ഗംഗുഭായ്, സിനിമയിൽ ഗംഗുഭായിയെ അവതരിപ്പിക്കുന്ന ആലിയ ഭട്ട് | Photos: : learnartful Twitter
സഞ്ജയ് ലീലാ ബൻസാലിയുടെ ഗംഗുബായ് കത്തിയവാഡി എന്ന ചിത്രത്തിന്റെ ട്രെയിലർ അടുത്തിടെയാണ് പുറത്തുവന്നത്. കാമാത്തിപ്പുരയെന്ന ചുവന്ന തെരുവില്‍ ചക്രവര്ത്തിനിയ്ക്ക് സമാനയായി വിരാജിച്ച ഗംഗുഭായ് എന്ന വനിതയുടെ ജീവിതകഥയാണ് സിനിമയ്ക്ക് അടിസ്ഥാനം. നടി ആലിയ ഭട്ട് ആണ് ചിത്രത്തിൽ ഗംഗുബായിയെ അവതരിപ്പിക്കുന്നത്. ട്രെയിലറും പോസ്റ്ററുകളും പുറത്തുവന്നതിനു പിന്നാലെ ഗംഗുബായ് ആരെന്നറിയാനുള്ള കൗതുകവും പലർക്കുമുണ്ട്. ആരായിരുന്നു സത്യത്തിൽ ഗംഗുബായ്?
ഹുസൈൻ സെയ്ദിയുടെ മാഫിയാ ക്വീൻ എന്ന പുസ്തകത്തിലാണ് ഗംഗുഭായിയുടെ ജീവിതം വ്യക്തമാക്കുന്നത്. ഈ പുസ്തകം തന്നെയാണ് സിനിമയ്ക്കും ആധാരമായത്. ഗുജറാത്തിലെ കത്തിയവാഡ് സ്വദേശിയാണ് ഗംഗുബായ്. യഥാർഥ പേര് ഗംഗാ ഹർജിവൻദാസ് കത്തിയവാഡി എന്നായിരുന്നു. നന്നേ ചെറിയ പ്രായത്തിൽ തന്നെ ലൈംഗിക തൊഴിലാളിയാവാൻ വിധിക്കപ്പെട്ടവളായിരുന്നു ഗംഗുബായ്.
അഭിനേത്രിയാവുക എന്നതായിരുന്നു ഗംഗുഭായിയുടെ വലിയ സ്വപ്നം. അതിനായി ഏതുവിധേനയും മുംബൈയിലെത്തുക എന്നതായിരുന്നു ലക്ഷ്യം. കോളേജ് പഠനകാലത്താണ് ഗംഗുഭായ് രാംനിക് ലാലിനെ കണ്ടുമുട്ടുന്നത്. അച്ഛന്റെ അക്കൗണ്ടന്റായിരുന്നു രാംനിക് ലാൽ. പ്രണയം കൊടുമ്പിരി കൊണ്ടപ്പോൾ രാംനിക് ലാലിനൊപ്പം പതിനാറാം വയസ്സിൽ ഗംഗുഭായ് മുംബൈയിലേക്ക് കടന്നു. ഒന്നിച്ചൊരു ജീവിതത്തിനൊപ്പം സിനിമാമോഹങ്ങളും ഗംഗുഭായിയുടെ മനസ്സിലുണ്ടായിരുന്നു.
ജീവിതം തുടങ്ങി അധികമാവും മുമ്പേ രാംനിക് ലാൽ ഗംഗുഭായിയെ ലൈംഗിക വൃത്തിയിലേക്ക് തള്ളിയിട്ടു. അഞ്ഞൂറു രൂപയ്ക്ക് ഗംഗുബായിയെ വേശ്യാലയത്തിൽ വിറ്റ് അയാൾ തിരികെ പോയി. അതോടെ പൊലിഞ്ഞത് അവളുടെ അഭിനയ മോഹങ്ങൾ കൂടിയായിരുന്നു. പിന്നീടങ്ങോട്ടുള്ളത് കാമാത്തിപുരയിലെ മാഫിയാ ക്വീനായുള്ള ഗംഗുഭായിയുടെ മാറ്റമായിരുന്നു. അധോലോക സംഘത്തിലെ പ്രധാനികളിൽ പലരും ഗംഗുഭായിയുടെ സ്ഥിരം കസ്റ്റമേഴ്സായിരുന്നു.
അക്കാലത്താണ് പ്രധാന മാഫിയാ തലവനായ കരിം ലാലയുടെ കൂട്ടർ ഗംഗുഭായിയെ കൂട്ടബലാത്സംഗം ചെയ്യുന്നത്. എന്നാൽ വിട്ടുകൊടുക്കാൻ ഗംഗുഭായ് തയ്യാറായിരുന്നില്ല. കരിം ലാലയുടെ പക്കലെത്തുകയും നീതി ആവശ്യപ്പെടുകയും ചെയ്തു. അതിനായി കരിം ലാലയെക്കൊണ്ട് തനിക്ക് രാഖി കെട്ടിച്ച് സഹോദരതുല്യനാക്കി. കരിം ലാലയും ഗംഗുഭായിയെ സഹോദരിയെപ്പോലെ കണ്ടു. കരിം ലാലയുടെ സഹോദരി എന്ന സ്ഥാനം ഗംഗുഭായിയെയും മാഫിയാ ലോകത്തിന്റെ റാണിയാക്കി.
തുടർന്ന് കാമാത്തിപുരയിൽ ഒരു വേശ്യാലയവും ഗംഗുഭായ് നടത്താൻ തുടങ്ങി. ആവശ്യക്കാർക്ക് പെൺകുട്ടികളെ എത്തിക്കലും അധോലോക സംഘങ്ങളുമായുള്ള ബന്ധവും മയക്കുമരുന്നു കടത്തുമൊക്കെ ഗംഗുഭായിയെ കാമാത്തിപുരയുടെ മാഡം എന്ന വിളിപ്പേരിലേക്കെത്തിച്ചു. എന്നാൽ ഒരു പെൺകുട്ടിയെപ്പോലും സ്വന്തം സമ്മതമില്ലാതെ വേശ്യാലയത്തിൽ നിർത്തിയിരുന്നില്ലെന്നും പറയപ്പെടുന്നു. തന്റെ പണമോ സ്വാധീനങ്ങളോ ഉപയോഗിച്ച് ഒരു പെൺകുട്ടിയെപ്പോലും ലൈംഗിക തൊഴിലിലേക്ക് ഗംഗു നിർബന്ധിച്ചിരുന്നില്ല.
പിൽക്കാലത്ത് ലൈംഗിക തൊഴിലാളികളുടെയും അനാഥക്കുട്ടികളുടെയും ഉന്നമനത്തിനു വേണ്ടി നിരന്തരം പ്രവർത്തിക്കാനും ഗംഗുഭായ് മുന്നിട്ടു നിന്നിരുന്നു. അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെ കണ്ട് ലൈംഗികതൊഴിലാളികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനുള്ള ചർച്ചകൾക്കും ഗംഗുഭായ് മുൻകൈയെടുത്തിരുന്നു. ഗംഗുഭായിയെ സംബന്ധിച്ചിടത്തോളം കാമാത്തിപുരയിൽ കഴിയുന്ന ഓരോ സ്ത്രീയും കുട്ടിയും അവർക്ക് മക്കളെപ്പോലെയായിരുന്നു. ഇപ്പോഴും കാമാത്തിപുരയിൽ ഗംഗുഭായിയുടെ സ്മരണയ്ക്കായി പ്രതിമയും ചിത്രങ്ങളും വെക്കുന്നുണ്ട്.
സിനിമയ്ക്കു പിന്നാലെ വിവാദങ്ങളും
സിനിമയുടെ ട്രെയിലർ പുറത്തിറങ്ങിയതിനു പിന്നാലെ വിവാദങ്ങളും കൊടുമ്പിരി കൊള്ളുന്നുണ്ട്. ഗംഗുഭായിയുടെ വളർത്തുപുത്രൻ ബാബു റാവോജിയും കൊച്ചുമകൾ ഭാരതിയും സിനിമയ്ക്കെതിരെ രംഗത്തെത്തിയിരുന്നു. ചിത്രത്തിൽ അമ്മയെ വരച്ചുകാട്ടിയിരിക്കുന്ന വിധം മോശമാണെന്നും ഒരു സാമൂഹിക പ്രവർത്തകയെ പ്രോസ്റ്റിറ്റ്യൂട്ടായി മാത്രം അവതരിപ്പിച്ചിരിക്കുന്നു എന്നുമാണ് കുടുംബത്തിന്റെ പരാതി. പുസ്തകം എഴുതുന്നതിനു മുമ്പും സിനിമ എടുക്കുമ്പോഴും അനുമതി തേടിയിരുന്നില്ലെന്ന് ഭാരതിയും പറയുന്നു. പണത്തിനു വേണ്ടി അവർ തങ്ങളുടെ കുടുംബത്തെ ഇകഴ്ത്തി കാണിക്കുകയാണ്. തന്റെ മുത്തശ്ശി കുട്ടികളെ ദത്തെടുത്തിരുന്നു എന്നും ജീവിതത്തിലുടനീളം കാമാത്തിപുരയിലെ ലൈംഗിക തൊഴിലാളികൾക്കായി ജീവിതം ഉഴിഞ്ഞുവച്ച വനിതയാണെന്നും ഭാരതി പറയുന്നു.
Content Highlights : who is gangubai kathiawadi, mafia queen of mumbai, sanjay leela bhansali, alia bhatt
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..