ആകെ നൂറ്റിനാല്‍പ്പത് സീറ്റേയുളളൂ, അപ്പോഴാണോ സ്ത്രീ പ്രാതിനിധ്യം!?


രമ്യ ഹരികുമാര്‍

അര്‍ഹമായത് ചോദിച്ചുവാങ്ങാന്‍, അല്ലെങ്കില്‍ ശരിയല്ലാത്തത് ചോദ്യം ചെയ്യാന്‍ സ്ത്രീകള്‍ തുടങ്ങിയിട്ട് കുറച്ചുനാളുകളായി. ആ ശബ്ദം ആദ്യമുയരേണ്ടിയിരുന്നത് രാഷ്ട്രീയത്തില്‍ നിന്നായിരുന്നുവെങ്കിലും ഇപ്പോഴെങ്കിലും അവര്‍ പ്രതികരിച്ചുതുടങ്ങിയല്ലോ എന്നാശ്വസിക്കാം.

Representative Images

ണ്ണീര്‍ ചിന്തിയും തലമുണ്ഡനം ചെയ്തും സീറ്റുറപ്പിക്കേണ്ടി വരുന്ന വനിതാ നേതാക്കളുടെ നാട്. ലോകം മുഴുവന്‍ പടര്‍ന്ന ഒരു വൈറസിനെ നിയന്ത്രിക്കുന്നതില്‍ മാതൃകയായെന്ന പേരില്‍ യുഎന്നിന്റെ ആദരമേറ്റുവാങ്ങിയ 'വനിതാ ആരോഗ്യമന്ത്രിയുടെ' അതേ നാട്ടിലാണ് ഒരു സീറ്റിനുവേണ്ടി വര്‍ഷങ്ങളോളം പാര്‍ട്ടിക്ക് വേണ്ടി പണിയെടുത്ത പെണ്ണുങ്ങള്‍ കണ്ണീരും കൈയുമായി നില്‍ക്കേണ്ടി വരുന്നത്.

അല്ല സഖാവേ കേരളത്തിന് ഒരു വനിതാ മുഖ്യമന്ത്രി വേണ്ടേ എന്ന ചോദ്യത്തിന് ആദ്യം ഒരു നാല്‍പത് വനിതകളെങ്കിലും ജയിക്കട്ടേ എന്ന് ആറ് വര്‍ഷങ്ങള്‍ക്ക് മുന്ന് ഒരു വനിതാനേതാവ് പ്രതികരിച്ചത് ഓര്‍ത്തുപോവുകയാണ്. ജയിക്കാന്‍ മത്സരിക്കണ്ടേ, മത്സരിക്കാന്‍ സീറ്റുവേണ്ടേ, സീറ്റ് പാര്‍ട്ടിയിലെ പുരുഷപ്രജകള്‍ വെച്ചുനീട്ടുന്ന ഔദാര്യമല്ലേ? ആകെ 140 സീറ്റേയുളളൂ, അപ്പോഴാണ് സ്ത്രീ പ്രാതിനിധ്യം! അല്ലെങ്കില്‍ തന്നെ മത്സരിക്കാന്‍ മാത്രം പ്രാഗത്ഭ്യമുളള വനിതാനേതാക്കള്‍ കേരളത്തിലുണ്ടോ??

സിപിഎമ്മിന്റെ സ്ഥാനാര്‍ഥി പട്ടിക പുറത്തുവന്നതുമുതലാണ് വനിതാ പ്രാതിനിധ്യം ഇത്തവണ തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുന്നത്. അതിന് കാരണമായത് മന്ത്രിയുടെ ഭാര്യയുടെ പേരും എല്‍ഡിഎഫ് കണ്‍വീനറുടെ ഭാര്യയുടെ പേരും പട്ടികയില്‍ ഇടംപിടിച്ചപ്പോള്‍. വര്‍ഷങ്ങളോളം പാര്‍ട്ടിക്ക് വേണ്ടി ആവുംപോലെ പണിയെടുത്ത പെണ്ണുങ്ങളെയെല്ലാം തിരസ്‌കരിച്ച് ഭര്‍ത്താക്കന്മാരുടെ മേല്‍വിലാസത്തില്‍ ഭാര്യമാര്‍ക്ക് സീറ്റ് നല്‍കിയതിനെതിരേ പാര്‍ട്ടിക്കുളളില്‍ നിന്ന് തന്നെ ആദ്യപൊട്ടിത്തെറി തുടങ്ങി. ചര്‍ച്ചകള്‍ മുറുകുന്നു എന്ന് തിരിച്ചറിഞ്ഞതും സംയമനത്തോടെ നീങ്ങിയ സിപിഎം പൊട്ടലുംചീറ്റലും 12 സീറ്റ് നല്‍കി അങ്ങൊതുക്കി. ഒരു ജമീലക്ക് അകത്തിടം കൊടുത്തപ്പോള്‍ പ്രതിഷേധം കണക്കിലെടുത്ത് അടുത്ത ജമീലയുടെ പേരങ്ങുവെട്ടി. ഒടുവില്‍ 85 സീറ്റുകളില്‍ 12 എണ്ണം വനിതകള്‍ക്ക്...

സ്ത്രീപ്രാതിനിധ്യമാണ് ഇത്തവണ തരംഗമെന്ന് തിരിച്ചറിഞ്ഞ മുസ്ലീംലീഗ് പിന്നൊന്നും ആലോചിച്ചില്ല കാല്‍നൂറ്റാണ്ടിന് ശേഷമാണെങ്കിലും ഒരു വനിതയെ കളത്തിലിറക്കാന്‍ തീരുമാനിച്ചു. മുപ്പതുസീറ്റില്‍ താഴെ കിട്ടുന്ന ഘടകകക്ഷിയാണ്. പാര്‍ട്ടിക്ക് വേണ്ടി 24x7 പ്രവര്‍ത്തിക്കുന്ന പുരുഷനേതാക്കളുണ്ട്. അപ്പോള്‍ പിന്നെ സ്ഥാനാര്‍ഥി പട്ടിക ചുരുക്കേണ്ടി വരുമ്പോള്‍ സ്വാഭാവികമായും സ്ത്രീകളയല്ലേ ആദ്യം വെട്ടുക എന്നായിരുന്നു ഒരു മുതിര്‍ന്ന വനിതാ നേതാവിന്റെ പോലും പ്രതികരണം. വെട്ടാനാണെങ്കില്‍ പോലും ഒരുപേര് പട്ടികയില്‍ ഇടംപിടിക്കാറുണ്ടോ എന്നുളള ചോദ്യത്തിന് ക്ഷമിക്കണം ഇവിടെ പ്രസക്തിയില്ല. പക്ഷേ ഞങ്ങളൊന്നും ചെയ്യുന്നില്ലല്ലോ എന്ന് സ്വയം ചിന്തിക്കാനുളള 'ആ വലിയ മനസ്സ്' വനിതാപ്രവര്‍ത്തകര്‍ക്കുണ്ടാക്കിക്കൊടുത്ത പാര്‍ട്ടിക്ക് തന്നെ കൊടുക്കണം ഒരുകുതിരപ്പവന്‍.

തുടര്‍ഭരണമെന്ന ഇടതിന്റെ മോഹത്തിന് തടയിടുന്നതിന് കരുത്തരും പ്രശസ്തരുമായ സ്ഥാനാര്‍ഥിയെ കണ്ടെത്താനായി മാരത്തോണ്‍ ചര്‍ച്ചകള്‍ക്കിറങ്ങിയ കോണ്‍ഗ്രസ് നേതൃത്വം എട്ടുതവണ മത്സരിച്ച് വിജയിച്ചവരുള്‍പ്പടെ ഗ്രൂപ്പ് പ്രാതിനിധ്യമുറപ്പിക്കാനായി സമ്മര്‍ദ്ദത്തിന് മേല്‍ സമ്മര്‍ദം ചെലുത്തുന്ന തിരക്കിലായിരുന്നു. എല്ലാ ജില്ലകളിലും ഒരു വനിത എന്ന പ്രഖ്യാപനമുള്‍പ്പടെ കോണ്‍ഗ്രസ് തൊടുത്ത ഗീര്‍വാണങ്ങള്‍ പലതും സ്ഥാനാര്‍ഥി പട്ടിക വന്നപ്പോള്‍ ചീറ്റിപ്പോവുന്നതാണ് കണ്ടത്. കോണ്‍ഗ്രസ് അധ്യക്ഷ ഒരു സ്ത്രീയായിരിക്കുമ്പോള്‍, ഇന്ത്യക്ക് വനിതാ പ്രധാനമന്ത്രിയെ നല്‍കിയ അതേ പാര്‍ട്ടി പ്രസ്ഥാനത്തിനായി പ്രവര്‍ത്തിച്ച പല സ്ത്രീകളെയും മറന്നു. നീതിക്ക് വേണ്ടി തലമുണ്ഡനം ചെയ്ത വാളയാര്‍ അമ്മയുടെ പാത പിന്തുടര്‍ന്ന്, മൂന്നുദശാബ്ദത്തോളം പ്രവര്‍ത്തിച്ച പാര്‍ട്ടിയോട് ലതിക സുഭാഷ് കലഹിച്ചു, വിങ്ങിപ്പൊട്ടി. കേരള രാഷ്ട്രീയത്തിന്റെ ചരിത്രത്തില്‍ തന്നെ ആദ്യസംഭവമായിരുന്നു കെ.പി.സി.സി. ആസ്ഥാനത്തിന് മുന്നിലിരുന്നുകൊണ്ടുളള ആ തലമുണ്ഡനം.

'പുരുഷന്മാരേക്കാളും ത്യാഗവും കഷ്ടപ്പാടും സഹിച്ചാണ് ഒരു സ്ത്രീ പൊതുരംഗത്ത് നില്‍ക്കുന്നത്. ആരെങ്കിലും അത് ചിന്തിച്ചിട്ടുണ്ടോ, ആരെങ്കിലും അതിന് ഒരു മൂല്യം കല്പിച്ചിട്ടുണ്ടോ. കേരളത്തിലെ പൊതുരംഗത്ത് നില്‍ക്കുന്ന എല്ലാ സ്ത്രീകള്‍ക്കും വേണ്ടിയാണ് താനിത് ചെയ്തത് എന്ന് ലതിക പറഞ്ഞു. ഒരു പദവി കിട്ടണമെന്ന് കരുതിയല്ല സ്ത്രീ പൊതുരംഗത്തേക്കിറങ്ങുന്നത്. വീട്ടിലെ കാര്യങ്ങള്‍ നോക്കി, മറ്റു കാര്യങ്ങള്‍ ക്രമീകരിച്ചാണ് എന്തെല്ലാം പ്രതികൂലഘടകങ്ങളെ തരണം ചെയ്തിട്ടാണ് ഇത്ര വര്‍ഷക്കാലം ഒരു സ്ത്രീ ഇവിടെ നില്‍ക്കുന്നത്. നമ്മളോട് താല്പര്യമില്ലെങ്കില്‍ നമ്മളെ ഒഴിവാക്കാന്‍ ഒരുപാട് കാര്യങ്ങള്‍ അവര്‍ കാണും. അക്കാര്യത്തില്‍ എല്ലാവരും ഒറ്റക്കെട്ടാണ്. ഒരു സ്ത്രീയെ സംബന്ധിച്ച് തലമുടി മൊട്ടയടിക്കുക എന്ന് പറയുന്നത് കടുംതീരുമാനമാണ്.

പുരുഷന്റെ ജോലിക്ക് മാത്രമേ ഉളളൂ കൂലി, അതിന് മാത്രമേ ഉളളൂ വില? സ്ത്രീയുടെ സങ്കടത്തിന്, പ്രതിജ്ഞാബദ്ധതയ്ക്ക് മൂല്യമില്ലേ? ഞങ്ങള്‍ ഒരു തൊഴിലുമില്ലാതെ ഇറങ്ങിവന്നവരാണോ, അതോ ഞങ്ങള്‍ വീടുകളില്‍ ഇരിക്കട്ടേ എന്നാണോ തീരുമാനം. പൊതുവേദിയില്‍ സ്ത്രീകള്‍ വേണ്ട എന്നാണ് തീരുമാനമെങ്കില്‍ അത് തീരുമാനിക്കൂ. ഞങ്ങള്‍ക്ക് ഞങ്ങളുടെ മാര്‍ഗമറിയാം. 10 വര്‍ഷത്തോളം രമേശ് ചെന്നിത്തലയെന്ന് പറയുന്ന മനുഷ്യന്റെ പിറകേ കെപിസിസി എക്സ്‌ക്യൂട്ടീവ് അംഗമാക്കണമെന്ന് പറഞ്ഞ് ഞാന്‍ നടന്നതാണ്. സ്ഥാനമാനമല്ല ഇതിനെ അംഗീകാരമായാണ് കാണുന്നത്. പൊതുപ്രവര്‍ത്തന രംഗത്ത് നിന്ന് ഒരാള്‍ക്ക് അംഗീകാരമല്ലാതെ മറ്റെന്താണ് കിട്ടുന്നത്.' തലമുണ്ഡനം ചെയ്ത ലതികാ സുഭാഷിനെ സന്ദര്‍ശിക്കാന്‍ കോട്ടയത്തെ വസതിയിലെത്തിയ ശോഭന ജോര്‍ജിന്റെ പ്രതികരണം. സ്ത്രീകള്‍ക്ക് പ്രാതിനിധ്യം നല്‍കുന്നതില്‍ മൂന്നുമുന്നണികളും പരാജയമാണെന്ന് സിപിഐ നേതാവ് ആനിരാജയും കുറ്റപ്പെടുത്തി. രാഷ്ട്രീയ വൈരങ്ങള്‍ മാറ്റിവെച്ച് കേരളത്തിലെ വനിതാ രാഷ്ട്രീയ പ്രവര്‍ത്തകര്‍ ലതികക്കൊപ്പം അണിനിരക്കുകയായിരുന്നു.

തിരഞ്ഞെടുപ്പിന് മുമ്പേ തുടങ്ങിയിരുന്നു ശോഭ സുരേന്ദ്രനും ബിജെപി നേതൃത്വവും തമ്മിലുളള കൊമ്പുകോര്‍ക്കല്‍. ഒന്നാന്തരം നിസ്സഹകരണമായിരുന്നു ശോഭയുടെ ആയുധം. അച്ചടക്കലംഘനം ആരോപിക്കുമെന്നുറപ്പുളളതിനാല്‍ വിയോജിപ്പറിയിക്കാന്‍ മാധ്യമങ്ങളോടുപോലും പ്രതികരിച്ചില്ല ശോഭ. സ്ഥാനാര്‍ഥിപട്ടികയില്‍ പേരുവരുന്നത് നോക്കിയിരുന്ന് ഒടുവില്‍ തലമുണ്ഡനം ചെയ്ത് 'കൈ'വിട്ട കളിക്ക് ലതികാസുഭാഷ് തുനിഞ്ഞത് വേദനയോടെയാണ് കണ്ടതെന്ന് ശോഭ പറഞ്ഞതിലുണ്ട് സ്ത്രീകളോടുളള രാഷ്ട്രീയപാര്‍ട്ടികളുടെ നിലപാടിനെ കുറിച്ചുളള വേദന. രാഷ്ട്രീയരംഗത്തെ പുരുഷന്മാരെ മുഴുവന്‍ പുനര്‍വിചിന്തനത്തിന് തയ്യാറാകുന്ന ഒരു സാഹചര്യം ഈ കാഴ്ചയിലൂടെ ഉണ്ടാകുമെന്ന് ശോഭ പറഞ്ഞതില്‍ പാതി ശരിയാണ്. തുടര്‍ഭരണം ഉറപ്പിക്കാന്‍ ഇടതും തദ്ദേശതിരഞ്ഞെടുപ്പിലെ തോല്‍വി മറികടക്കാന്‍ വലതും രാമരാജ്യത്തിന് ഇന്ത്യയുടെ തെക്കേയറ്റത്തുംകൂടി തറക്കല്ലിടാന്‍ ബിജെപിയും ആഞ്ഞുശ്രമിക്കുന്ന ഈ തിരഞ്ഞെടുപ്പില്‍ പടിക്കല്‍ കൊണ്ട് കലമുടയ്ക്കാന്‍ എന്തായാലും മൂന്നുമുന്നണികളും തയ്യാറാവില്ല. തല്‍ക്കാലത്തേക്ക് ഇത്തവണ രണ്ടോ മൂന്നോ വനിതകള്‍ കൂടി മത്സരരംഗത്തെത്തും. കേട്ടില്ലേ, ശോഭ സുരേന്ദ്രന്‍ മത്സരിക്കുമെന്ന് കെ.സുരേന്ദ്രന്‍ പ്രസ്താവിച്ചത്, ശേഷിക്കുന്ന ആറുസീറ്റുകളില്‍ സ്ത്രീ പ്രാതിനിധ്യം വര്‍ധിപ്പിക്കാന്‍ കോണ്‍ഗ്രസിനോട് ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചത്... എല്ലാം തലമുണ്ഡനം ഇംപാക്ട്!

കേരള രാഷ്ട്രീയത്തിലെ വനിതകള്‍ സ്വന്തം പാര്‍ട്ടിയിലെ പുരുഷ നേതാക്കളോട് പോരിനിറങ്ങുമ്പോള്‍ അങ്ങ് പശ്ചിമബംഗാളിലെ വനിതാ മുഖ്യമന്ത്രി മമതാബാനര്‍ജി പോര്‍വിളിക്കുന്നത് ഇന്ത്യന്‍ പ്രധാനമന്ത്രിയെ ആണെന്നോര്‍ക്കണം. (അമ്പത് വനിതകളാണ് തൃണമൂലിന്റെ സ്ഥാനാര്‍ഥി പട്ടികയില്‍ ഇടംപിടിച്ചത്.) അര്‍ഹമായത് ചോദിച്ചുവാങ്ങാന്‍, അല്ലെങ്കില്‍ ശരിയല്ലാത്തത് ചോദ്യം ചെയ്യാന്‍ സ്ത്രീകള്‍ തുടങ്ങിയിട്ട് കുറച്ചുനാളുകളായി. ആ ശബ്ദം ആദ്യമുയരേണ്ടിയിരുന്നത് രാഷ്ട്രീയത്തില്‍ നിന്നായിരുന്നുവെങ്കിലും ഇപ്പോഴെങ്കിലും അവര്‍ പ്രതികരിച്ചുതുടങ്ങിയല്ലോ എന്നാശ്വസിക്കാം.

'എങ്ങനെ ജീവിക്കണമെന്ന് തീരുമാനിക്കാനുളള അവകാശം ഓരോ സ്ത്രീക്കുമുണ്ട്. ഇല്ലെന്ന് പറയുന്നവരോട് ഇനി വേണ്ട വിട്ടുവീഴ്ച' വനിതാശിശു വികസനവകുപ്പിന്റെ ഇത്തരത്തിലുളള സ്ത്രീശാക്തീകരണ കാര്‍ഡുകള്‍ സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി പുരോഗമനവാദികളെ കോള്‍മയിര്‍കൊളളിച്ച് തരംഗമാകുന്നുണ്ട്. അല്ലെങ്കിലും ആദര്‍ശങ്ങള്‍ പ്രസംഗിക്കാനുളളതാണ് മാഷേ.. പ്രവര്‍ത്തിക്കാനുളളതല്ല.

Content Highlights: Why so few women politicians get elected in India and Kerala

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Sreejith Ravi

1 min

കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം; നടന്‍ ശ്രീജിത്ത് രവി പോക്‌സോ കേസില്‍ അറസ്റ്റില്‍

Jul 7, 2022


Sreejith Ravi

1 min

ആദ്യകേസ് കെട്ടിച്ചമച്ചതാണെന്ന് ശ്രീജിത്ത് രവി, വീണ്ടും സമാനകേസില്‍ പിടിയില്‍

Jul 7, 2022


Swapna Suresh

1 min

സ്വപ്‌ന സുരേഷിനെ എച്ച്ആര്‍ഡിഎസ് പിരിച്ചുവിട്ടു

Jul 6, 2022

Most Commented