Photo | Instagram
ജീവിതത്തില്‍ അച്ഛന് ആവാന്‍ പോവുന്നതിന്റെ സന്തോഷം പറഞ്ഞറിയിക്കാനാവില്ല. ആ നിമിഷം, നാം നമ്മുടെ പ്രൊഫഷനും നില്ക്കുന്ന ഇടവുമെല്ലാം മറന്ന് ഒരച്ഛന് എന്ന നിലയിലേക്ക് മാത്രം കേന്ദ്രീകരിക്കും. അത്തരമൊരു സന്തോഷം നിറഞ്ഞ കാഴ്ചയായിരുന്നു കഴിഞ്ഞ ദിവസം ഇ.എസ്.പി.എന്‍. ചാനലിലെ ലൈവ് പ്രോഗ്രാമിനിടെയുണ്ടായത്.
അമേരിക്കന്‍ ഫുട്ബോള്‍ ഗെയിമായ ഫിയസ്റ്റ ബൗള്‍ പ്രക്ഷേപണത്തിനിടെയുള്ള ഒരു ചര്‍ച്ചയ്ക്കിടെ, ഇ.എസ്.പി.എന്‍. ഫുട്ബോള്‍ അനലിസ്റ്റായ റോബര്‍ട്ട് ഗ്രിഫിന്റെ ഫോണിലേക്ക് ഒരു കോള്‍. ഗ്രിഫിന് ആ കോളെടുക്കുന്നു. ലോകം മുഴുവന്‍ ലൈവായി കാണുന്ന പരിപാടിക്കിടെ, ഉത്തരവാദിത്വമില്ലാതെ ഫോണെടുത്ത ഗ്രിഫിന്റെ നടപടിയില്‍ സഹപ്രവര്‍ത്തകര്‍ക്ക് ആദ്യം അമര്‍ഷം തോന്നി.
കോള്‍ അവസാനിച്ച ഉടനെത്തന്നെ സഹപ്രവര്‍ത്തകരോടായി ഗ്രിഫിന് പറഞ്ഞു: 'ഞാന്‍ പോവുന്നു. ഭാര്യയെ ലേബര്‍ റൂമില്‍ കൊണ്ടുപോയിരിക്കുകയാണ്. പിന്നെക്കാണാം, ഗയ്സ്..' ഇതോടെ സഹപ്രവര്‍ത്തകരുടെ അമര്‍ഷം മാറി. പകരം ഗ്രിഫിന്റെ സന്തോഷത്തിനൊപ്പം ചേര്‍ന്നു. കെട്ടിപ്പിടിച്ചാണ് അവര്‍ ഗ്രിഫിനെ യാത്രയാക്കിയത്. തുടര്‍ന്ന് സ്റ്റേഡിയത്തിനു പുറത്തേക്ക് അത്യുല്ലാസത്തോടെ ഓടി മറയുന്ന ഗ്രിഫിന്റെ ദൃശ്യങ്ങളും ഇ.എസ്.പി.എന്‍. പകര്‍ത്തി.
ഗര്‍ഭിണിയായ ഭാര്യ ഗ്രെറ്റെയെ ലേബര്‍ റൂമില്‍ പ്രവേശിപ്പിച്ചെന്നായിരുന്നു ഗ്രിഫിന് മറുതലക്കല്‍നിന്ന് ലഭിച്ച ഫോണ്‍ സന്ദേശം. കേട്ടയുടനെ ഗ്രിഫിന് വീട്ടിലേക്ക് പുറപ്പെട്ടു. യാത്രയ്ക്കിടെ 'കാത്തിരിക്കു കുഞ്ഞേ, അച്ഛന് വരുന്നു' എന്ന ട്വീറ്റും പങ്കുവെച്ചു.
ഡിസംബര്‍ 31-നായിരുന്നു സംഭവം. ഗ്രിഫിന് ആശുപത്രിയില്‍ എത്തിയെങ്കിലും പ്രതീക്ഷിച്ച പോലെ പ്രസവമുണ്ടായില്ല. തുടര്‍ന്ന് അദ്ദേഹം എഴുതി: സമയത്തുതന്നെ ഞാന്‍ സ്ഥലത്തെത്തി. പക്ഷേ, പുറത്ത് വരാന്‍ സമയമായിട്ടില്ലെന്ന് ഞങ്ങളുടെ കുഞ്ഞ് തീരുമാനിച്ചു കഴിഞ്ഞിരുന്നു. അതോടെ പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചും 2023 ഞങ്ങള്‍ ആഘോഷിച്ചു. പുതുവര്‍ഷമായിട്ട് തന്റെ അച്ഛനും അമ്മയും രണ്ടിടങ്ങളിലായിരിക്കരുതെന്ന് കുഞ്ഞ് കരുതിക്കാണണം. കൂടാതെ ദൈവവും തീരുമാനിച്ചിരുന്നു, ഞാനെവിടെയായിരിക്കണമെന്ന്.'
ഇതിനു പിന്നാലെ ഭാര്യ ഗ്രെറ്റെയുടെ ഇന്‍സ്റ്റഗ്രാം വീഡിയോ സ്റ്റോറിയുമെത്തി. ഗ്രിഫിനെ ഞങ്ങള്‍ വിമാനത്താവളത്തില്‍ എത്തിച്ചിരിക്കുന്നുവെന്നും മറ്റൊരു ബൗള്‍ ഗെയിമിനായി അദ്ദേഹത്തെ ഇറക്കിവിടുകയാണെന്നും പറഞ്ഞുള്ള സ്റ്റോറിയായിരുന്നു അത്. വിളിച്ചപ്പോള്‍ തന്നെ ഓടിയെത്തിയ ഭര്‍ത്താവിന് നന്ദിയറിയിക്കാനും ഗ്രെറ്റെ മറന്നില്ല.
Content Highlights: wife going into labor causes college football pundit robert griffin III to run off the field midgame
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..