
Photo: Gettyimages.in
''അവര്‍ സ്ത്രീകളുടെ അവകാശങ്ങള്‍ വലിച്ചെറിയും. ഞങ്ങളുടെ വീടുകളുടെയും ഞങ്ങളുടെ ശബ്ദങ്ങളുടെയും നിഴലിലേക്ക് ഞങ്ങള്‍ തള്ളപ്പെടും. ഞങ്ങളുടെ ആവിഷ്കാരം നിശ്ശബ്ദതയിലേക്ക് അടിച്ചമര്‍ത്തപ്പെടും'' സഹ്റാ കരീമി എന്ന സിനിമാപ്രവര്‍ത്തകയുടെ വികാരനിര്‍ഭരമായ കത്തിലുള്ളത് നൈരാശ്യമുറ്റിയ അഫ്ഗാന് വനിതകളുടെ വിലാപമാണ്. സുന്ദരമായ എന്റെ രാജ്യത്തെ രക്ഷപ്പെടുത്താന്‍ നിങ്ങളും പങ്കുചേരൂവെന്ന് അഭ്യര്‍ഥിക്കുന്ന കത്തില്‍ നിന്ന് വ്യക്തമാണ് താലിബാന് ഭീകരത എത്രമാത്രം അവിടെയുള്ള സത്രീകളുടെ സ്വാതന്ത്രത്തെ ഹനിച്ചു എന്നറിയാന്‍.
1996 -ല്‍ താലിബാന് ഭരണം കയ്യേറിയപ്പോള്‍ സ്ത്രീകള്‍ക്കുനേരെ നടത്തിയ അടിച്ചമര്‍ത്തലുകള്‍ മനുഷ്യാവകാശ മൂല്യങ്ങളെ പാടെ തകര്‍ത്തെറിഞ്ഞുകൊണ്ടായിരുന്നു. 2001-ന് ശേഷം ഇവിടുത്തെ സ്ത്രീകള്‍ സ്വാതന്ത്രവും സ്വത്വബോധവും വീണ്ടും നേടിയെടുത്തു. ഇന്ന് വര്‍ഷങ്ങള്‍ക്കൊണ്ട് നേടിയെടുത്ത വ്യക്തിത്വവും അവകാശങ്ങളും മണ്മറഞ്ഞുപോവുമെന്ന പേടിയിലാണ് ഇവര്‍.
1970-വരെ സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യമുള്ള ഒരു സമൂഹമായിരുന്നു അഫ്ഗാനിസ്ഥാനിലേത്. 1919 മുതല്‍ തന്നെ അഫ്ഗാന് സ്ത്രീകള്‍ക്ക് വോട്ടവകാശം ഉണ്ടായിരുന്നു. ബ്രിട്ടനില്‍ സ്ത്രീ വോട്ടവകാശം വന്നിട്ട് ഒരു വര്‍ഷമേ ആയിട്ടുണ്ടായിരുന്നുള്ളൂ അപ്പോള്‍. അമേരിക്കയില്‍ അന്നും സ്ത്രീകള്‍ക്ക് വോട്ടവകാശം ഉണ്ടായിരുന്നില്ല. അതിന് പിന്നേയും ഒരു വര്‍ഷമെടുത്തു. 1950-ല്‍ ലിംഗ വിവേചനം നിര്‍ത്തലാക്കിയ രാജ്യം. 1960കളില്‍ തന്നെ ജീവിതത്തിന്റെ വിവിധ തുറകളില്‍ സ്ത്രീകള്‍ക്ക് സമത്വം ഏര്‍പ്പെടുത്തിക്കൊണ്ട് ഭരണഘടനാ ഭേദഗതി കൊണ്ടുവന്ന രാജ്യം. രാഷ്ട്രീയത്തില്‍ പോലും തുല്യത കൊണ്ടുവന്ന രാജ്യം. 1970-ന് മുന്നേയുള്ള അഫ്ഗാനിസ്ഥാന് എന്ന രാജ്യം ഇങ്ങനെയെല്ലാമായിരുന്നു. പിന്നീട് സോവിയറ്റ് അധിനിവേശ സമയത്തും മുജാഹിദുകള്‍ രാജ്യത്ത് ശക്തിപ്രാപിച്ച സമയത്തും താലിബാന് ഭരണത്തിന് കീഴിലേക്ക് രാജ്യം പോയപ്പോഴും സ്ത്രീ സ്വാതന്ത്ര്യം കൂട്ടിലയ്ക്കപ്പെട്ടു.
നിഷേധിക്കപ്പെടുന്ന വിദ്യാഭ്യാസവും തൊഴിലും
ആത്മരക്ഷയ്ക്കായി സര്‍വകലാശാലയില്‍ നിന്ന് നേടിയ സര്‍ട്ടിഫിക്കറ്റുകള്‍ കൂട്ടത്തോടെ കത്തിക്കുകയാണ് അഫ്ഗാനിലെ സ്ത്രീകള്‍. താലിബാന് കീഴടക്കിയ മൂന്നാമത്തെ വലിയ നഗരമായ ഹെറാത്തിലെ സര്‍വകലാശാലയില്‍ 50 ശതമാനവും സ്ത്രീകളായിരുന്നു. ഈ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍, താലിബാന് ഒട്ടേറെ സ്കൂളുകള്‍ നശിപ്പിക്കുകയും രണ്ട് ദശലക്ഷം പെണ്കുട്ടികള്് വീണ്ടും സ്കൂളില്‍ നിന്ന് പുറത്താക്കപ്പെടുകയും ചെയ്തു എന്ന് സഹ്റ കരിമി എഴുതിയ തുറന്ന കത്തില്‍ പറയുന്നു. 10 വയസ്സുള്ള പെണ്‍കുട്ടികളെ സ്കൂളില്‍ പോവാന്‍ അനുവദിക്കാത്ത അവസ്ഥയാണ് ഇപ്പോള്‍ യൂണിഫോമുകള്‍ക്ക് പകരം ശരീരമാകെ മറയുന്ന വസ്ത്രങ്ങള്‍ ധരിച്ച് സ്കൂളുകളില്‍ എത്തണമെന്ന് നിര്‍ബന്ധിക്കുന്നു.
ആരോഗ്യ, മാധ്യമരംഗങ്ങളിലാണ് അഫ്ഗാനിലെ സ്ത്രീകളില്‍ ഏറ്റവുമധികം ജോലിചെയ്യുന്നത്. 20 ശതമാനം വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കാണ് ആറുമാസത്തിനിടെ ജോലി ഉപേക്ഷിക്കേണ്ടി വന്നതെന്നാണ് യു.എന്‍. കണക്ക് പറയുന്നു. ഈ വര്‍ഷം മാത്രം നാലു വനിതാ മാധ്യമപ്രവര്‍ത്തകരാണ് കൊലചെയ്യപ്പെട്ടത്. ജലാലാബാദില്‍ പോളിയോ വാക്സിനേഷന് നല്കുന്ന മൂന്ന് ആരോഗ്യപ്രവര്ത്തരായ സ്ത്രീകളെയാണ് അക്രമികള്‍ 2021 മാര്‍ച്ചില്‍ വെടിവെച്ചുകൊന്നത്.
മുന്നണിയിലും പിന്നണിയിലും വനിതകള്‍ മാത്രമുണ്ടായിരുന്ന ഒരു ടെലിവിഷന്‍ ചാനല്‍ ഉണ്ടായിരുന്നു അഫ്ഗാനില്‍, സാന്‍ ടി.വി. താലിബാനുകീഴില്‍ ഏറ്റവും കൂടുതല്‍ വേട്ടയാടപ്പെട്ടുന്നത് മാധ്യമപ്രവര്ത്തകരാണെന്നിരിക്കേ വനിതാകളായ ഇവരുടെ അവസ്ഥ എന്തായിരിക്കുമെന്നത് ഊഹിക്കാവുന്നതേയുള്ളു.
തൊഴിലെടുക്കാനുള്ള, സ്വന്തമായി സമ്പാദിക്കനുള്ള സ്വാതന്ത്ര്യം താലിബാന് ഭരണത്തിന് കീഴില്‍ സ്ത്രീകള്‍ക്ക് ലഭിക്കുന്നില്ല. കുടില്‍ വ്യവസായമായും വന്‍കിട വ്യാപാരങ്ങളായും സര്‍ക്കാര്‍ ജോലികളിലൂടെയും വനിതകള്‍ നേടിയ സാമ്പത്തിക സമത്വവും സ്വാതന്ത്രവും തച്ചുടയ്ക്കപ്പെട്ടിരിക്കുന്നു. ഇന്ന് ആ വ്യാപാര സ്ഥാപനങ്ങളിലേക്കോ തൊഴിലിടങ്ങളിലേക്കോ പോവാന്‍ അവര്‍ക്ക് അനുമതിയില്ലാ. ദി ഗാര്‍ഡിയനില്‍ അഫ്ഗാനിലെ കാബൂളില്‍ നിന്നുള്ള വിദ്യാര്‍ഥി എഴുതിയ കുറിപ്പ് കണ്ണുനനയിക്കുന്നതാണ്. താലിബാന് വന്നതോടെ പുരുഷന്മാര് അവരെ ലൈംഗിക അടിമകളാക്കുമെന്ന് മുഖത്തുനോക്കി പറയുന്നു.
ചരിത്രത്തില്‍ നിന്ന് മായ്ക്കുന്ന പെണ് മുഖങ്ങള്‍
ടോളോ ന്യൂസിലെ മാധ്യമപ്രവര്ത്തകന് ലോത്ത്ഫുള്ള നജാഫിസാദ പകര്‍ത്തിയ ചിത്രം ലോകം ചര്‍ച്ചചെയ്യുകയാണ്. കാബൂള്‍ നഗരത്തിന്റെ വ്യാപാര സ്ഥാപനത്തിനു മുന്നിലെ മോഡലിന്റെ ചിത്രം മായ്ച്ചുകളയുന്ന താലിബാന്‍കാര്‍. സ്ത്രീകളെ പൊതു ഇടങ്ങളില്‍ നിന്നും ചരിത്രത്തില്‍ നിന്നുതന്നെയും മായ്ച്ചുകളയാന്‍ ശ്രമിക്കുകയാണിവര്‍. താലിബാന് പിടിച്ചെടുത്ത പ്രദേശങ്ങളിലെ സ്ത്രീകളെ വിവാഹത്തിന് നിര്‍ബന്ധിക്കുന്നു എന്ന് വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അഫ്ഗാന് യുവതയില്‍ വലിയൊരു വിഭാഗം താലിബാന്റെ ഭരണത്തിനുകീഴില്‍ ജീവിച്ചുപരിചയമുള്ളവരല്ല. ഭൗതികമായും വിദ്യാഭ്യാസമായും മുന്നേറിയവാരാണവര്. പുതിയ താലിബാന്റെ ഭരണം എങ്ങിനെയായിരിക്കുമെന്ന് അവരുടെ അമ്മമാര്‍ പറഞ്ഞുകൊടുക്കുന്നുണ്ടാവാം. സ്ത്രീത്വത്തിന് വിലയില്ലാത്ത കെട്ടകാലം വീണ്ടും വരുന്നത് പേടിയോടെ നോക്കുന്നുണ്ടാവും. ഏതൊരു യുദ്ധത്തിന്റെയും ഇരകള്‍ സ്ത്രീകളും കുട്ടികളുമാണെന്ന് പറഞ്ഞു പഴകിയ വാക്യം നമ്മുടെ കണ്ടമുന്നില് അഫ്ഗാനിലും സംഭവിക്കുന്നു.
തുടരുന്ന താലിബാന്റെ ഭീഷണികള്‍
സ്ത്രീകള്‍ രക്തബന്ധമുള്ള പുരുഷന്മാര്ക്ക് ഒപ്പമല്ലാതെ മാര്‍ക്കറ്റുകളില്‍ പോവാന്‍ പാടില്ലെന്നാണ് താലിബാന് പറയുന്നത്. അവരുടെ സ്ഥലത്തേക്ക് അവര്‍ പാറിപ്പറന്നിരുന്ന ഇടങ്ങളിലേക്ക് പേടിയുടെ കവചം ധരിച്ച് മാത്രം പോവാന്‍ അനുവദിക്കുന്നത് കൊല്ലുന്നതിന് തുല്യമാണ്. കാലുകള്‍ കാണുന്ന വസ്ത്രം ധരിച്ചതിന് ആക്രമിക്കപ്പെട്ട സ്ത്രീയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ നിറയുകയാണ്. സ്ത്രീകള്‍ നടന്നുപോകുന്ന ശബ്ദം കേള്‍ക്കരുത്. ഹൈ ഹീല്‍സ് ഷൂസ് ധരിക്കരുത്, സ്ത്രീകള്‍ സംസാരിക്കുമ്പോള്‍ ശബ്ദം അപരിചിതര്‍ കേള്‍ക്കരുത്, തെരുവുകളില്‍നിന്ന് നോക്കിയാല്‍ കെട്ടിടത്തിലെ സ്ത്രീകളെ കാണരുത്. താഴെ നിലയിലെയും ഒന്നാം നിലയിലെയും ജനാലകള്‍ അടയ്ക്കണം, സ്ത്രീകള്‍ക്ക് അവരുടെ ചിത്രങ്ങള്‍ എടുക്കുന്നതിനും, പത്രം, പുസ്തകം, കടകള്‍, വീടുകള്‍ എന്നിവയില്‍ പ്രദര്‍ശിപ്പിക്കരുത്, റേഡിയോ, ടിവി, പൊതുപരിപാടികള്‍ എന്നിവയില്‍ പങ്കെടുക്കരുത് തുടങ്ങിയ ഒട്ടേറെ നിയമങ്ങളാണ് താലിബാന് സ്ത്രീകള്‍ക്കായി കൊണ്ടുവന്നത്.
ഇനിയെന്ത്?
അഫ്ഗാന് സ്ത്രീകളുടെ മുന്നില്‍ ഉത്തരമില്ലാത്ത ഒരു ചോദ്യമാണ് ഇനിയെന്ത് എന്നത്. ലോകത്തോട് ഞങ്ങളെ രക്ഷിക്കണമെന്ന് ഈ സ്ത്രീകള്‍ വിലപിക്കുകയാണ്. പക്ഷെ ആ വിലാപങ്ങളൊന്നും ആരുടേയും കാതില്‍ വീഴാന്‍ പോകുന്നില്ല. യാതൊരു ദയയുമില്ലാത്ത കാടന്മാരായ ഒരു കൂട്ടം ഭ്രാന്തന്മാരുടെ ക്രൂരതകളുടെ ഇരയാവാന്‍ പോവുകയാണ് അവര്‍.
Content Highlights: What will happen to the women and girls of Afghanistan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..