. പക്ഷേ, ഡെല്‍സി ഒരു കാര്യം പറയാന്‍ മറന്നില്ല: ''നമ്മുടെ മുന്നില്‍ ഒരു അക്രമം കണ്ടാല്‍ പേടിച്ച് പ്രതികരിക്കാതിരിക്കുന്നത് ശരിയല്ല...''
പ്രതികരണ ശേഷി ഇല്ലാതെ പോകുന്നവര്‍ക്കു മുന്നില്‍ അസാധാരണമായ ധൈര്യത്തിന്റേയും ഉത്തരവാദിത്വത്തിന്റേയും അടയാളമാണ് ഇന്നു ഡെല്‍സി എന്ന സ്ത്രീ. തിരുവാങ്കുളത്ത് 'ഊട്ടുപുര' ഹോട്ടല്‍ നടത്തുന്ന ഡെല്‍സി ബൈക്ക് മോഷ്ടാക്കളായ മൂന്നു യുവാക്കളെ പിടികൂടാന്‍ കാണിച്ച ധൈര്യത്തിന് എത്ര കൈയടിച്ചാലും മതിയാകില്ലെന്നാണ് സുഹൃത്തും ബിസിനസിലെ പങ്കാളിയുമായ ജോയ് ജേക്കബ് പറഞ്ഞത്.
''ഹോട്ടലില്‍ വന്ന് പ്രശ്നമുണ്ടാക്കി ഓടിപ്പോയ ബൈക്ക് മോഷ്ടാക്കളായ മൂന്നു പേരെ തിങ്കളാഴ്ച രാത്രി ഞാന്‍ കാറില്‍ പിന്തുടര്ന്നെങ്കിലും കിട്ടിയില്ല. ചൊവ്വാഴ്ച രാവിലെ ഏഴു മണിക്ക് കട തുറക്കാന്‍ വരുമ്പോഴാണ് ഡെല്‍സി അവരെ വീണ്ടും സംശയാസ്പദമായ സാഹചര്യത്തില്‍ റോഡില്‍ കണ്ടത്.
ആ സമയത്ത് സ്വയരക്ഷ പോലും നോക്കാതെ ഡെല്‍സി അവരെ തടഞ്ഞുനിര്‍ത്തുകയായിരുന്നു. അവരില്‍ ഒരാള്‍ മാല പൊട്ടിക്കാന്‍ ശ്രമിച്ചപ്പോഴാണ് മറ്റു രണ്ടു പേര് ഓടിപ്പോയത്. അവരുടെ പിറകെ ഒന്നര കിലോമീറ്ററോളം ഓടിയാണ് ഡെല്‍സി ഒരാളെ പിടിച്ചത്. നാട്ടുകാരില്‍ പലരും കാഴ്ചക്കാരായി നോക്കി നില്‍ക്കുമ്പോഴാണ് ഒരു സ്ത്രീ ഇങ്ങനെ അക്രമികളുടെ പിന്നാലെ പാഞ്ഞത് എന്നോര്‍ക്കണം...'' ജോയ് ജേക്കബ് പറയുമ്പോഴും ഡെല്‍സി ഹോട്ടലില്‍ ഭക്ഷണം വിളമ്പുന്ന തിരക്കിലായിരുന്നു.
പഠനകാലത്ത് കരാട്ടെ അഭ്യസിച്ചിരുന്ന ഡെല്‍സിക്ക് അതു പകര്‍ന്ന ആത്മവിശ്വാസം ചെറുതല്ല. ''സ്ത്രീകള്‍ പ്രതികരിക്കേണ്ടിടത്ത് അതു ചെയ്യാതെ മൗനമായിരിക്കുന്നതാണ് പല പ്രശ്നങ്ങളും ആവര്‍ത്തിക്കാന്‍ കാരണം. സ്ത്രീകളാണെന്നു കരുതി പിന്മാറി നില്‍ക്കണമെന്ന മനോഭാവം ശരിയല്ല...'' ഡെല്‍സി പറഞ്ഞു.
മോഷ്ടാവിനെ ഓടിച്ചിട്ട് പിടിച്ച സംഭവം അറിഞ്ഞതോടെ ഒരുപാടുപേര് അഭിനന്ദനങ്ങളുമായി വന്നെന്ന് ഡെല്‍സി പറഞ്ഞു. ഭര്‍ത്താവ് പോളും മക്കളായ കാല്വിനും ക്രിസ് മാത്യുവും മോഷ്ടാക്കള്‍ക്കു പിന്നാലെയുള്ള ഒന്നര കിലോമീറ്റര്‍ ഓട്ടത്തെപ്പറ്റി എന്താണ് പറഞ്ഞതെന്ന് ചോദിച്ചപ്പോള്‍ ഡെല്സിക്കു ചിരി. ''എത്ര ദൂരം ഓടേണ്ടി വരുമെന്ന് ചിന്തിച്ചല്ല അവര്‍ക്കു പിന്നാലെ ഓടിയത്. എത്ര ഓടിത്തളര്‍ന്നാലും അവരില്‍ ഒരാളെയെങ്കിലും പിടിക്കണമെന്ന് മനസ്സ് പറഞ്ഞു...'' ഡെല്‍സി സംസാരിക്കുന്നതിനിടെ ജോയ് ജേക്കബ് വീണ്ടും ഇടയില്‍ കയറി... ''അതാണ് ഡെല്‍സി. അലക്കുകടയും ട്രാവല്‍ ഏജന്‍സിയും ചായക്കടയും ഒക്കെയായി ഒരുപാട് ജോലി ഡെല്‍സി ചെയ്തിട്ടുണ്ട്. ലോക്ഡൗണ്‍ കാലത്ത് ക്വാറന്റീനില്‍ കഴിഞ്ഞ എത്രയോ പേര്‍ക്ക് ഡെല്‍സി ഭക്ഷണമുണ്ടാക്കി നല്കിയിട്ടുണ്ടെന്നോ! ജോലി എന്തായാലും ശരി, അക്രമം കണ്ടാല്‍ ഡെല്‍സി പ്രതികരിച്ചിരിക്കും...''
Content Highlights: Woman chases thief handed over to police
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..